Menu

National

കാലവർഷം തകർക്കുന്നു: മോസൻറാമിൽ ഒരു ദിവസം ലഭിച്ചത് 100 സെ.മി മഴ

​ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ മേഘാലയിലെ മോസൻറാമിൽ കഴിഞ്ഞ ദിവസം ലഭിച്ചത് റെക്കോർഡ് മഴ. 24 മണിക്കൂറിനുള്ളിൽ 1003.6 എം.എം മഴയാണ് പ്രദേശത്ത് പെയ്തിറങ്ങിയത്. ജൂൺ മാസത്തിൽ ഇതാദ്യമായാണ് മോസൻറാമിൽ ഇത്രയും മഴ പെയ്യുന്നത്. സമീപപ്രദേശമായ ചിറാപുഞ്ചിയിൽ 972 എം.എം മഴ രേഖപ്പെടുത്തി.

1995 ജൂണിന് ശേഷം ഇതാദ്യമായാണ് ചിറാപുഞ്ചിയിലും ഇത്രയും മഴ രേഖപ്പെടുത്തുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം മോസൻറാമാണ്. ജൂണിൽ ഇത് ആറാം തവണയാണ് ഇത്രത്തോളം മഴ ചിറാപുഞ്ചിയിലും ലഭിക്കുന്നത്.

മേഘാലയയിൽ ഉരുൾപൊട്ടൽ: ദേശീയപാത തകർന്നു

മേഘാലയയിൽ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിൽ കിഴക്കൻ ജെയ്ൻതിയ ജില്ലയിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ. ദേശീയപാത 6 തകർന്നിട്ടുണ്ട്. ഇതോടെ ത്രിപുര, മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കുള്ള ഗതാഗതവും വാർത്താവിനിമയ ബന്ധങ്ങളും തടസപ്പെട്ടു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കൊൻഗകൽ സാങ്മ മഴക്കെടുതികൾ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ നാലു മന്ത്രിമാരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം രാത്രി മേഖലയിൽ കനത്ത മഴയുണ്ടായിരുന്നു.

ചിറാപൂഞ്ചിയിൽ 27 വർഷത്തിനിടെ റെക്കോർഡ് മഴ

27 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തി മേഘാലയയിലെ ചിറാപൂഞ്ചി. ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ ചിറാപൂഞ്ചിയില്‍ 81.16 സെ.മി മഴ ലഭിച്ചു. 1995 ന് ശേഷം ഇത്രയും മഴ ചിറാപൂഞ്ചിയില്‍ ലഭിക്കുന്നത് ഇതാദ്യമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ചിറാപൂഞ്ചിയില്‍ ജൂണില്‍ 75 സെ.മി അധികം മഴ ലഭിച്ച 10 ലേറെ സംഭവങ്ങളുണ്ടായി.

അസമിൽ കനത്ത മഴ ഉരുൾപൊട്ടൽ, നാലു മരണം

കനത്തമഴയെ തുടർന്ന് അസമിൽ ഉരുൾപൊട്ടി നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ മഴയിൽ ഗുവാഹത്തി നഗരം വെള്ളത്തിലായി. ഈ വർഷം അസമിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ഇതുവരെ 42 പേരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതലാണ് അസമിൽ കനത്തമഴയുണ്ടായത്. റോഡുകളിൽ പലയിടത്തും വെള്ളംകയറി. ചിലയിടത്ത് അരയ്‌ക്കൊപ്പം വെള്ളം കയറി. ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളും വെള്ളത്തിൽ മുങ്ങി. രാജസ്ഥാനിൽ ഉൾപ്പെടെ അടുത്ത ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. ജോധ്പൂർ, കോട, അജ്മീർ, ജയ്പൂർ, ബാർമർ മേഖലകളിൽ കഴിഞ്ഞ ദിവസം 13 സെ.മി മഴയാണ് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. മാർക്കറ്റുകളിൽ വെള്ളം കയറി ഭക്ഷ്യ വസ്തുക്കൾ നശിച്ചു. നാളെ മുതൽ ഈ മേഖലയിൽ മഴ കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. കിഴക്കൻ യു.പി മുതൽ മണിപ്പൂർ വരെയുള്ള കിഴക്ക് പടിഞ്ഞാറ് ന്യൂനമർദപാത്തിയാണ് അസം മേഖലയിൽ പേമാരിക്കും പ്രളയത്തിനും കാരണമായത്.

ഡൽഹിയിൽ താപനില കുറഞ്ഞു

പശ്ചിമവാതത്തിന്റെ സ്വാധീനത്താൽ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് മേഖലയിലും അടുത്ത ദിവസങ്ങളിൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഡൽഹിയിൽ ചൊവ്വാഴ്ച താപനിലയിൽ കുറവുണ്ടായി. 31.2 ഡിഗ്രിവരെ താപനിലയെത്തി. എന്നാൽ പലയിടത്തും വായുനിലവാരം മോശമായി തുടരുകയാണ്. 13 ദിവസത്തിനു ശേഷമാണ് ഡൽഹിയിൽ ചൂട് 40 ഡിഗ്രിക്ക് താഴെയെത്തുന്നത്. സഫ്ദർജങ് ഒബ്‌സർവേറ്ററിയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 43.7 ഡിഗ്രി രേഖപ്പെടുത്തിയ ഇവിടെ ഇന്ന് 39.6 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.

ബംഗാളിൽ മഴ തുടരും
അടുത്ത അഞ്ചു ദിവസം കൂടി ബംഗാളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഈ മേഖലയിൽ പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. ബിഹാറിനൊപ്പം ജാർഖണ്ഡ്, ഒഡിഷ മേഖലകളിലും മഴ ശക്തമായി തുടരും. ഇടിമിന്നൽ ശക്തമാകാനും സാധ്യതയുണ്ട്.

ചൂടും ആർദ്രതയും: ബംഗാളിൽ ക്ഷേത്രോത്സവത്തിനിടെ മൂന്നു മരണം

പശ്ചിമ ബംഗാളിൽ ക്ഷേത്രോത്സവത്തിനിടെ കടുത്ത ചൂടും ഉയർന്ന ആപേക്ഷിക ആർദ്രത (humidity) യും മൂലം മൂന്നു പേർ മരിച്ചു. 125 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് 24 പർഗാനസ് ജില്ലയിലെ പനിഹാതിയിലെ ദാന്ധ ഉത്സവത്തിനാണ് ദുരന്തം. മരിച്ചവർ വയോധികരാണ്. സംഭവത്തിൽ മുഖ്യമന്ത്രി മമതാ ബാനർജി നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തെ അവർ അനുശോചനം അറിയിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇവർ മരിച്ചിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഹൂഗ്ലി നദീ തീരത്താണ് ക്ഷേത്രം. ഇവിടെ നിരവധി പേർ തടിച്ചുകൂടിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ജോയിന്റ് കമ്മിഷണർ ദുരുബജ്യോതി ദേ പറഞ്ഞു. എല്ലാവർഷവും ഇവിടെ ഉത്സവം നടക്കാറുണ്ട്. പുരിയിൽ നിന്ന് ചൈതന്യദേവ് എത്തിയ ദിവസത്തെ അനുസ്മരിച്ചാണ് ഉത്സവം നടത്താറുള്ളത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേർ മരിച്ചെന്നാണ് പനിഹാതി മുനിസിപ്പൽ ചെയർമാർ മൂലോയ് റോയ് പറഞ്ഞതെങ്കിലും സർക്കാർ കണക്കിൽ മൂന്നു മരണമാണ് സ്ഥിരീകരിച്ചത്.

മൺസൂൺ ശക്തം; മേഘാലയയിൽ ഉരുൾപൊട്ടലിൽ നാലു മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും തുടരുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും പ്രളയ ഭീതി. മേഘാലയയിൽ കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലിലും നാലു പേർ മരിച്ചു. ഗാരോ കുന്നുകളിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. രണ്ടരവയസുള്ള കുട്ടി ഉൾപ്പെടെ നാലു പേർ ഉരുൾപൊട്ടലിൽപ്പെട്ട് മരിച്ചു. ഇന്ന് രാവിലെയാണ് ഉരുൾപൊട്ടലുണ്ടായത്. ഒരു ഉരുൾപൊട്ടലിൽ അഞ്ചംഗ കുടുംബത്തിലെ മൂന്നു പേർ മരിച്ചു. പിതാവിനെയും മകനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറൻ ഗാരോയിലെ ഗാംബെർജിലാണ് ഉരുൾപൊട്ടൽ. തെക്കുപടിഞ്ഞാറൻ ഗാരോ കുന്നുകളിലെ ബെറ്റാസിങ് മേഖലയിലാണ് മറ്റൊരു ഉരുൾപൊട്ടലുണ്ടായത്. ഇവിടെ രണ്ടരവയസുള്ള ആൺകുട്ടി മരിച്ചു. ബുധനാഴ്ച രാത്രി ഈമേഖലയിൽ കനത്ത മഴ ഉണ്ടായിരുന്നു.

മൺസൂൺ സജീവം, കനത്ത മഴ തുടരും
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൺസൂൺ കഴിഞ്ഞ ആഴ്ചയോടെ എത്തിയിരുന്നു. അസമിലും മേഘാലയിലുമാണ് ചൊവ്വാഴ്ച മുതൽ മഴ ശക്തിപ്പെട്ടത്. ബുധനാഴ്ച രാത്രിയുണ്ടായ അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണമായത്. അടുത്ത അഞ്ചു ദിവസം കൂടി ഈ മേഖലയിൽ മഴ തുടരും. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് ശക്തിപ്പെട്ടതാണ് മഴക്ക് കാരണം. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ചാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം നൽകുന്നത്. ഉത്തർപ്രദേശ്, ചത്തീസ്ഗഢ് മേഖലകളിൽ നിലനിൽക്കുന്ന ന്യൂനമർദപാത്തിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തിപ്പെടുത്തുന്നതിന് കാരണമാണെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. മേഘാലയ, അസം, അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലും അഞ്ചു ദിവസം മഴ ശക്തിപ്പെടും. ബംഗ്ലാദേശിലും കനത്തമഴയും പ്രളയത്തിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ ബംഗ്ലാദേശ് വെതർ ഒബ്‌സർവേഷൻ ടീം അറിയിച്ചു.

ഡ്രോണുകൾ ഉപയോഗിച്ചുള്ള കാലാവസ്ഥാ പ്രവചനത്തിന് IMD

ലോകത്ത് ആദ്യമായി ഡ്രോണുകൾ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമായ ഡാറ്റ ശേഖരിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ ബലൂണുകൾ എന്നറിയപ്പെടുന്ന റേഡിയോ സോണ്ടുകൾക്ക് പകരം സെൻസറുകൾ ഘടിപ്പിച്ച പ്രത്യേക ഡ്രോണുകൾ ഉപയോഗിക്കാനാണ് ഐ.എം.ഡി പദ്ധതിയിടുന്നത്. പരീക്ഷണം വിജയിച്ചാൽ ദിവസം 100 ലേറെ റേഡിയോസോണ്ടുകൾ ഉപയോഗശൂന്യമാകുന്നത് തടയാനാകും. ഇന്ത്യയാണ് ലോകത്ത് ആദ്യമായി അന്തരീക്ഷസ്ഥിതി പഠനത്തിനും നിരീക്ഷണത്തിനും ഡ്രോൺ ഉപയോഗിക്കാനുള്ള പദ്ധതിയെ കുറിച്ച് പഠിക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രൻ ആണ് പരമ്പരാഗത കാലാവസ്ഥാ ബലൂണുകൾക്ക് പകരം കാലാവസ്ഥാ വിവരം തേടാൻ ഡ്രോണുകളെ ഉപയോഗിക്കുമെന്ന് അറിയിച്ചത്. ഇതിനായി സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിക്കാനാണ് പദ്ധതി.

എന്താണ് റേഡിയോ സോണ്ടുകൾ
അന്തരീക്ഷത്തിലെ മർദം, താപനില, കാറ്റിന്റെ ദിശ, വേഗത എന്നിവ കണ്ടെത്താൻ സെൻസറുകൾ ഘടിപ്പിച്ച ഹൈഡ്രജൺ നിറച്ച ബലൂണുകളെയാണ് കാലാവസ്ഥാ ബലൂൺ അഥവാ റേഡിയോസോണ്ടുകൾ എന്നു വിളിക്കുന്നത്. ഇവ ശേഖരിക്കുന്ന വിവരങ്ങൾ റേഡിയോ തരംഗമായി ഭൂമിയിലെ സ്‌റ്റേഷനുകളിലേക്ക് അയക്കും. ഭൗമോപരിതലത്തിൽ നിന്ന് 12 കി.മി ഉയരത്തിൽ വരെ കാലാവസ്ഥാ ബലൂണുകൾ പറത്തിയാണ് വിവരം ശേഖരിക്കുന്നത്. ഈ വിവരങ്ങളാണ് ഗണിതശാസ്ത്ര കാലാവസ്ഥാ പ്രവചന മാതൃകകളിൽ (എൻ.ഡബ്ല്യു.പി) നിന്ന് കാലാവസ്ഥാ പ്രവചനമായി മാറുന്നത്.

55 ലൊക്കേഷനുകളിൽ ഇപ്പോൾ റേഡിയോ സോണ്ടുകൾ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (ഐ.എം.ഡി) രാജ്യത്തെ 550 പ്രദേശത്തെ വെതർ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റയോടൊപ്പം 55 ലൊക്കേഷനുകളിലെ അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ ബലൂണുകളിലെ ഡാറ്റയും ലഭിക്കുന്നുണ്ട്. വിജയകരമാണെന്നു തെളിഞ്ഞാൽ പ്രതിദിനം 100 ലേറെ റേഡിയോ സോണ്ടുകൾ ഇത്തരത്തിൽ ഉപയോഗശൂന്യമാകുന്നതും തടയാനാകും. സാധാരണ റേഡിയോ സോണ്ടുകളുള്ള ബലൂണുകൾ എവിടെയെങ്കിലും തകർന്നു വീഴുകയാണ് പതിവ്. ഇതിനു പകരം ഡ്രോണുകളെ ഉപയോഗിക്കാനാണ് ഐ.എം.ഡി ഉദ്ദേശിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്ന് 5 കി.മി വരെ ഉയരത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് വിവരം ശേഖരിക്കാനാകുമെന്നാണ് ഐ.എം.ഡി കരുതുന്നത്. കാലാവസ്ഥാ നിരീക്ഷണത്തിന് റേഡിയോ സോണ്ടുകളേക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നത് സാമ്പത്തികമായി ലാഭകരമാണ്. എളുപ്പത്തിൽ ഉപയോഗിക്കാം, അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിലെ ഡാറ്റ ഒരേ ഡ്രോൺ ഉപയോഗിച്ച് സ്വീകരിക്കാം എന്നിങ്ങനെയുള്ള ഗുണങ്ങളുമുണ്ട്.
40 മിനുട്ട് പറന്നാൽ ഡ്രോണിന് അന്തരീക്ഷത്തിലെ ഡാറ്റ ശേഖരിക്കാനാകുമെന്നും റേഡിയോ സോണ്ടുകൾക്ക് രണ്ടു മണിക്കൂറേ ഡാറ്റ ശേഖരിക്കാനാകൂവെന്നും ഐ.എം.ഡി പറയുന്നു.

ഡൽഹിയിൽ കനത്ത മഴയും കാറ്റും; ഒരു മരണം, കനത്ത നാശം

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) ഇടിയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ടാണ് മഴയുണ്ടായത്. തെക്ക്, മധ്യ ഡൽഹിയിലാണ് മഴ. താപനില പെട്ടെന്ന് താഴുകയും റോഡുകൾ വെള്ളത്തിലാകുകയും ചെയ്തു. മരങ്ങൾ വീണ് നിരവധി വാഹനങ്ങൾ തകർന്നു. പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. ജുമാ മസ്ജിദ് ഏരിയയിൽ 50 കാരൻ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണ് മരിച്ചു. കനത്ത കാറ്റിൽ എ.സികളും മേൽക്കൂരകളും തകർന്നു. ഇവ പാർക്ക് ചെയ്ത കാറുകൾക്ക് മുകളിൽ വീണ് കാറുകൾ തകർന്നു. റോഡരികിൽ മരം കടപുഴകി ഓട്ടോകളും കാറും തകർന്നു.
സൗത്ത് എക്‌സറ്റൻഷൻ റിങ് റോഡിൽ കനത്ത ഗതാഗത തടസ്സം ഉണ്ടായി. ഹിമാചൽ ഭവന് സമീപം വൻ മരം കടപുഴകി. കസ്തൂർബാ ഗാന്ധി റോഡിലും വൻ മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. സി.ജി.ഒ കോംപ്ലക്‌സിനു സമീപത്തെ നിർമാണം നടക്കുന്ന കെട്ടിടം കാറ്റിലും മഴയിലും തകർന്നു. എട്ട് വിമാനങ്ങൾ ജയ്പൂർ, ലഖ്‌നൗ, ചണ്ഡിഗഢ്, അഹമ്മദാബാദ്, ഡെറാഡൂൺ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടുവെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് താപനില 27.8 ഡിഗ്രിയിലേക്ക് താഴ്ന്നു. മണിക്കൂറിൽ 50 കി.മി വേഗതയിലുള്ള കാറ്റാണ് നഗരത്തിൽ വീശിയത്.

മഹാരാഷ്ട്രയിൽ 37 % കുടിവെള്ളം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് സർക്കാർ

കടുത്ത വേനലിൽ ജലക്ഷാമം നേരിടുന്ന മഹാരാഷ്ട്രയിൽ ജല സംഭരണികളിൽ 37 ശതമാനം വെള്ളം മാത്രമേ സ്റ്റോക്കുള്ളൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ 401 ടാങ്കറുകൾ വെള്ളമെത്തിക്കുമെന്നും അറിയിപ്പിൽ പറയുന്നു. 455 ഗ്രാമങ്ങളിലാണ് ടാങ്കറുകൾ വെള്ളമെത്തിക്കുക. കഴിഞ്ഞ ആഴ്ച മുതൽ 53 ഗ്രാമങ്ങളിൽ കൂടി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. മറാത്ത് വാഡ മേഖലയിലെ 76 അർബൻ സെന്ററുകളിൽ ഏഴിൽ മാത്രമേ ജലവിതരണം സാധാരണ തോതിൽ നടക്കുന്നുള്ളൂവെന്നാണ് ഔംറഗബാദ് ഡിവിഷനൽ കമ്മിഷണർ ഓഫിസിന്റെ റിപ്പോർട്ട്. ചിലയിടത്ത് 15 ദിവസത്തിൽ രണ്ടു തവണയാണ് ജലവിതരണം നടക്കുന്നത്. ജൽന ജില്ലയിൽ 15 ദിവസത്തിൽ ഒരിക്കലാണ് ജലവിതരണം നടക്കുന്നുള്ളൂ. മൺസൂൺ എത്തുന്നതുവരെ ജലക്ഷാമം തുടരുമെന്നാണ വിലയിരുത്തൽ

UAE പൊടിക്കാറ്റ് സൗദിയിലേക്കും ഇന്ത്യയിലേക്കും

യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ പൊടിക്കാറ്റ് സൗദി അറേബ്യയിലേക്കും യമനിലേക്കും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും എത്തുന്നു. അടുത്ത ദിവസങ്ങളിൽ റിയാദ് ഉൾപ്പെടെയുള്ള സൗദിഅറേബ്യൻ നഗരങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ രാജസ്ഥാനിലും പൊടിക്കാറ്റും ചൂടും തുടരും. വടക്കൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് തുടരുകയാണ്. ദുബായ് വിമാനത്താവളത്തിന് സർവീസിനെ ബാധിച്ചില്ലെങ്കിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസിനെ കഴിഞ്ഞദിവസം പൊടിക്കാറ്റ് ബാധിച്ചിരുന്നു. അടുത്തദിവസങ്ങളിൽ മധ്യ കിഴക്കൻ സൗദി അറേബ്യയിലാണ് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളത്. യമനിലും, ഇറാഖിലും, ഇറാനിലും പൊടി കാറ്റിന് സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാൻ പാകിസ്താൻ മേഖലകളിലേക്കും പൊടിക്കാറ്റ് വ്യാപിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണം.