ഭൂമി ഇടിഞ്ഞു താഴുന്നതിനു പിന്നാലെ ഉത്തരാഖണ്ഡിൽ ഭൂചലനവും. 3.8 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാവിലെ ഉത്തരാഖണ്ഡിൽ അനുഭവപ്പെട്ടത്. നാഷനൽ സെന്റർ ഫോർ സീസ്മോളജിയും ഇക്കാര്യം സ്ഥിരീകരിച്ചു. രാവിലെ 8.58 ന് പിതോരഗ്രയിൽ നിന്ന് 23 കി.മി അകലെയാണ് ഭൂചലനമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം.
കഴിഞ്ഞ ഡിസംബറിലും ഉത്തരകാശിയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ജോഷിമഠിലും പരിസരത്തും ഭൂമി ഇടിഞ്ഞു താഴുന്ന സാഹചര്യത്തിൽ ചെറു ഭൂചലനങ്ങൾ പോലും പ്രദേശത്ത് ഭീതിദമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യൻ ടെക്ടോണിക് പ്ലേറ്റ് ഹിമാലയൻ മേഖലയിൽ യൂറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നതാണ് ഈ മേഖലയിൽ ഭൂചലനത്തിന് കാരണം. നാഷനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകളില്ല.
പശ്ചിമവാതം (western disturbance) ദുർബലമാകുന്നതോടെ ദേശീയ തലത്തിലും കാലാവസ്ഥയിൽ മാറ്റംവരുന്നു. 2 ഡിഗ്രി വരെ കുറഞ്ഞ താപനില രേഖപ്പെടുത്തിയ ഡൽഹിയിൽ വീണ്ടും കുറഞ്ഞ താപനില രണ്ടക്കത്തിലേക്ക് ഉയരും. അടുത്തയാഴ്ച മഴക്കും സാധ്യതയുണ്ട്.
ഈ മാസം 23 ന് ശേഷമാണ് ഡൽഹിയിൽ മഴക്ക് സാധ്യതയുള്ളത്. മഴയോടെ താപനില ഉയർന്നു തുടങ്ങും. അതേസമയം, ഹിമാലയൻ മേഖലയിൽ പശ്ചിമവാതം ശക്തമായി തുടരുന്നതിനാൽ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മിർ, ലഡാക്ക്, ഗിൽജിത് ബാൾടിസ്ഥാൻ, മുസാഫറാബാദ് എന്നിവിടങ്ങളിൽ 22 വരെ മഞ്ഞു വീഴ്ചയുണ്ടാകും.
വടക്കൻ പഞ്ചാബിലും ഹരിയാനയിലും ചണ്ഡിഗഡിലും, ഡൽഹിയിലും ഇന്നും നാളെയും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്.
പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, വടക്ക് രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 23 നും 26 നും ഇടയിൽ മഴ സാധ്യതയുണ്ട്.
ഒഡിഷ, അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ അടുത്ത മൂന്നു ദിവസം മൂടൽമഞ്ഞു ശക്തമാകും. വടക്കുപടിഞ്ഞാറ് ഇന്ത്യയിൽ കുറഞ്ഞ താപനില രണ്ടു ഡിഗ്രി ഉയരും. മധ്യപ്രദേശിൽ മൂന്നു മുതൽ 5 ഡിഗ്രിവരെ താപനില ഉയരും. കിഴക്കൻ ഇന്ത്യയിൽ 2 നും 4 നും ഇടയിൽ കുറഞ്ഞ താപനില ഉയരും. മഹാരാഷ്ട്രയിൽ അടുത്ത അഞ്ചു ദിവസം 5 ഡിഗ്രി വരെ കുറഞ്ഞ താപനില ഉയരും.
ഊട്ടി • ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. താഴ്ന്ന സ്ഥലങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലെത്തി. തലക്കുന്ത, എച്ച്പിഎഫ്, കുതിരപ്പന്തയ മൈതാനം, ബോട്ട് ഹൗസ്, റെയിൽവേ സ്റ്റേഷൻ, എച്ച്എഡിപി മൈതാനം, കാന്തൽ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മഞ്ഞുമൂടിയ നിലയിലാണ്. മഞ്ഞുവീഴ്ച ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കൂനൂർ, വെല്ലിങ്ടൺ തുടങ്ങിയ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടരുന്നുണ്ട്. വരുംദിവസങ്ങളിൽ മഞ്ഞു കൂടുമെന്നാണു കരുതുന്നത്.
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ഇന്ന് ഏറ്റവും കുറഞ്ഞ താപനിലയായ 2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയും ശരാശരിയേക്കാൾ അഞ്ച് ഡിഗ്രി കുറവുമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പശ്ചിമവാതത്തെ തുടർന്ന് ഉത്തരേന്ത്യയിൽ അതിശൈത്യം വരാനിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ്ബീറ്റ് വെതർ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 5.30ന് 25 മീറ്ററായിരുന്നു ദൃശ്യപരത. മൂടൽമഞ്ഞ് കാരണം 36 ട്രെയിനുകൾ ഒന്നു മുതൽ ഏഴു മണിക്കൂർ വരെ വൈകിയതായി റെയിൽവേ അറിയിച്ചു. ഉത്തരേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അടുത്ത നാലു ദിവസം കൂടി അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു.
പോയവർഷം ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമെന്ന് കണക്കുകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. കാലാവസ്ഥാ വകുപ്പ് കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയ 1901 മുതലുള്ള രേഖകൾ പരിശോധിച്ചതിൽ നിന്നാണിത്. കനത്ത ചൂടിനോടൊപ്പം അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, വരൾച്ച തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞവർഷം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1981-2010 കാലയളവിലെ വാർഷിക ശരാശരി കര ഉപരിതല വായുവിന്റെ താപനിലയേക്കാൾ 2022ൽ ശരാശരി താപനില 0.51 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. എന്നാൽ, 2016 ലേതിനേക്കാൾ ചൂട് കുറവായിരുന്നു 2022. അന്ന് ശരാശരി താപനില 0.71 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.
2022 ലെ ശൈത്യകാലത്ത് (ജനുവരി മുതൽ ഫെബ്രുവരി വരെ) താപനില സാധാരണനിലയിലായിരുന്നുവെന്നും കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നു. മൺസൂണിന് മുമ്പുള്ള മാസങ്ങളിൽ (മാർച്ച് മുതൽ മെയ് വരെ) താപനില മുൻവർഷങ്ങളിലെ ശരാശരിയേക്കാൾ കൂടുതലായിരുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൂട് കഴിഞ്ഞ വർഷങ്ങളിൽ കൂടുന്നുണ്ട്.
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദം സമാന ശക്തിയിൽ തുടരുന്നു. ഇത് അടുത്ത 12 മണിക്കൂറിൽ വീണ്ടും ശക്തിപ്പെട്ട് വെൽ മാർക്ഡ് ലോ പ്രഷർ ആയി മാറും. തുടർന്ന് വടക്കു പടിഞ്ഞാറൻ ദിശയിൽ ശ്രീലങ്കൻ തീരം ലക്ഷ്യമാക്കി നീങ്ങും.
അതിനിടെ, അറബി കടലിൽ കഴിഞ്ഞ ദിവസം രൂപംകൊണ്ട മന്ദൂസ് ചുഴലിക്കാറ്റിന്റെ ശേഷിപ്പായ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദം ആയി മാറി. ഇത് മധ്യ കിഴക്കൻ അറബി കടലിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഗോവയിൽ നിന്ന് ഏകദേശം 700 കി.മീ ഉം ഒമാനിലെ സലാലയിൽ നിന്ന് 1400 കി.മീ ഉം അകലെയാണ്. അടുത്ത 12 മണിക്കൂർ കൂടി ഈ സിസ്റ്റവും സമാന ശക്തിയിൽ തുടരും .
കേരളത്തിലെ മഴ സാധ്യത
കേരളത്തിൽ ചൊവ്വാഴ്ച വരെ മഴ വിട്ടു നിൽക്കും. മികവാറും ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും. അതിന് ശേഷം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മഴ തിരികെ എത്താൻ കാരണമാകും. കൂടുതലും തെക്കൻ കേരളത്തിനാണ് മഴ സാധ്യത. ന്യൂനമർദത്തിന്റെ ട്രാക്ക് അനുസരിച്ച് മഴ സാധ്യതയിൽ മാറ്റം ഉണ്ടാകും. ഞങ്ങളുടെ അപ്ഡേഷൻ ശ്രദ്ധിക്കുക.
മന്ദൂസ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ നാലു മരണം. ഇന്ന് രാവിലെ അതിതീവ്ര ന്യൂനമർദമായി ശക്തി കുറഞ്ഞ മന്ദൂസ് ഉച്ചയോടെ വീണ്ടും ശക്തികുറഞ്ഞ് തീവ്ര ന്യൂനമർദമായി. നാളെയോടെ വീണ്ടും ശക്തി കുറഞ്ഞ് വെൽമാർക്ഡ് ലോ പ്രഷറാകും. വടക്കൻ തമിഴ്നാട്ടിൽ വെല്ലൂരിന് സമീപമാണ് മന്ദൂസ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 09 കി.മി വേഗതയിലാണ് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങുന്നത്.
മുൻകരുതൽ ആഘാതം കുറച്ചു
ചെന്നൈയിൽ 11.5 സെ.മി മഴയാണ് മന്ദൂസിനെ തുടർന്ന് ലഭിച്ചത്. 400 മരങ്ങൾ കടപുഴകി. 70 കി.മി വേഗതയിലാണ് മന്ദൂസ് കരകയറിയത്. കാശിമേട് മേഖലയിലാണ് കൂടുതൽ നാശനഷ്ടം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്ഥിതിഗതികൾ വിലയിരുത്തി. അത്യാധൂനിക മുന്നൊരുക്കം മൂലമാണ് നാശനഷ്ടങ്ങളും ആളപായവും കുറയ്ക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളെ എങ്ങനെ മാനേജ് ചെയ്യാനാകുമെന്ന് ഈ സർക്കാർ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
കരകറാൻ തുടങ്ങിയത് 11.30 ന്
മഹാബലി പുരം വഴി മന്ദൂസ് കരകയറാൻ തുടങ്ങിയത് ഇന്നലെ രാത്രി 11.30 നാണ്. പുലർച്ചെ 1.30 ഓടെ കരകയറൽ പൂർത്തിയായി. ഇതിനിടെ 70 കി.മി വേഗത്തിലുള്ള കാറ്റ് ചെങ്കൽപട്ട് മേഖലയിലും മറ്റും നിരവധി മരങ്ങൾ വീഴ്ത്തിയിരുന്നു. മഹാബലിപുരത്തിനു സമീപത്തെ കോവളത്ത് ബോട്ടുകൾക്ക് കേടുപാടുണ്ടായി. താൽക്കാലിക കടകളും തകർന്നു. മേൽക്കൂര പറന്നുപോയി. നാശനഷ്ടം സംബന്ധിച്ച് ഫിഷറീസ്, റവന്യൂ വകുപ്പുകൾ വിലയിരുത്തുന്നുണ്ടെന്ന് കോവളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ തങ്കം പറഞ്ഞു.
വിമാനങ്ങൾ റദ്ദാക്കി
മന്ദൂസ് കരകയറുന്നതിനു മുൻപ് 13 ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ റദ്ദാക്കിയിരുന്നു.
മന്ദൂസ് തീവ്ര ചുഴലിക്കാറ്റ് എന്നറിയപ്പെടും
ഒരു ഘട്ടത്തിൽ ശക്തി തീവ്രചുഴലിക്കാറ്റായതിനാൽ മന്ദൂസ് ആ ഗണത്തിലാണ് ഉൾപ്പെടുക. മണിക്കൂറിൽ 89-117 കി.മി വേഗത്തിലെത്തുമ്പോഴാണ് തീവ്ര ചുഴലിക്കാറ്റാകുക. പിന്നീട് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി. മണിക്കൂറിൽ 62-88 കി.മി വേഗതയുള്ളപ്പോഴാണ് ചുഴലിക്കാറ്റായി അറിയപ്പെടുക. കാറ്റിന്റെ വേഗത 222 കി.മി ലും കൂടുമ്പോഴാണ് ഏറ്റവും ശക്തിയുള്ള സൂപ്പർ സൈക്ലോൺ ആകുക.
ഒരുക്കിയത് വൻ സുരക്ഷാ സന്നാഹം
ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം 10 ജില്ലകളിൽ നിലയുറപ്പിച്ചിരുന്നു. 5000 ദുരിതാശ്വാസ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ തുറന്നു. ചെങ്കൽപ്പട്ട് ജില്ലയിൽ 28 കേന്ദ്രങ്ങളിലായി 1,058 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ആന്ധ്രയിലും കനത്ത മഴ
തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിൽ കനത്ത മഴ ലഭിച്ചു. തിരുപ്പതി ജില്ലയിലെ നായ്ഡുപേട്ടയിൽ ആണ് ഏറ്റവും കുടുതൽ മഴ ലഭിച്ചത്. 28.1 സെ.മി. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.