ബിപർജോയ് ചുഴലിക്കാറ്റ് സൗരാഷ്ട്ര-കച്ച് മേഖലയെ കേന്ദ്രീകരിച്ച് വടക്ക് കിഴക്കോട്ട് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
വൈകുന്നേരത്തോടെ ദക്ഷിണ രാജസ്ഥാനിൽ ഒരു ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് ഐ എം ഡി.
രാജസ്ഥാനിൽ വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അധികൃതർ പറഞ്ഞു.
രാജസ്ഥാനിലെ ബാർമർ, ജലോർ, ജയ്‌സാൽമീർ, സിരോഹി, ജോധ്പൂർ, പാലി, സമീപ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിൽ കനത്ത നാശനഷ്ടം സൃഷ്ടിച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഭാവ്‌നഗർ ജില്ലയില്‍ ഒരു കുടുംബത്തിലെ രണ്ട് പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആടുകളെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. 23 പേർക്ക് പരിക്കേറ്റു.
കച്ചിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി, ഗതാഗതം എന്നിവ പുനഃസ്ഥാപിക്കാനുള്ള നടപടികൾ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി പറഞ്ഞു. സൗരാഷ്ട്ര-കച്ച് മേഖലകളിൽ കനത്ത കാറ്റും മഴയും തുടരുകയാണ്.
23 മൃഗങ്ങൾ ചത്തു. 524 മരങ്ങൾ കടപുഴകി വീണു.വൈദ്യുത തൂണുകൾ വീണതിനെ തുടർന്ന് ഗുജറാത്തിലെ 940 ഗ്രാമങ്ങളിൽ വൈദ്യുതിവിതരണം പൂര്‍ണമായും തടസപ്പെട്ടു. അതേസമയം ബിപോര്‍ജോയിയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.