കോഴിക്കോട്: നാടിന്റെ ജീവനാഡിയായ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നത് പ്രധാന കടമയായി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൈവവൈവിധ്യ സംരക്ഷണം ഔദ്യോഗിക തലത്തിൽ മാത്രം ഒതുങ്ങിപോകാതെ ഒരു ജനകീയ യജ്ഞമായി ഏറ്റെടുക്കേണ്ട പ്രവർത്തിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവ വൈവിധ്യ പരിപാലന സമിതികളും ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജൈവ വൈവിധ്യ പരിപാലന സമിതികൾ രൂപീകരിച്ചിട്ടുള്ള ആദ്യ സംസ്ഥാനമാണ് കേരളം. പാരിസ്ഥിതിക ശോഷണം ഒഴിവാക്കുന്നതിന് പ്രാദേശിക പരിസ്ഥിതി ട്രാവൽ സംഘം ആയാണ് ഈ സമിതികൾ പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതിനോടകം തന്നെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററുകൾ പൂർത്തീകരിച്ചിട്ടുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സൂചകങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക തല കർമപദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ഉപാധിയാണിവ. കാലാനുസൃതമായി ജൈവവൈവിധ്യ രജിസ്റ്ററുകൾ അപ്ഡേറ്റ് ചെയ്യാൻ ജൈവവൈവിധ്യ ബോർഡ് മുൻകൈയെടുക്കണം. അതോടൊപ്പം കേരളത്തിന്റെ ആവാസ വ്യവസ്ഥകൾക്ക് കടുത്ത ഭീഷണിയായി നിലനിൽക്കുന്ന അധിനിവേശ ജീവജാലങ്ങളുടെ നിയന്ത്രണങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും താമസമില്ലാതെ തുടക്കം കുറിക്കാൻ ആകണം. ഇത്തരത്തിൽ പ്രാദേശികമായി ലഭ്യമായി കൊണ്ടിരിക്കുന്ന ജൈവവൈവിധ്യ വിഭവങ്ങൾ, അവയിൽനിന്നുള്ള മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഇവയെല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക ജനങ്ങളുടെ ജീവിതോപാധി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ചായിരിക്കണം ഈ കോൺഗ്രസ് ചർച്ച ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൈവ സമ്പത്തിന്റെ ഭാഗമായ ഔഷധസസ്യങ്ങളെ കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നത് ഔഷധ നിർമ്മാണ മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഒരുപോലെ മുതൽക്കൂട്ടാകും. മാത്രമല്ല വാണിജ്യ അടിസ്ഥാനത്തിൽ ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കാനായാൽ തൊഴിൽ സാധ്യതയും ഉറപ്പു നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തനത് ജൈവവൈവിധ്യത്തിൽ ഊന്നിയ പരമ്പരാഗത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർ ധാരാളമുള്ള സംസ്ഥാനം കൂടിയാണ് കേരളം.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം ഇത്തരത്തിലുള്ള തൊഴിലാളികൾ ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവണത കാണുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഒരു കർമ്മ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൈവവൈവിധ്യത്തിൽ അധിഷ്ഠിതമായ മൂല്യ വർധിത വസ്തുക്കളുടെ നിർമ്മാണം ഇപ്പോൾ കുടുംബശ്രീ മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. നമ്മുടെ നാടിന്റെ തനത് സമ്പത്തുകളായ ഭക്ഷ്യയോഗ്യമായ പഴങ്ങൾ, ഇലകൾ,കിഴങ്ങുകൾ തുടങ്ങിയവയുടെ സാധ്യതകൾ ഉറപ്പുവരുത്താനാകണം. കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് ഇവ നൽകുന്ന ഊർജ്ജം ചെറുതല്ല. മത്സ്യ സമ്പത്തിന്റെ സംരക്ഷണത്തിൽ അവയുടെ പ്രജനനവും വിൽപ്പനയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കോൺഗ്രസിൽ ഉരിത്തിരിഞ്ഞു വരുന്ന ഇത്തരത്തിലുള്ള ആശയങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർമ്മപരിപാടികൾ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മ പദ്ധതി
‘കാർഷിക ജൈവവൈവിധ്യ
സംരക്ഷണം’എന്ന കേരള പുനർ നിർമ്മാണ പദ്ധതിയുടെ പൂർത്തീകരണ റിപ്പോർട്ട് എന്നിവയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. കൺസർവേഷൻ ആൻഡ് സസ്റ്റൈനബിൾ യൂട്ടിലൈസേഷൻ റിസോഴ്സസ് എന്ന പുസ്തകം മേയർ ഡോ. ബീന ഫിലിപ്പിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
തുറമുഖം, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായിരുന്നു. ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ മാത്രമേ സുസ്ഥിരവികസനം സാധ്യമാവുകയുള്ളൂ എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ശാശ്വതമായ വികസനത്തിന് പരിസ്ഥിതിയെ കൂടി പരിഗണിക്കണം. ഓരോ ജൈവമണ്ഡലങ്ങളിലുമുള്ള ജീവജാലങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ പ്രാധാന്യവും മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞു.
ജൈവ വൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടം കേരളത്തെ സംബന്ധിച്ചു വലിയൊരു വരദാനമാണ്. ജൈവ വൈവിധ്യ സമ്പത്തിനും സുഗമമായ കാലാവസ്ഥയ്ക്കും പ്രകൃതി സൗന്ദര്യത്തിനും നാം സഹ്യാദ്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളിലൂടെ ജൈവ വൈവിധ്യ സംരക്ഷണ പാഠങ്ങൾ മുതിർന്നവരിലേക്കും അതുവഴി ഒരു സമൂഹത്തിലേക്കും എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനാണ് ജൈവ വൈവിധ്യ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. ജൈവ വൈവിധ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും വികസനത്തിന്റെ ഭാഗം തന്നെയാണ്. സന്തുലിതമായ വികസനം സാധ്യമാകുന്നത് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നിടത്താണെന്നും മന്ത്രി പറഞ്ഞു. 2018ലെ പ്രളയത്തിനുശേഷം കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ഡിസൈൻ നയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പരിസ്ഥിതിയെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും ഈ നയത്തിന് രൂപം കൊടുക്കുകയെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ഡൈവേഴ്സിറ്റി സർക്യൂട്ട് തയ്യാറാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം കൂടി ഉൾപ്പെടുത്താൻ പ്രത്യേകം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കടലാമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോയുടെ പ്രകാശനം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിക്ക് കൈമാറിക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
കെ.എസ്.ബി.ബി മെമ്പർമാരായ ഡോ. കെ. സതീഷ്കുമാർ, ഡോ. ടി.എസ് സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹനൻ, പ്രമോദ് ജി കൃഷ്ണൻ, കെ.എസ്.ബി.ബി മെമ്പർ സെക്രട്ടറി ഡോ. എ.വി. സന്തോഷ്കുമാർ സംഘാടക സമിതി വൈസ് ചെയർമാനും കോഴിക്കോട് ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലുമായ ഡോ.എടക്കോട്ട് ഷാജി തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ്ജ് തോമസ് സ്വാഗതവും കെ.എസ്.ബി.ബി മെമ്പർ കെ.വി. ഗോവിന്ദൻ നന്ദിയും പറഞ്ഞു.
ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക പ്രവർത്തകർ, കർഷകർ, കലാസാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധി ശിൽപശാല, ജൈവവൈവിധ്യ സാങ്കേതിക സംഘങ്ങളുടെ മേഖല സംഗമം, സംരക്ഷക കർഷകരുടെ സംഗമം എന്നിവ വിവിധ വേദികളിലായി നടന്നു. ‘സ്ത്രീശാക്തീകരണം ജൈവവൈവിധ്യ സംരക്ഷണവും ജീവനോപാധിയും’ എന്ന വിഷയത്തിലൂന്നിയ സിമ്പോസിയവും സംഘടിപ്പിച്ചു. നാളെ ഫെബ്രുവരി 20ന് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനം നടക്കും. ജൈവവൈവിധ്യ കോൺഗ്രസ് നാളെ (ഫെബ്രുവരി 20) സമാപിക്കും. പ്രവേശനം സൗജന്യമാണ്.