ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ മൂൺ ബുധൻ ദൃശ്യമാകും. ജൂലൈ 4 ന് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന അഫലിയോൺ പ്രതിഭാസത്തിനു ശേഷമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂൺ എന്നു വിളിക്കുന്നത്. ബുധനാഴ്ച അർധരാത്രി 2.07 മുതൽ സൂപ്പർമൂൺ കാണാനാകും. ഏറെ ശോഭയോടെ വലിയ ചന്ദ്രനാണ് സൂപ്പർ മൂണിന്റെ പ്രത്യേകത. ബുധനാഴ്ച സൂപ്പർമൂൺ സംഭവിക്കുമ്പോൾ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,264 കി.മി അകലെയായിരിക്കും. കഴിഞ്ഞ ജൂൺ 14 ന് സൂപ്പർ മൂൺ ഉണ്ടായിരുന്നു. അന്ന് 3,63,300 കി.മി അകലെയായിരുന്നു ചന്ദ്രൻ. അതായത് ഇത്തവണ കൂടുതൽ വലിപ്പത്തിലും തെളിച്ചത്തിലും ചന്ദ്രനെ കാണാൻ കഴിയും എന്നർഥം. ഇത്തവണ മൂന്നു ദിവസം പൂർണ ചന്ദ്രനെ കാണാനാകും. ചൊവ്വാഴ്ച പുലർച്ചെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ പൂർണ ചന്ദ്രനുണ്ടാകും.
2023 ജൂലൈ മൂന്നിനാകും അടുത്ത സൂപ്പർ മൂൺ ദൃശ്യമാകുക. 1979 ൽ റിച്ചാർഡ് നോളെ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൂപ്പർ മൂൺ എന്ന പേര് ഉപയോഗിച്ചത്. ദീർഘവൃത്താകൃതിയിലാണ് ചന്ദ്രന്റെ ഭ്രമണപഥം. സാധാരണ ഭൂമിയിൽ നിന്ന് 4,05, 500 കി.മി അകലെയാണ് സ്ഥാനം.