ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്കം. ബെല്ലൻഡൂരിലെ ഐടി സോൺ ഉൾപ്പെടെയുള്ളിടങ്ങളിൽ വെള്ളം കയറി. നഗരത്തിന്റെ വടക്കുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 എംഎം മഴ പെയ്തുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു ദിവസത്തേക്ക് ബെംഗളൂരുവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാൻഹോളുകളിലേക്കും ബേസ്മെന്റ് പാർക്കിങ്ങുകളിലേക്കും വെള്ളം ഒഴുകുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധിപ്പേരുടെ വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഓഫിസിൽ പോയവർക്ക് തിരികെ വീട്ടിലെത്തുന്നതിൽ മഴ മൂലം ബുദ്ധിമുട്ടുണ്ടായി.
ബെംഗളൂരുവിലെ തിരക്കേറിയ സമയമായ ഏഴരയോടെയായിരുന്നു മഴ പെയ്തത്.കഴിഞ്ഞ മാസവും മൂന്നു ദിവസം നിന്നുപെയ്ത മഴയിൽ അപ്രതീക്ഷിത പ്രളയം ഉണ്ടായിരുന്നു. സ്കൂളുകൾ അടച്ചു. പല കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിമാനഗതാഗത്തെയും മഴ ബാധിച്ചു.