തക്കാളി വില കുത്തനെ ഉയർത്തിയത് പ്രതികൂല കാലാവസ്ഥയോ?
തക്കാളി വില കുതിച്ചുയരാൻ വില്ലൻ ആയത് പ്രതികൂല കാലാവസ്ഥ. ഓരോ ദിവസം കഴിയുന്തോറും തക്കാളി വില കുതിച്ചുയരുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ വിള നശിച്ചതും വിതരണ ശൃംഖല നേരിടുന്ന തടസങ്ങളുമാണ് വിലക്കയറ്റത്തിനു വഴിവച്ചതെന്ന് വ്യാപാരികൾ.
കൊടുംചൂടിൽ വിളകൾ നശിച്ചതും, ഇത്തവണ മഹാരാഷ്ട്രയിൽ പ്രതീക്ഷിച്ചതിനു മുൻപേ കാലവർഷം എത്തിയതും കാർഷികവിളകൾ നശിക്കുന്നതിന് ഒരു കാരണമായി. കൂടാതെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ കടന്നതും കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കർണാടകയിൽ കീടങ്ങളുടെ ആക്രമണമാണ് കൃഷിയെ ബാധിച്ചതെങ്കിൽ, തമിഴ്നാട്ടിൽ മഴക്കെടുതിയാണ് കൃഷിയെ ബാധിച്ചത്.
തമിഴ്നാട്ടിലെ മധുരയില്‍ ഏപ്രിലില്‍ 15 കിലോ തക്കാളിക്ക് (ഒരു പെട്ടി) 100-150 രൂപയായിരുന്നെങ്കില്‍ ഇപ്പോൾ വില 900-1,000 രൂപ വരെയാണ്. ഇതോടെ കേരളത്തിലും വില കുത്തനെ ഉയരുകയാണ്. 30 -35 രൂപ വരെ ഉണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 80 മുതൽ 100 വരെയാണ് പല സ്ഥലങ്ങളിലും വില. തക്കാളിക്ക് മാത്രമല്ല മിക്ക പച്ചക്കറികൾക്കും കേരളത്തിൽ വിലകുത്തനെ ഉയരുകയാണ്. ഒട്ടുമിക്ക പച്ചക്കറികൾക്കും ശരാശരി 50 രൂപയ്ക്ക് മുകളിലാണ് വില.
പടവലം, പാവക്ക, വഴുതന, കിഴങ്ങ്, ബീന്‍സ്, കാപ്സിക്കം, വെള്ളരി, സവാള, ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, അച്ചിങ്ങ, ബീറ്റ്‍റൂട്ട്, വെണ്ടക്ക തുടങ്ങിയവ കിലോയ്ക്ക് 60 മുതല്‍ 240 രൂപവരെ നിലവാരത്തിലാണ് ചില്ലറ വ്യാപാരം. 25 സവാള ഇപ്പോൾ 50 കടന്നു. 160-170 രൂപയിൽ നിന്നിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 240 രൂപയാണ് വില. 80 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 220 രൂപയായി. മുരിങ്ങ, മല്ലിയില എന്നിവയ്ക്കും 200 നു മുകളിലാണ് വില. 20 രൂപയുണ്ടായിരുന്ന വെണ്ടയ്ക്കുപോലും ഇപ്പോൾ 60 രൂപയാണ്.
പച്ചക്കറികള്‍ക്ക് മാത്രമല്ല അരി, ഉഴുന്ന്, പയര്‍, കടല ഉൾപ്പെടെ ധാന്യങ്ങള്‍ക്കും വില 90-180 രൂപ ആണ് . ട്രോളിങ് നിരോധനം മൂലം മത്സ്യവിലയും കൂടി. ട്രോളിങ് നിരോധനത്തിന് മുൻപ് 180-200 രൂപയായിരുന്ന മത്തിക്ക് വില 380-400 രൂപ വരെയായി. അയല, വറ്റ, കൊഴുവ, കരിമീന്‍, ചെമ്മീന്‍, ആവോലി എന്നിവയ്ക്കും വില വന്‍തോതില്‍ കൂടി. ആവോലിക്ക് ശരാശരി വില കിലോയ്ക്ക് ഇപ്പോൾ 1,000 രൂപയായി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.