australia weather 23/02/24: ആസ്‌ത്രേലിയയില്‍ അന്തരീക്ഷച്ചുഴി: കനത്തമഴ തുടരും; പ്രാദേശിക പ്രളയ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റില്‍ ശക്തമായ മഴയും ഇടിമിന്നലും അടുത്ത 24 മണിക്കൂര്‍ തുടരും. അന്തരീക്ഷച്ചുഴിയെ തുടര്‍ന്നാണ് മഴ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് കൂടുതല്‍ മഴ സാധ്യത. ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ഏജന്‍സിയായ ബ്യൂറോ ഓഫ് മീറ്റിയോറോളജിയും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 30 മുതല്‍ 40 കി.മി വേഗതയിലുള്ള കാറ്റും മഴയുമാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റ് പലയിടങ്ങളും നാശനഷ്ടമുണ്ടാക്കി. ചിലയിടത്ത് ആലിപ്പഴ വര്‍ഷവുമുണ്ടായി. ക്യൂന്‍സ്‌ലന്റ് വടക്ക് നോര്‍ത്ത് ട്രോപിക്കല്‍ കോസ്റ്റ്, ടേബിള്‍ലാന്റ്‌സ് എന്നീ മേഖലകളില്‍ മലവെള്ളപ്പാച്ചില്‍ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
അന്തരീക്ഷച്ചുഴി (upper air circulation- UAC) ആണ് മഴക്ക് കാരണം. ഈര്‍പ്പമുള്ള വായുപ്രവാഹം അന്തരീക്ഷച്ചുഴിയിലേക്ക് പ്രവഹിക്കുന്നാണ് മഴക്കും ഇടിമിന്നലിനും കാരണം. നോര്‍ത്ത് ട്രോപിക്കല്‍ തീരത്ത് ഉപരിതല ന്യൂനമര്‍ദ പാത്തിയും നിലകൊള്ളുന്നു. ഇത് തുടര്‍ച്ചയായ മഴക്ക് കാരണമാകും. യെരാബ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയത്തിനു സാധ്യതയുണ്ട്.