അപ്രതീക്ഷിത പേമാരി, ഉരുൾപ്പൊട്ടൽ, 75 വീടുകൾ ഒലിച്ചു പോയി
അരുണാചൽ പ്രദേശിൽ അപ്രതീക്ഷിത മഴയിലും ലഘു മേഘ വിസ്ഫോടനത്തിലും കനത്ത നാശനഷ്ടം. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി വീടുകളിൽ മണ്ണും ചെളിയും ഒഴുകിയെത്തി. കാലവർഷം എത്തുന്നതിന്റെ മുന്നോടിയായാണ് ശക്തമായ മഴ പെയ്തത്. നേരത്തെ മേഘ വിസ്ഫോടനം ഉണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നു എങ്കിലും കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചില്ല.
ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് ഇന്നലെ മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ മഴയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച മഴ പ്രവചനം ഉണ്ടായിരുന്നില്ല. 75 വീടുകൾ പൂർണമായും തകർന്നു. തറാ ജൂലി, പാപു നല്ലാഹ് എന്നീ ഗ്രാമങ്ങളിൽ 70 വീടുകൾ തകർന്നു.
കനത്ത പേമാരിയിൽ വലിയ തോതിൽ കൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ അരുണാചൽ പ്രദേശിൽ ശക്തമായ മഴ പെയ്തിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി മഴ കുറഞ്ഞിരുന്നു.
അപ്രതീക്ഷിതമായാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കനത്ത മഴ പെയ്തത്. ദേശീയ പാത 415 ൻ്റെ പല ഭാഗങ്ങളിലും പ്രളയ സമാനമായ രീതിയിൽ വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങൾ ദേശീയപാതയിൽ കുടുങ്ങി.
കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നു മറ്റും ജനങ്ങളെ മാറ്റി താമസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു. മലയോര മേഖലകളിൽ മഴ ശക്തി പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇറ്റാനഗർ മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും ചേർന്നാണ് പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരന്തം ഉണ്ടായ മേഖലകളിൽ മലയിടിക്കുന്നതിനും ഖനനം ചെയ്യുന്നതിനും നേരത്തെ ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.