മഴക്കാലം ഇങ്ങെത്തി, മഴക്കാലം എല്ലാവർക്കും പ്രിയപ്പെട്ടതാണെങ്കിലും മഴക്കാലത്ത് ദുഷ്കരമായ ഒരു കാര്യമാണ് റോഡിലൂടെ വാഹനം ഓടിക്കുക എന്നത്. റോഡിലെ വഴുക്കൽ, വെള്ളക്കെട്ടുകൾ, തുറന്നിരിക്കുന്ന ഓടകൾ, മാൻ ഹോളുകൾ തുടങ്ങി അപകടമുണ്ടാക്കുന്ന നിരവധി കാര്യങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ട്. അതുകൊണ്ടുതന്നെ മഴക്കാല ഡ്രൈവിങ്ങിൽ നാം ഓരോരുത്തരും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
ഇത് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് മാത്രമുള്ള കാര്യമല്ല വാഹനം ഓടിക്കുന്നവരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് റോഡ് സൈഡിലൂടെ നടക്കുന്ന ഓരോ വ്യക്തിയും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്. വെള്ളം നിറഞ്ഞിരിക്കുന്ന റോഡിലൂടെ നടക്കുമ്പോൾ റോഡിലെ കുഴി നമുക്ക് അറിയാൻ പറ്റില്ല അതുകൊണ്ടുതന്നെ സൂക്ഷിച്ചു മാത്രം യാത്രക്ക് ഒരുങ്ങുക. കൂടാതെ വെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ അതിവേഗത്തിൽ വാഹനം ഓടിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക.
മഴക്കാലത്ത് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
1) മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ ഒരു പാളിയായി വെള്ളം നിൽക്കുന്നത് കൊണ്ടാണിത്. അതുകൊണ്ട് നല്ല ത്രെഡ് ഉള്ള ടയറുകളായിരിക്കണം മഴക്കാലത്ത് ഉപയോഗിക്കേണ്ടത്. തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റുക.
2) എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം.
3) മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകൾ അപ്രയോഗികമായതിനാൽ ഇലക്ട്രിക് സിഗ്നലുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.
4) പഴയ റിഫ്ളക്ടർ/ സ്റ്റിക്കറുകൾ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്ളക്ടറുകൾ ഒട്ടിക്കുക. മുൻവശത്ത് വെളുത്തതും, പുറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ളക്ടർ പതിക്കണം.
5) വാഹനത്തിന്റെ ഹോൺ ശരിയായി പ്രവർത്തിക്കുന്നതായിരിക്കണം.
6) വാഹനത്തിലെ വൈപ്പറുകൾ കാര്യക്ഷമമായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാൻ ശേഷിയുള്ളതായിരിക്കണം അവയുടെ ബ്ലേഡുകൾ.
7) മുൻപിലുള്ള വാഹനത്തിൽനിന്നും കൂടുതൽ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ പൂർണമായും നിൽക്കാനുള്ള ദൂരം (സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.
8) കുട ചൂടിക്കൊണ്ട് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യരുത്.
9) സൈക്കിൾ യാത്രയിൽ മറ്റൊരാളെ കൂടി ഇരുത്തുന്നത് ഒഴിവാക്കുക.
10) സൈക്കിളിൽ ത്രെഡുള്ള ടയറുകൾ, റിഫ്ളക്ടർ, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക്, ലൈറ്റ് എന്നിവയും നൽകണം.
11) അതിവേഗത്തിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ റോഡിന്റെ ഏറ്റവും ഇടതുവശം ചേർന്ന് ഓടിക്കുക.
വഴിയാത്രക്കാരോട്
1) മഴക്കാലത്ത് പൊതുവേ വിസിബിലിറ്റി കുറവായിരിക്കും. അതിനാൽ റോഡ് മുറിച്ചുകടക്കുമ്പോഴും റോഡിൽകൂടി നടക്കുമ്പോഴും സൂക്ഷിക്കണം.
2) ഇളംനിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക. ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാൻ സഹായിക്കും.
3) റോഡിൽ വലതുവശം ചേർന്ന്, അല്ലെങ്കിൽ ഫുട്ട്പാത്തിൽ കൂടി നടക്കുക.
4) കുട ചൂടി നടക്കുമ്പോൾ റോഡിൽനിന്ന് പരമാവധി വിട്ടുമാറി നടക്കുക.
5) വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുവേണം റോഡിലൂടെയോ റോഡരികിലൂടെയോ നടക്കാൻ.
6) കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് ഒരു കുടയിൽ ഒന്നിലേറെ പേർ.
7) റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറുവശത്തേക്ക് വിളിക്കരുത്. വശങ്ങൾ ശ്രദ്ധിക്കാതെ അവർ റോഡ് മുറിച്ചുകടക്കാൻ ഇടയുണ്ട്.