തിരുവനന്തപുരത്തും പരിസരങ്ങളിലും കടലിന് പച്ചനിറം. ആൾഗൽ ബ്ലൂം എന്നറിയപ്പെടുന്ന പ്രതിഭാസം മൂലം കഴിഞ്ഞ രണ്ടു ദിവസമായി കൊല്ലം മുതൽ കോവളം വരെയുള്ള മേഖലകളിൽ കടലിന് പച്ചനിറം അനുഭവപ്പെടുന്നുണ്ട്. കടൽക്കറ എന്നും ഈ പ്രതിഭാസത്തെ വിളിക്കാറുണ്ട്. സാധാരണ മൺസൂണിന് ശേഷം കടൽക്കറ കേരളത്തിൽ ഉണ്ടാകാറുണ്ട്. ജലാശയങ്ങളിൽ നിന്ന് പായലിനു വളരാൻ അനുകൂലമായ ധാതുക്കൾ കടലിൽ ഒഴുകിയെത്തുന്നത് ആൾഗെകൾ വളരാൻ കാരണമാകാറുണ്ട്. സമുദ്രോപരിതലത്തിൽ ഓക്‌സിജന്റെ അളവ് കുറയുന്നത് മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങാറുമുണ്ട്. ചെകിളയിൽ ആൽഗെകൾ അടിഞ്ഞും ശ്വാസം കിട്ടാതെ മത്സ്യങ്ങൾ ചാകാറുണ്ട്.
നേരത്തെ കൊല്ലം, കോഴിക്കോട്, പരപ്പനങ്ങാടി, ആലപ്പുഴ തീരങ്ങളിലും ഇത്തരം പ്രതിഭാസമുണ്ടായിരുന്നു.
കാലാവസ്ഥാ പരമായി സമുദ്ര താപനില വർധിക്കുക, കാറ്റ്ദിശ സ്ഥിരമായി നിലനിൽക്കുക, ആവശ്യത്തിനുള്ള സൂര്യപ്രകാശം ലഭിക്കുക, ധാതുക്കളുടെ അളവ് കൂടുക എന്നിവ ആൾഗൽ ബ്ലൂമിന് കാരണമാണ്. ആൾഗൽ ബ്ലൂമിലുണ്ടാകാറുള്ള സയാനോബാക്ടീരിയ ത്വഗ് രോഗങ്ങൾക്കും ദഹനസംബന്ധമായ അസുഖങ്ങൾക്കും കാരണമാകും. എല്ലാ ആൽഗെകളും വിഷാംശമുള്ളവയല്ലെങ്കിലും ചിലത് വിഷാംശമുള്ളവയാണ്.
Video : Ashish Raj