കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിച്ചു. ഇന്ന് പകൽ കൂടുതൽ മഴ ലഭിച്ചത് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. കഴിഞ്ഞ മൂന്ന് മണിക്കൂറിലെ കണക്ക് പ്രകാരം കണ്ണൂർ ജില്ലയിൽ 18.5 mm മഴ ലഭിച്ചു. കാസർകോട് പാണത്തൂർ സ്റ്റേഷൻ പരിധിയിൽ 14.5 mm മഴ ലഭിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, തുടങ്ങിയ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. അടുത്താഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സാധ്യത ഉള്ളതിനാൽ ഇത് കാലവർഷത്തെ കൂടുതൽ ശക്തിപ്പെടുത്തിയേക്കും. ജൂൺ 25ന് ശേഷം ജൂൺ 30 വരെ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. ശനിയാഴ്ച മുതൽ കേരളത്തിൽ വീണ്ടും പതിയെ മഴ സജീവമായി തുടങ്ങും.
അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂണിൽ ( കാലവർഷം) പുരോഗതി. തെക്ക് പടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ തെക്കൻ ഭാഗത്തേക്ക് നീങ്ങി ബംഗാളിൽ എത്തിനിൽക്കുകയാണ്.അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ജില്ലകളിൽ ഈ വർഷത്തെ ആദ്യത്തെ മൺസൂൺ മഴ ലഭിച്ചു തുടങ്ങും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ വടക്കോട്ടുള്ള പുരോഗതി മന്ദഗതിയിൽ തുടരുകയായിരുന്നു . ജൂൺ 11 ന് രത്‌നഗിരി വരെ പുരോഗമിച്ച കാലവർഷം പിന്നീട് വടക്കോട്ട് നീങ്ങിയില്ല. ജൂൺ 10 ന് മഹാരാഷ്ട്രയുടെ പകുതിയും ജൂൺ 15 ന് മഹാരാഷ്ട്ര മുഴുക്കെയും സാധാരണ രീതിയിൽ കാലവർഷം വ്യാപിക്കണം.
കാലവർഷത്തിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് ശക്തമാണ്. അറബിക്കടൽ ബ്രാഞ്ചിനാണ് ന്യൂനമർദവും ചുഴലിക്കാറ്റും മൂലം ശക്തിക്ഷയിച്ചത്. അതിനാൽ ബംഗാൾ ഉൾക്കടൽ ബ്രാഞ്ച് മഴ നൽകുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്.