തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) മഴ കണക്കെടുപ്പ് ഇന്നു അവസാനിച്ചതോടെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം)ത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തുലാവര്‍ഷം കേരളത്തില്‍
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ മഴയാണ് തുലാവര്‍ഷ കണക്കില്‍ ഉള്‍പ്പെടുത്തുക. എന്നാല്‍ കാലവര്‍ഷം കേരളത്തില്‍ നിന്ന് വിടവാങ്ങാന്‍ രണ്ടാഴ്ചയെങ്കിലും കഴിയും. കാലവര്‍ഷത്തിന്റെ ഭാഗമായ മേഘങ്ങളും കാറ്റും കൊണ്ടുവരുന്ന മഴ ്അടുത്ത 10 ദിവസം കേരളത്തില്‍ സജീവമാണ്. എന്നിരുന്നാലും ഇത് ഔദ്യോഗികമായി തുലാമഴയുടെ കണക്കിലാണ് വരിക.

തുലാമഴ എത്താന്‍ കാലവര്‍ഷം വിടവാങ്ങണം
ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി കാലവര്‍ഷം വിടവാങ്ങിയ ശേഷമേ തുലാവര്‍ഷം എത്തുകയുള്ളൂ. കേരളത്തില്‍ നിന്നാണ് അവസാനമായി കാലവര്‍ഷം വിടവാങ്ങുന്നത്. തെക്കുപടിഞ്ഞാറന്‍ വിന്റ് പാറ്റേണ്‍ മാറി വടക്കു കിഴക്കന്‍ വിന്റ് പാറ്റേണിലേക്ക് മാറേണ്ടതുണ്ട്. ഒക്ടോബര്‍ പകുതിയെങ്കിലും ആകുമ്പോഴേ തുലാവര്‍ഷം എത്തുകയുള്ളൂവെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിഗമനം.
കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലെ പ്രവചനം അനുസരിച്ച് കേരളത്തില്‍ പൂര്‍ണമായും തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കും. തീരദേശ തമിഴ്‌നാട്ടില്‍ മഴ സാധാരണയേക്കാള്‍ കുറയും. പുതുച്ചേരിയിലും മഴ കുറയും. കേരളത്തോടൊപ്പം കര്‍ണാടകയുടെ തെക്കുകിഴക്കന്‍ മേഖലയിലും തെക്കന്‍ കര്‍ണാടകയിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.
തുലാവര്‍ഷം എല്ലായിടത്തുമില്ല
തുലാവര്‍ഷം ദക്ഷിണേന്ത്യയിലാണ് പ്രധാനമായും ഉണ്ടാകുന്നത്. തമിഴ്‌നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, കേരളം, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക തുടങ്ങിയ കാലാവസ്ഥാ സബ് ഡിവിഷനുകളിലാണ് തുലാവര്‍ഷം മഴ നല്‍കുന്നത്. ഈ ഡിവിഷനുകളിലെല്ലാം തന്നെ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ദീര്‍ഘകാല ശരാശരിയുടെ 88 മുതല്‍ 112 ശതമാനം മഴയാണ് സാധാരണ മഴ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 112 ശതമാനത്തിന് മുകളിലുള്ള മഴയാണ് സാധാരണയില്‍ കൂടുതല്‍. കേരളത്തില്‍ സാധാരണ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 112 ശതമാനം അധിക മഴയാണ് പ്രതീക്ഷിക്കേണ്ടത്.
ഒക്ടോബറില്‍ ചൂട് കൂടും
ഇന്ത്യയില്‍ ഒക്ടോബറില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. രാത്രി താപനിലയിലും വര്‍ധനവുണ്ടാകും.