കേരളത്തിൽ ചില ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചെറിയ തോതിലുള്ള വിറയൽ, ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം എന്നിവ സംബന്ധിച്ച വിശദീകരണവുമായി ദുരന്ത നിവാരണ അതോറിറ്റി. കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരിൽ ഇന്ന് വീണ്ടും മുഴക്കം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു . ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ദുരന്ത നിവാരണ അതോറിറ്റി രംഗത്തെത്തിയത്.
ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദവും കേൾക്കുന്നത്. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്. ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്റർ ഫോർ സിസ്മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്റർ ഫോർ സിസ്മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വിദഗ്ധർ അറിയിച്ചു.
അതേസമയം തൃശ്ശൂരിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടത് ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂകമ്പ നിരീക്ഷകരായ വോൾക്കാനോ ഡിസ്കവറിയുടെ റിപ്പോർട്ട് പ്രകാരം 2.8 തീവ്രതയുള്ള ഭൂചലനം ആണെന്ന് സംശയിക്കുന്നു.