ശ്രീലങ്കയ്ക്ക് സമീപം ന്യൂനമര്‍ദം രൂപപ്പെട്ടു, ഒരാഴ്ച മഴ സാധ്യത
ശ്രീലങ്കക്കു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ശ്രീലങ്കക്കും തമിഴ്‌നാട് തീരത്തിനും സമീപമായി അടുത്ത 48 മണിക്കൂര്‍ കൂടി ന്യൂനമര്‍ദം തുടരാനാണ് സാധ്യത. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഇന്ന് രാത്രിയിലും നാളെ (ചൊവ്വ) പുലര്‍ച്ചെയുമായി തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴ സാധ്യത.
കഴിഞ്ഞ ഏതാനും ദിവസമായി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന ചക്രാവാതച്ചുഴിയാണ് ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദമായത്. ഈ സിസ്റ്റം വളരെ പതുക്കെ സഞ്ചരിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതിനാല്‍ നാളെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം തുടരും.
ന്യൂനമര്‍ദത്തില്‍ നിന്ന് 5.8 കി.മി ഉയരത്തിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇത് വടക്കന്‍ ആന്ധ്രാപ്രദേശ് വരെയുള്ള മേഖലകളില്‍ മഴ നല്‍കാന്‍ കാരണമാകും. നാളെ മുതല്‍ ഒരാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട മഴ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ലഭിക്കും.
ബുധന്‍ മുതലാണ് കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുക. അതുവരെ കിഴക്കന്‍ മേഖലയില്‍ മഴ ലഭിക്കും. തമിഴ്‌നാട്, കേരളം, കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബുധന്‍ മുതല്‍ മഴ പ്രതീക്ഷിക്കണം.
കേരളത്തില്‍ വ്യാഴം മുതല്‍ ശനിവരെ ഈ സിസ്റ്റം കനത്ത മഴ നല്‍കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റില്‍ മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. ഈ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാന്നാര്‍ കടലിടുക്കിലേക്ക് അടുത്ത ദിവസങ്ങളില്‍ നീങ്ങുന്ന ന്യൂനമര്‍ദം തുടര്‍ന്ന് കേരളത്തിനു മുകളിലൂടെയും കടന്നു പോകാനാണ് സാധ്യത. ന്യൂനമര്‍ദം കടന്നുപോയ ശേഷം പുള്‍ എഫക്ടായി തുലാവര്‍ഷം ശക്തിപ്പെടുകയും ചെയ്യും. ന്യൂനമര്‍ദത്തിന്റെ സ്വാധീനമുള്ളപ്പോള്‍ തന്നെ ഇടിയോടെ മഴ കേരളത്തില്‍ ലഭിക്കും. നവംബര്‍ 18 ഓടെ മഴ ഗണ്യമായി കുറയുകയും ചെയ്യും. ഇതനുസരിച്ച് കൃഷിയും മറ്റു പരിപാടികളും യാത്രകളും പ്ലാന്‍ ചെയ്യാവുന്നതാണ്.