low pressure area arabian sea (06/11/23: അറബി കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; വ്യാഴാഴ്ച ന്യൂനമർദമാകും
അറബിക്കടലിൽ തെക്കു കിഴക്കൻ മേഖലയിൽ കേരളത്തിന് സമാന്തരമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇത് അടുത്ത ദിവസങ്ങളിൽ ശക്തിപ്രാപിച്ചു വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി മാറും. കോഴിക്കോട് തീരത്ത് നിന്ന് 531 കിലോമീറ്റർ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ആയാണ് ചക്രവാത ചുഴി രൂപം കൊണ്ടതെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ Metbeat Weather അറിയിച്ചു.
ചക്രവാത ചുഴിയുടെ സ്വാധീനത്താൽ കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റ് തടസ്സപ്പെടുന്നതാണ് ഇന്ന് പകൽ മഴ കുറയാൻ കാരണം. എന്നാൽ ഉച്ചക്ക് ശേഷം എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലയിൽ മഴക്ക് സാധ്യതയുണ്ട്. ചക്രവാധസ്വാധീനത്താൽ ഈ മേഖലയിലേക്ക് പടിഞ്ഞാറൻ കാറ്റ് കരകയറുന്നതാണ് കാരണം. എന്നാൽ ഇന്ന് വൈകിട്ട് വരെ വടക്കൻ കേരളത്തിൽ മഴ തീരദേശങ്ങളിൽ കുറയും.
അന്തരീക്ഷ ന്യൂനമർദ പാത്തിയും
ഇപ്പോൾ രൂപംകൊണ്ട ചക്രവാത ചുഴിയിൽ നിന്ന് ഉൾക്കടലിന്റെ വടക്കൻ മേഖലയിലേക്ക് ആന്ധ്ര പ്രദേശ് തീരം വഴി ന്യൂനമർദ്ദ പാത്തി (Through) രൂപപ്പെട്ടിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യയിൽ മഴ ശക്തിപ്പെടുത്താൻ കാരണമാകും. ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ശക്തമായ മഴയോ അതിശക്തമായ മഴക്കോ ഉള്ള സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നത്തെ മഴ ഈ പ്രദേശങ്ങളിൽ
ഇന്ന് (06/11/23) ന് ഉച്ചയ്ക്ക് ശേഷം ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളുടെ കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ തുടങ്ങും. പുനലൂർ, നെടുമങ്ങാട്, ഇടുക്കി ജില്ലയിലെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ ഇടിയോടെ ശക്തമായ മഴക്ക് സാധ്യത ഉണ്ട്.