തരിശുഭൂമിയെ സമ്പന്നമാക്കി ദമ്പതികൾ; 20 ലക്ഷത്തോളം മരങ്ങൾ , 33 ഇനം മൃഗങ്ങൾ, 15 തരം തവളകൾ

ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളുടെ 60 ശതമാനം നിലകൊള്ളുന്ന രാജ്യമാണ് ബ്രസീൽ. ആമസോണിന്റെ സമീപ മേഖലയായ മിനാസ് ഗെറായിസ് സെൽഗാഡോയുടെ കുട്ടിക്കാലത്ത് പച്ചപ്പും വൃക്ഷങ്ങളും നിറഞ്ഞ ഭൂമി സമ്പന്നമായിരുന്നു. എന്നാൽ ഏറെ കാലത്തിനുശേഷം അവിടെ തിരിച്ചെത്തിയ സെൽഗാഡോയെ കാത്തിരുന്നത് പച്ചപ്പായിരുന്നില്ല. വലിയതോതിലുള്ള വനനശീകരണം മീനാസിൽ പല ഭാഗങ്ങളെയും മരു പ്രദേശമാക്കി മാറ്റിയിരുന്നു.

മീനാസിലെ മഴക്കാടുകളിൽ വിഹരിച്ചിരുന്ന വന്യമൃഗങ്ങളും പക്ഷികളും എല്ലാം കൂട്ടത്തോടെ പോയി മറഞ്ഞു . എന്നാൽ എല്ലാം അങ്ങ് വിധിക്ക് വിട്ട് ഒതുങ്ങി കളയാൻ സെൽഗാഡോയിലെ പ്രകൃതി സ്നേഹിക്ക് കഴിയുമായിരുന്നില്ല . ഇതിന് എന്താണ് പരിഹാരം എന്ന് ആലോചിച്ച അദ്ദേഹത്തിന് ഭാര്യയാണ് ഐഡിയ പറഞ്ഞുകൊടുത്തത് നമുക്ക് വനത്തെ തിരിച്ചുകൊണ്ടുവരാം.തുടർന്ന് ദമ്പതിമാർ ഇൻസ്റ്റിറ്റ്യൂട്ടോ ടെറ എന്ന പരിസ്ഥിതി സംഘടനയ്ക്ക് രൂപം നൽകി. മിനാസിലൂടെ ഒഴുകുന്ന ഡോസി നദിയുടെ കരയിൽ വീണ്ടും വനം പടുത്തുയർത്തുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഒട്ടേറെ പേർ ഈ ലക്ഷ്യത്തിൽ പങ്കാളികളായി.

പിന്നീട് അവർ കൃത്യമായ ഇടവേളകളിൽ മരങ്ങൾ നട്ടു. ഡ്രില്ലിങ് മെഷീനുപയോഗിച്ച് വരണ്ട മണ്ണ് കുഴിച്ചശേഷം അതിലേക്കു തൈ നട്ട് കൃത്യമായ അളവിൽ വളവും ജലവും നൽകുന്നതായിരുന്നു ഇതിനായി അവർ അവലംബിച്ച പദ്ധതി. മനുഷ്യന്റെ സ്നേഹത്തിനു പിന്നിൽ പ്രകൃതി സ്നേഹപൂർവം കീഴടങ്ങി കനിഞ്ഞനുഗ്രഹിക്കുന്നതിന്റെ ദൃശ്യമാണു പിന്നീട് കണ്ടത്.ഇന്ന് 20 ലക്ഷത്തോളം മരങ്ങൾ 1800 ഏക്കർ വിസ്തീർണത്തിൽ ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നു. 293 തരം മരങ്ങൾ തങ്ങളുടെ കാട്ടിലുണ്ടെന്നാണു ഇൻസ്റ്റിറ്റ്യൂട്ടോ ടെറ പറയുന്നത്. ഇതിൽ 33 ഇനം മൃഗങ്ങളും 15 തരം തവളകളും ആമകളും വിവിധ ഉരഗങ്ങളും പാർപ്പിടമുറപ്പിച്ചിരിക്കുന്നു. ഇതിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്. കിളികൾ കൈയൊഴിഞ്ഞ പ്രദേശത്തെ പുതിയ മരച്ചില്ലകളിലേക്ക് അവ വീണ്ടുമെത്തി കൂടുകൂട്ടി.

ഇന്ന് 172 തരം കിളികൾ ഈ കാടിനെ വീടെന്നു വിളിക്കുന്നു. ഇതു കൂടാതെ നിരവധി പ്രാണികളും മീനുകളും എല്ലാം കാടിന്റെ ജൈവവൈവിധ്യത്തെ പൂർണ്ണമാക്കുന്നു . ഇൻസ്റ്റിറ്റ്യൂട്ടോ ടെറ നിർമിച്ച കാട് പരിസ്ഥിതിക്കുണ്ടാക്കിയ ഉണർവ് ഇവിടെ അവസാനിക്കുന്നില്ല. വരൾച്ച നേരിട്ടുകൊണ്ടിരുന്ന മിനാസിലെ ആ മേഖലയിൽ വീണ്ടും ഉറവകൾ പൊട്ടിയൊലിച്ചു. ഉയർന്ന താപനില കുറഞ്ഞു സുഖശീതളമായ കാലാവസ്ഥ തിരിച്ചുവന്നു. മനുഷ്യർ വിചാരിച്ചാൽ എത്ര നാശം വന്ന പരിസ്ഥിതിയെയും തിരികെ ജീവസുറ്റ നിലയിലാക്കാം എന്നതിന്റെ ഉദാഹരണമാണു സെബാസ്റ്റോ സെൽഗാഡോ.

ആമസോണിലെ പക്ഷിമൃഗാദികളുടെയും മനുഷ്യരുടെയും ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന ആമസോണിയ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലോകപ്രശസ്ത ഫൊട്ടോഗ്രഫറും നിരവധി പുരസ്കാരങ്ങളുടെ ഉടമയുമായ സെബാസ്റ്റോ സെഗാഡോ .

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment