കൊച്ചിയിൽ ഉണ്ടായത് മേഘവിസ്ഫോടനം; സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്
മെയ് 28ന് കൊച്ചിയിലുണ്ടായ കനത്ത മഴ മേഘ വിസ്ഫോടനം ( cloudburst )എന്ന് സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്. കനത്തമഴയിൽ കൊച്ചി നഗരം മുങ്ങിയിരുന്നു. കളമശ്ശേരിയിലെ മഴ മാപിനിയിൽ അന്ന് ഒരു മണിക്കൂറിൽ രേഖപ്പെടുത്തിയത് 100 മി.മീ മഴയായിരുന്നു. മെയ് 28നായിരുന്നു കൊച്ചി നഗരത്തിൽ ശക്തമായ മഴയും അതിനെ തുടർന്ന് വെള്ളക്കെട്ടും ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം അന്ന് വെള്ളം കയറിയിരുന്നു.
കൊച്ചിയിൽ ഉണ്ടായത് മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് ശാസ്ത്രജ്ഞർ അന്ന് പറഞ്ഞിരുന്നു. എന്നാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സ്ഥിരീകരണം ഇപ്പോഴാണ് ഉണ്ടാവുന്നത്. കേരളത്തിൽ ആദ്യമായി അല്ല മേഘ വിസ്ഫോടനം നടക്കുന്നത് എന്നും കാലാവസ്ഥ വകുപ്പ് വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. സാധാരണ കാലവർഷക്കാലത്ത് പർവത മേഖലകളിലാണ് മേഘവിസ്ഫോടനം പോലുള്ള ശക്തമായ മഴ റിപ്പോർട്ട് ചെയ്തിരുന്നത്.
തീരപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ശക്തമായ മഴ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ 2010 മാർച്ച് 26ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ സ്ഥാപിച്ച സെൽഫ് റെക്കോർഡിങ് മഴമാപിനിയിൽ മണിക്കൂറിൽ 92 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. ഇത് മേഘ വിസ്ഫോടനത്തിന്റെ പരിധിയിൽ വരില്ലെങ്കിലും ലഘു മേഘ വിസ്ഫോടനം ആയി കണക്കാക്കാം.
കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണ് ഇത്. പെരുമഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് വെള്ളക്കെട്ട് കൂടുതലും ബാധിച്ചത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.