കാലാവസ്ഥാ പ്രാതിഭാസമായ എൽനിനോ (El Nino) ഉയർന്നുവരാൻ സാധ്യതയുള്ളതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും കടുത്ത ഉഷ്ണ തരംഗങ്ങൾക്കും വരൾച്ചയ്ക്കും കാരണമാകും എന്നും ആഗോള സമ്പദ് വ്യവസ്ഥയെ വലിയ രീതിയിൽ (3 ട്രില്യൻ ഡോളർ ) ബാധിക്കുമെന്നും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണം മുന്നറിയിപ്പു നൽകുന്നു. 1982 ലും 83ലും 1997ലും 4.1 ട്രില്യൺ ഡോളറും 5.7 ട്രില്യൺ ഡോളറും ആഗോള വരുമാന നഷ്ടത്തിന് കാരണമായ എൽനിനോ തെക്കേ അമേരിക്ക മുതൽ ഏഷ്യ വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമായി. രാജ്യാന്തര സാമ്പത്തിക വളർച്ചയെ തുടർച്ചയായി ബാധിച്ചു. ജൂലൈ അവസാനത്തോടെ എൽ നിനോ വികസിക്കാൻ 60 ശതമാനം സാധ്യതയുണ്ടെന്നും സെപ്റ്റംബർ അവസാനത്തോടെ അത് 80 ശതമാനം ആകും എന്നും ഐക്യരാഷ്ട്രസഭയുടെ വേർഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (wmo)പറഞ്ഞു.“ ഉഷ്ണമേഖലാ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയെ ഒരു ദശാബ്ദത്തോളം തളർത്തുന്ന വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു,” യുഎസിലെ ഡാർട്ട്മൗത്ത് കോളേജിലെ ഡോക്ടറൽ കാൻഡിഡേറ്റ് ക്രിസ്റ്റഫർ കാലഹാൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം എൽ നിനോയുടെ ആവൃത്തിയും ശക്തിയും വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ 21-ാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക നഷ്ടം 84 ട്രില്യൺ ഡോളറാകുമെന്ന് ഭൂമിശാസ്ത്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ജസ്റ്റിൻ മാൻകിൻ, കാലഹാൻ എന്നിവർ പറഞ്ഞു – കാർബൺ പുറന്തള്ളൽ കുറയ്ക്കുമെന്ന് ലോക നേതാക്കളുടെ നിലവിലെ പ്രതിജ്ഞകൾ വന്നാലും. 2023-ൽ പ്രവചിച്ച എൽ നിനോയ്ക്ക് മാത്രം 2029-ഓടെ ആഗോള സമ്പദ്‌വ്യവസ്ഥയെ 3 ട്രില്യൺ ഡോളർ പിന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഗവേഷകർ കണക്കാക്കുന്നു.
എന്താണ് എൽനിനോ
പസഫിക് സമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വർദ്ധിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ലോകമെമ്പാടുമുള്ള വർധിച്ച ചൂട്, വരൾച്ച, കനത്ത മഴ എന്നിവയുമായി ബന്ധപ്പെട്ട പ്രകൃതിദത്തമായ കാലാവസ്ഥാ മാതൃകയാണ് എൽ നിനോ. അതായത് താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം. 2018-19ലാണ് ഇത് അവസാനമായി സംഭവിച്ചത്. എൽ നിനോ പ്രതിഭാസം ശക്തമായിരുന്ന 2016 ആണ് നിലവിൽ ഏറ്റവും ചൂടുകൂടിയ വർഷമായി അറിയപ്പെടുന്നത്. പിന്നീടുള്ള വർഷങ്ങളിൽ എൽ നിനോയുടെ അഭാവത്തിലും കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ശാന്തസമുദ്രത്തിൽ തുടരുന്ന ലാ നിന പ്രതിഭാസത്തെ തുടർന്ന് ആഗോളതലത്തിൽ താപനില ചെറിയതോതിൽ കുറഞ്ഞിരുന്നുതെക്കേ ആഫ്രിക്കയുടെ തെക്കു ഭാഗങ്ങൾ, തെക്കേ അമേരിക്ക, മധേഷ്യ എന്നിവയുടെ ചില ഭാഗങ്ങളിൽ വർധിച്ച മഴയ്ക്കും, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, തെക്കൻ ഏഷ്യ ഭാഗങ്ങളിൽ കടുത്ത വരൾച്ചയ്ക്കും കരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. ‘എൽ നിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും കാലാവസ്ഥാ രീതികളെയും മാറ്റും’, വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ പ്രാദേശിക കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി വിൽഫ്രാൻ മൗഫൗമ ഒകിയ ജനീവയിൽ പറഞ്ഞു. അവസാനമുണ്ടായ എൽ നിനോ വളരെ ശക്തി കുറഞ്ഞതായിരുന്നെങ്കിലും ഇനി വരാൻ പോകുന്ന എൽ നിനോയുടെ ശക്തിയെ കുറിച്ചോ അതിന്റെ ദൈർഘ്യത്തെക്കുറിച്ചോ ഒരു സൂചനയുമില്ല. എന്നാൽ 2014 നും 2016 നും ഇടയിൽ ഉണ്ടായ എൽ നിനോ ശക്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു.
2014 നും 2016 നും ഇടയിൽ ഉണ്ടായ എൽ നിനോ ശക്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ‘ആഗോള താപനിലയിൽ എൽ നിനോ പ്രഭാവം ഉയർന്നുവന്നതിന് ശേഷമുള്ള വർഷം കൂടി ആയതിനാൽ 2024 ൽ അതിന്റെ ആഘാതം പ്രകടമാകാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന രണ്ട് വർഷത്തിനുള്ളിൽ ആഗോള താപനിലയിൽ ഗുരുതരമായ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്’-വിൽഫ്രാൻ മൗഫൗമ ഒകിയ പറഞ്ഞു.
അതേസമയം 2020 മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി നീണ്ടു നിന്നിരുന്ന ലാ നിന എന്ന പ്രതിഭാസം ഈ വർഷം ആരംഭത്തോടെ അവസാനിച്ചിരുന്നു. നിലവിലെ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങൾക്ക് വഴിയൊരുക്കാൻ ഇതൊരു പ്രധാന കാരണമായി മാറി. ‘ലാ നിനയുടെ ശീതീകരണ സ്വഭാവം നീണ്ടുനിന്നിട്ടും കഴിഞ്ഞ എട്ടു വർഷങ്ങളാണ് ഏറ്റവും ചൂടേറിയ വർഷങ്ങളായി രേഖപ്പെടുത്തിയത്. ലാ നിന പോലെയൊരു കാലാവസ്ഥാ പ്രതിഭാസം കൂടിയില്ലായിരുന്നു എങ്കിൽ ചൂടിന്റെ സ്ഥിതി ഏറ്റവും മോശമായി മാറുമായിരുന്നു’-യുഎൻ വ്യക്തമാക്കി.
‘ആഗോള താപനില വർധനവ് നിയന്ത്രിക്കാൻ ലാ നിനയ്ക്ക് ഒരു പരിധി വരെ സാധിച്ചു. എന്നാൽ ഇനി എൽ നിനോയുടെ പ്രതിഭാസത്തിനൊത്ത് മാറാൻ ലോകം തയ്യാറാകണം. കാലാവസ്ഥാ വ്യതിയാനത്തിൽ വരാൻ പോകുന്ന മാറ്റം ആഗോളതാപനത്തിൽ പുതിയ ഒരു കുതിച്ചുചാട്ടത്തിന് കാരണമാവുകയും അതുവഴി താപനില റെക്കോർഡുകൾ തകരാനുള്ള സാധ്യതയും കൂടുതലാണ്’-ഡബ്ല്യുഎംഒ മേധാവി പെറ്റെറി താലസ് പറഞ്ഞു.
‘എന്നാൽ എൽ നിനോയുടെ വരവ് ചില നല്ല ഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആഫ്രിക്കയിലെ വരൾച്ച, ലാ നിന ഉണ്ടാക്കിയ ചില പ്രത്യാഘാതങ്ങൾ എന്നിവയിൽ നിന്ന് കരകയറാൻ ഒരുപക്ഷേ ഇത് ആശ്വാസം നൽകിയേക്കാം’-പെറ്റെറി താലസ് വ്യക്തമാക്കി. തീവ്രമായ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകളെ സുരക്ഷിതമായി നിലനിർത്താൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുപോലെ വടക്കൻ അർധഗോളത്തിൽ വേനൽക്കാലത്ത് എൽ നിനോയുടെ ഫലമായുണ്ടാകുന്ന ചൂടുള്ള വെള്ളം മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിൽ ചുഴലിക്കാറ്റുകൾക്ക് കാരണമാകുമെന്നും ഇത് അറ്റ്ലാന്റിക് തടത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് തടസപ്പെടുത്തുമെന്നും ഡബ്ല്യുഎംഒ വ്യക്തമാക്കി.