മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു; ദുഃഖം രേഖപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോള്‍ മരം കടപുഴകി മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്.

അതേസമയം ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിശത്ത് മിൻഹ മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അതീവ ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

സ്കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

Leave a Comment