ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും മത്തിക്ക് കേരളത്തോട് പ്രണയം

ദേശീയ തലത്തിൽ കുറഞ്ഞെങ്കിലും മത്തിക്ക് കേരളത്തോട് പ്രണയം

കേരളത്തിൽ മത്തിയുടെ ലഭ്യത കൂടി. എന്നാൽ മൽസ്യ ലഭ്യത കുറയുകയും ചെയ്തു. അതേസമയം മത്സ്യ ലഭ്യതയിൽ കേരളം മൂന്നാം സ്ഥാനത്ത് തുടരുകയുമാണ്. 6.10 ലക്ഷം ടൺ സമുദ്രമത്സ്യ മാണ് കേരളത്തിന് ലഭിച്ചത്. 7.54 ലക്ഷം ടൺ മീൻ പിടിച്ച ​ഗുജറാത്തിനാണ് ഒന്നാം സ്ഥാനം. തമിഴ്നാടിനാണ് (6.79 ലക്ഷം ടൺ) രണ്ടാം സ്ഥാനം.

ദേശീയ തലത്തിൽ മത്തി ലഭ്യത കുറഞ്ഞെങ്കിലും കേരളത്തിൽ മത്തിയുടെ ലഭ്യത 7.9 ശതമാനം വർധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യവും മത്തിയായിരുന്നു. 1.49 ലക്ഷം ടൺ. എന്നാൽ, രാജ്യത്താകെ ഏറ്റവും കൂടുതൽ ലഭിച്ചത് അയലയാണ്- 2.63 ലക്ഷം ടൺ.

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ മത്സ്യമാണ്. മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാലു ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) വാർഷിക പഠന റിപ്പോർട്ട് പറയുന്നു.

മത്തി കഴിഞ്ഞാൽ, അയല (61,490 ടൺ), ചെമ്മീൻ (44,630 ടൺ), കൊഴുവ (44,440 ടൺ), കിളിമീൻ (33,890 ടൺ) എന്നിങ്ങനെയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യ ഇനങ്ങൾ.

കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനത്ത് അസാധാരണാംവിധം ഏറ്റക്കുറിച്ചുലുണ്ടായ വർഷമാണ് 2024. കഴിഞ്ഞ വർഷത്തെ ആദ്യമാസങ്ങളിൽ വളരെ കുറവായിരുന്നു മത്തി. അതിനാൽ വില കിലോക്ക് 400 രൂപവരെ എത്തിയിരുന്നു. എന്നാൽ സെപ്തംബർ-ഡിസംബർ മാസങ്ങളിൽ ഒരു ലക്ഷം ടണ്ണിലേറെ മത്തി ലഭ്യമായി. വില കിലോക്ക് 20-30 വരെ കുറയുകയും ചെയ്തു.

മുൻ വർഷത്തെ അപേക്ഷിച്ച്, 2024ൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ മീൻ ലഭ്യത കുറഞ്ഞു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ലഭ്യത വർധിച്ചു.

രാജ്യത്താകെ വിവിധ യാനങ്ങളിൽ മീൻപിടുത്തത്തിന് പുറപ്പെടുന്ന രണ്ടര ലക്ഷം മത്സ്യബന്ധന ട്രിപ്പുകൾ പഠനത്തിന്റെ ഭാ​ഗമായാണ് നിരീക്ഷിച്ചത്. ഒരു ട്രിപ്പിൽ യന്ത്രവൽകൃത യാനങ്ങൾ ശരാശരി 2959 കിലോ​ഗ്രാം മത്സ്യവും മോട്ടോർ യാനങ്ങൾ ശരാശരി 174 കിലോ​ഗ്രാം മത്സ്യവും പിടിച്ചതായി കണ്ടെത്തി. മോട്ടോർ-ഇതര വള്ളങ്ങൾ ശരാശരി 41 കിലോ മത്സ്യമാണ് ഒരു ട്രിപ്പിൽ പിടിച്ചത്.

സി.എം.എഫ്.ആർ.ഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ് ആന്റ് എക്സ്റ്റൻ‌ഷൻ വിഭാ​ഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയാറാക്കിയത്.

Metbeat News

English Summary: Kerala’s unique affection for sardines, a fish that, despite its national decline, remains a cherished staple in the state’s culinary traditions.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020