weather 03/07/25 : ഇന്നത്തെ മഴ സാധ്യത
കേരളത്തിൽ ഇന്നും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മഴ ലഭിക്കും. എന്നാൽ മധ്യ, തെക്കൻ ജില്ലകളിൽ മഴ താരതമ്യേന കുറവായിരിക്കും.
എന്നിരുന്നാലും മഴ പൂർണ്ണമായി വിട്ടുനിൽക്കാൻ സാധ്യതയില്ല. തെക്കൻ ജില്ലകളിൽ വെയിൽ തെളിയുമെങ്കിലും വീണ്ടും മാനം കറുക്കാനും മഴ ലഭിക്കാനും കാരണമാവും. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും വീശിയേക്കാം. പെട്ടെന്നാവും മഴ ലഭിക്കുക. മഴ തുടങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന ശക്തമായ കാറ്റിനെ കരുതുക.
ഏറെനേരം നീണ്ടുനിൽക്കാത്ത എന്നാൽ ശക്തിയായി പെയ്യുന്ന മഴയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കേണ്ടത്. ജാർഖണ്ഡിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം പടിഞ്ഞാറൻ തീരത്ത് കാറ്റിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൻ്റെ തീരങ്ങളിൽ ശക്തമായ മേഘ രൂപീകരണവും കാണുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് കാസർകോട് കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം ഇല്ല.