കണ്ണൂരിൽ വീട്ടിൽ വെള്ളം കയറുന്നു, ഒഴിപ്പിക്കൽ, കർണാടക വനത്തിൽ ഉരുൾപൊട്ടൽ സംശയം
കണ്ണൂർ ജില്ലയിൽ രാത്രിയിൽ കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. ആളുകളെ മാറ്റി പാർപ്പിക്കുന്നു. കൂട്ടുപുഴ ഭാഗത്ത് പുഴകളിലെ ജലനിരപ്പ് ഉയരുന്നതിനാൽ പഴശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വന്നേക്കാം. അതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ ഉള്ളതായി സംശയിക്കുന്നതിനാൽ ആളുകൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അയ്യങ്കുന്ന് വില്ലേജിൽ പാലത്തും കടവിൽ ബാരപോൾ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാൽ കവിഞ്ഞൊഴുകി 4 വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ഒരു കുടുംബത്തെ അയൽ വീട്ടിലേക്കും മാറ്റി പാർപ്പിച്ചു.
പഴശ്ശി ഡാം ഷട്ടർ ഉയർത്തിയതിനെ തുടർന്ന് ചാവശ്ശേരി വില്ലേജിൽ കോളാരി മണ്ണൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് പുഴയോരത്തെ വയലിൽ വെള്ളം കയറി. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഇല്ല.
കൊട്ടാരം – പെരിയത്തിൽ റോഡിലും വെള്ളം കയറി. പടിയൂർ വില്ലേജിൽ പെടയങ്ങോട് പുഴക്കരയിലുള്ള അംഗർവാടിയുടെ മുറ്റം വരെ വെള്ളം കയറിയ നിലയിലാണ്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ഇടുക്കിക്ക് പുറമേ വയനാടും തൃശൂരും ഇന്ന് അവധി പ്രഖ്യാപിച്ചു.
കനത്ത മഴയുടെ പശ്ചാതലത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വ്യാഴം) അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ജൂൺ 26) അവധി
തൃശൂരിൽ അവധി
തൃശ്ശൂര്‍ ജില്ലയില്‍ കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ന് (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ഇടുക്കി അവധി
ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (26) ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് 136 അടിയിലേക്ക് എത്താനും നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടിയിലെത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനും സാധ്യത ഉള്ളതായി ഡാമിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നിലവിലെ ജലനിരപ്പ് ബുധൻ വൈകിട്ട് നാലിന് 133.00 അടിയാണ്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണം. പൊതു ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നു ഇടുക്കി ജില്ലാ കളക്ടര്‍ പറഞ്ഞു.
English Summary:
Kannur Rain is causing rising water levels in rivers, leading to the potential adjustment of Pazhassi Barrage shutters: Residents along the Valapattanam River are advised to be vigilant, and authorities suspect landslides in the Karnataka forest area.