കേരളത്തില്‍ ഉള്‍പ്പെടെ സാധാരണയേക്കാള്‍ കൂടുതല്‍ കാലവര്‍ഷ മഴയെന്ന് കാലാവസ്ഥാ വകുപ്പ്
2025 ലെ കാലവര്‍ഷം രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം. ഇന്ന് വൈകിട്ടോടെ ഡല്‍ഹിയിലെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഡോ. മൃത്യുജ്ഞയ് മൊഹാപത്ര എന്നിവരാണ് പ്രവചനം വിശദീകരിച്ചത്.
ദീര്‍ഘകാല ശരാശരിയുടെ 105 ശതമാനം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 1971 മുതല്‍ 2020 വരെയുള്ള മഴക്കണക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ദീര്‍ഘകാല ശരാശരി പ്രകാരം രാജ്യത്താകെ നാലു മാസം നീളുന്ന കാലവര്‍ഷ സീസണില്‍ ലഭിക്കേണ്ടത് 87 സെ.മി മഴയാണ്.
തമിഴ്‌നാട്, ലഡാക്ക്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴികെ ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യ, വടക്കന്‍ മേഖലയിലും കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളിലും വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
നേരത്തെ ദേശീയ തലത്തിലുള്ള സ്വകാര്യ കാലാവസ്ഥാ ഏജന്‍സി സ്‌കൈമെറ്റ് വെതര്‍ നേരത്തെ കാലവര്‍ഷ പ്രവചനം നടത്തിയിരുന്നു. 2025 ല്‍ കാലവര്‍ഷം സാധാരണ നിലയിലാകുമെന്ന് സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ സ്‌കൈമെറ്റ് വെതര്‍ പ്രവചിച്ചത്. ഏപ്രില്‍ 09 നായിരുന്നു അവരുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന കാലവര്‍ഷ സീസണില്‍ ദേശീയ തലത്തില്‍ 868.6 എം.എം മഴയാണ് ലഭിക്കേണ്ടത്. ദീര്‍ഘകാല ശരാശരിയുടെ (Long Period Average – LPA) 96 മുതല്‍ 104 ശതമാനം മഴ ലഭിക്കുന്നതിനെയാണ് സാധാരണ മഴ (Normal Rain) എന്നു പറയുന്നത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ 40 ശതമാനം മഴ സാധാരണയാകാനും 30 ശതമാനം മഴ സാധാരണയില്‍ കൂടാനും 10 ശതമാനം അധിക മഴ ലഭിക്കാനും 15 ശതമാനം സാധാരണയില്‍ കുറവ് മഴ ലഭിക്കാനുമാണ് സാധ്യത സ്‌കൈമെറ്റ് പ്രവചിക്കുന്നത്.
2024 ല്‍ കാലവര്‍ഷം എത്തിയത് മെയ് 30 നായിരുന്നു. 2024 ല്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ കാലവര്‍ഷ സീസണില്‍ ലഭിക്കുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷ സീസണില്‍ കേരളത്തില്‍ മഴ കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചിച്ചിരുന്നത്. എന്നാല്‍ സാധാരണ തോതിലുള്ള മഴയാണ് കേരളത്തില്‍ 2024 ല്‍ ലഭിച്ചത്. അന്നത്തെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം സംബന്ധിച്ച വിശദവാര്‍ത്ത താഴെ വായിക്കാം. 2024 മെയ് 15 നാണ് കാലാവസ്ഥാ വകുപ്പ് ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനം നടത്തിയത്.
മെയ് അവസാന വാരം രണ്ടാംഘട്ട പ്രവചനവും കാലാവസ്ഥ വകുപ്പ് നടത്തും. ഇതില്‍ എപ്പോള്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് അറിയിച്ചു.
Tag : Kerala faces increased rainfall this season, as per the Meteorological Department. Learn more about the weather trends and their impact on daily life.