weather kerala 12/02/25: വേനൽച്ചൂട് കൂടുന്നു: ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ വിശ്രമം
കേരളത്തിൽ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനക്രമീകരിച്ചു തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികളും അറിയിച്ചിരുന്നു.
ജോലി സമയം ക്രമപ്പെടുത്തി
രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും.
ഷിഫ്റ്റ് 12 നും 3 നും ഇടയിൽ പാടില്ല
ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ്
പുന:ക്രമീകരണമെന്ന് ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു.
സൈറ്റുകളിൽ പരിശോധന
ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണർ അറിയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ കേരളത്തിൽ ഒരു ദിവസങ്ങളിൽ മഴ സാധ്യതയില്ലെന്ന് Metbeat Weather അറിയിച്ചു. പകൽ താപനില കൂടുന്നതോടൊപ്പം കാട്ടുതീ ഭീഷണിയും ഉയരുന്നുണ്ട്. വരണ്ട കാലാവസ്ഥയും കാറ്റുമാണ് ഇതിന് കാരണം. അതിനാൽ തീപിടുത്ത സാധ്യത കൂടി മുന്നിൽ കാണണമെന്ന് ഞങ്ങളുടെ വിദഗ്ധർ പറയുന്നു. പറമ്പിലും മറ്റും പകൽ തീയിടുന്നത് ഒഴിവാക്കുക. മറ്റിടങ്ങളിലേക്ക് കത്തിപ്പടരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണം.
കർഷകർ വിളകൾക്ക് ജലസേചനം നൽകുക. വരണ്ട കാലാവസ്ഥ മൂലം മണ്ണിലെ ഈർപ്പം പെട്ടെന്ന് നഷ്ടമാകും. അടുത്ത ഒരാഴ്ച ഈ കാലാവസ്ഥ തുടരാനാണ് സാധ്യത എന്നും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.