കാലാവസ്ഥയെ പേടിച്ച് ട്രംപ്; ഇന്നത്തെ സത്യപ്രതിജ്ഞ അകത്തേക്ക് മാറ്റി
വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ദിനത്തിൽ. ഇതേ തുടർന്ന് സത്യപ്രതിഞ്ജ ഇൻഡോർ പരിപാടിയാക്കി മാറ്റി. കഴിഞ്ഞ 40 വർഷത്തിന് ശേഷം ഇതാദ്യമായാണ് സത്യപ്രതിഞ്ജ ഇൻഡോർ ആക്കുന്നത്.
തണുപ്പേറിയ ജനു. 20
അമേരിക്കൻ പ്രസിഡൻ്റുമാരുടെ സത്യപ്രതിജ്ഞ ജനുവരി 20നാണ് സാധാരണ നടക്കാറുള്ളത്. എന്നാൽ ജനുവരി 20ന് അതിശൈത്യം അമേരിക്കയിൽ അനുഭവപ്പെടാറില്ല. ഇത്തവണ ആർട്ടിക്ക് ധ്രുവ ചുഴലി (cold front) യെ തുടർന്ന് വാഷിംഗ്ടണിലും മറ്റും ശക്തമായ ശൈത്യം അനുഭവപ്പെടുകയാണ്. കഴിഞ്ഞ ആഴ്ച സത്യപ്രതിഞ്ജ നടക്കുന്ന യു.എസ് പാര്‍ലമെന്റായ കാപിറ്റോള്‍ ഹില്ലിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.
മഴ, മഞ്ഞു വീഴ്ച സാധ്യത
ഇത്തവണയും ഇവിടെ തന്നെയാണ് ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ്. ഇന്ന് 3 ഡിഗ്രിയാണ് പരമാവധി താപനില. എന്നാൽ – 2 ഡിഗ്രിയാണ് അനുഭവപെടുന്ന താപനില. 3 – 6 സെ.മി മഴയോ മഞ്ഞ് വീഴ്ചയോ ഉണ്ടാകാനുള്ള സാധ്യത 90% ഉണ്ട്. രാത്രിയിൽ – 7 വരെ താപനില കുറയാം. കാപിറ്റോൾ ഹില്ലിൻ്റെ പടികളിൽ നിന്നുള്ള സത്യപ്രതിഞ്ജ മഞ്ഞുവീഴ്ച സാധ്യതയെ തുടർന്ന് ഇന്ന് കെട്ടിടത്തിനു ഉള്ളിലേക്ക് മാറ്റി. 1985 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് കെട്ടിടത്തിനു അകത്ത് സത്യപ്രതിജ്ഞ നടക്കുന്നത്. അന്ന് റൊണാള്‍ഡ് റീഗന്റെ സത്യപ്രതിജ്ഞയും ഇന്‍ഡോറായാണ് നടത്തിയത്.
ട്രംപിന് രണ്ടാമൂഴം
യു.എസ് പ്രസിഡന്റായി രണ്ടാം തവണയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെടുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വിര്‍ജിനിയയിലെ ട്രംപ് നാഷനല്‍ ഗോള്‍ഫ് ക്ലബില്‍ 500 പേര്‍ക്കുള്ള ആഘോഷ പരിപാടിയും പ്രമുഖർക്ക് അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.
അധികാരം കൈമാറാൻ ബൈഡൻ എത്തും
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍ ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പുതിയ പ്രസിഡന്റിന് അധികാരം കൈമാറുന്ന രീതിയാണ് അമേരിക്കയിലുള്ളത്. എന്നാല്‍ 2021 ല്‍ ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ ട്രംപ് ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. അന്ന് ബൈഡനോട് പരാജയപ്പെട്ട ട്രംപ്, പരാജയം അംഗീകരിച്ചിരുന്നില്ല. ട്രംപ് അനുകൂലികൾ കാപിറ്റോൾ ഹിൽ കൈയേറി നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്ക് വേണ്ടി വിദേശകാര്യ മന്ത്രി പങ്കെടുക്കും
ചടങ്ങിൽ ഇന്ത്യയ്ക്കു വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യു.എസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും ട്രംപ് സത്യപ്രതിഞ്ജക്ക് ക്ഷണിച്ചിട്ടില്ല. അതേ സമയം, റഷ്യ, ചൈനീസ് പ്രസിഡൻ്റുമാർക്ക് ക്ഷണമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുക.
ബിസിനസ് പ്രമുഖരും പങ്കെടുക്കും
ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ടിക്ടോക് സി.ഇ.ഒ ഷൗ ച്യൂ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
യു.എസ് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കും
യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ആണ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. തുടര്‍ന്ന് ട്രംപിന്റെ പ്രസംഗം നടക്കും. പ്രസിഡന്റിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാകും ഇത്.
ലോകത്ത് എവിടെയുമുള്ള കാലാവസ്ഥ അറിയാം. metbeat.com ൽ