10 മണിക്കൂർ തോരാതെ മഴ; സൗദിയിൽ മിന്നൽ പ്രളയം

10 മണിക്കൂർ തോരാതെ മഴ; സൗദിയിൽ മിന്നൽ പ്രളയം

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ജിസാനിൽ 10 മണിക്കൂർ തോരാതെ പെയ്ത മഴയിൽ കനത്ത നാശം. മേഖലയിൽ പ്രാദേശിക പ്രളയം. നിരവധി റോഡുകളും പാലങ്ങളും തകർന്നതായാണ് റിപ്പോർട്ട്.

താഴ്‌വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായിരുന്നു. പലയിടത്തും വാഹനങ്ങൾ കുടുങ്ങി. തകർന്ന പാലത്തിൻ്റെ സ്ലാബ് കാറിന് മുകളിൽ പതിച്ച് യുവതി മരിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് കനത്ത മഴയുണ്ടായത്. ഇത് പുലർച്ചെ വരെ തുടർന്നു. വാദികൾ കവിഞ്ഞൊഴുകി.

അൽ തവാൽ, സ്വബ്യ, സാംത, അബു അരീഷ് ഗവർണറേറ്റുകളിലെയും വാദി ജിസാനിലെ ചില ഗ്രാമങ്ങളിലെയും ജിസാൻ നഗരത്തിലെയും തെരുവുകളും വീടുകളും വെള്ളത്തിനടിയിലായിട്ടുണ്ട്.

കനത്ത മഴയിൽ വാണിജ്യ കേന്ദ്രത്തിൻ്റെ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു. അബൂ അരീഷ്, സ്വബ്യ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് എന്ന പാലം മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ആ സമയം പാലത്തിലുണ്ടായിരുന്ന ചില വാഹനങ്ങൾ വീണു.

അതിലൊരു കാറിന് മുകളിലേക്ക് പാലത്തിൻ്റെ സ്ലാബുകളിലൊന്ന് പതിച്ച് യാത്രക്കാരിയായ യുവതി തൽക്ഷണം മരിച്ചു. ഈ പ്രദേശം വെള്ളത്തിനടിയിലായി.

ഇവിടെ വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വാഹനങ്ങൾ മുങ്ങിപ്പോയി.

ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നു. സിവിൽ ഡിഫൻസ് ഉപകരണങ്ങളും യന്ത്രങ്ങളും ബോട്ടുകളും വിന്യസിച്ചു.

സൗദി അറേബ്യയും യമനും അതിര്‍ത്തി പങ്കിടുന്ന അൽ തവാല്‍ പട്ടണത്തിലെ റോഡുകള്‍ പുഴകളായി മാറിയ നിലയിലാണ്. ശക്തമായ മഴക്കിടെ കഴുത്തോളം വെള്ളമുയര്‍ന്ന റോഡുകളിലൂടെ ആളുകള്‍ നടക്കുന്നതിൻ്റെ വീഡിയോ കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി ‘എക്സി’ൽ പങ്കുവെച്ചു.

അഹദ് അല്‍മസാരിഹ, ദമദ്, അൽ ഹരത്, അൽ ദായിര്‍, അൽ റൈദ്, അൽ അർദ, അൽ ഈദാബി, ഫൈഫ, ഹുറൂബ്, അൽ ദര്‍ബ്, ബേഷ്, ഫര്‍സാന്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.

ജിസാന്‍ പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള അൽ ദര്‍ബിലെ അല്‍ഖരൻ താഴ് വാരയിൽ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അൽ ദര്‍ബ്-അൽ ഫതീഹ റോഡിലാണ് സംഭവം.

റോഡ് മുറിച്ചൊഴുകുന്ന മലവെള്ളപ്പാച്ചില്‍ കണ്ട് യുവാവ് കാര്‍ നിര്‍ത്തുകായിരുന്നു. മലവെള്ളപ്പാച്ചിന് ശക്തിവര്‍ധിച്ചതോടെ യുവാവ് കാര്‍ പിറകോട്ടെടുക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ കുടുങ്ങുകയായിരുന്നു.

ആ സമയത്ത് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു കാറുകളിലെ യാത്രക്കാരായ യുവാക്കള്‍ ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
അതിനിടെ കഴിഞ്ഞ ബുധനാഴ്ച അഹദ് അല്‍മസാരിഹ ഗ്രാമത്തിന് സമീപം മസല്ല താഴ് വ കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ സൗദി യുവാവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സിവില്‍ ഡിഫന്‍സ് കണ്ടെത്തിയിരുന്നു.

അൽ അർദ -അഹദ് അൽ മസാരിഹ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വദേശി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു . സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹവും ദമ്പതികളുടെ കാറും നേരത്തെ തന്നെ കണ്ടെത്തിയിരുന്നെങ്കിലും യുവാവിന്റെ മൃതദേഹം കിട്ടിയിരുന്നില്ല. രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment