kerala weather (10/07/24) : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സാധ്യത ഇങ്ങനെ

kerala weather (10/07/24) : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ സാധ്യത ഇങ്ങനെ

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാലവർഷം വീണ്ടും സജീവമായി തുടരും. ഈ മാസം 20 വരെ സമാന രീതിയിൽ മഴ തുടരാനാണ് സാധ്യത. കേരളത്തിൽ വരും ദിവസങ്ങളിൽ താരതമ്യേന മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതൽ മഴ സാധ്യതയുള്ളത് വടക്കൻ കേരളത്തിലാണ്.

ദക്ഷിണ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ വടക്കൻ കേരളത്തെ അപേക്ഷിച്ച് കുറവായിരിക്കും. എങ്കിലും ഇടവേള കൂടിയുള്ള ഇടത്തരം മഴ തുടരും. കേരളത്തോടൊപ്പം തീരദേശ കർണാടക, കൊങ്കൺ, മഹാരാഷ്ട്ര മേഖലയിലും ലക്ഷദ്വീപ് എന്നിടങ്ങളിലും മഴ സജീവമായി തുടരും.

മാലദ്വീപിൻ്റെ തെക്കൻ ദ്വീപ് സമൂഹങ്ങളിലും മഴ ശക്തമായി തുടരും. ഉത്തരേന്ത്യയിലും മഴ ശക്തി കുറഞ്ഞു തുടരാനാണ് സാധ്യത. കേരളത്തിൽ ഇതുവരെ മഴക്കുറവ് 25 ശതമാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് വരുന്ന അഞ്ച് ദിവസം കൂടുതൽ മഴ പ്രതീക്ഷിക്കേണ്ടത്.

മഹാരാഷ്ട്ര മുതൽ കേരളതീരം വരെ തുടരുന്ന ന്യൂനമർദ്ദ പാത്തി (Trough), രാജസ്ഥാനിലെ ജയ്സാൽമിർ മുതൽ ഇന്ത്യക്ക് കുറുകെ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ ഉയർത്തിലായി അന്തരീക്ഷത്തിൽ രൂപം കൊണ്ട മൺസൂൺ മഴ പാത്തി (monsoon trough) യാണ് മഴക്ക് കാരണമാകുന്നത്.

രാജസ്ഥാൻ മുതൽ കിഴക്ക് ബംഗാൾ ഉൾക്കടലിൽ വരെ ഇത് നീണ്ടുനിൽക്കുന്നു. അതിനാൽ കേരളം മുതൽ മധ്യ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ കാലവർഷം സ്വാഭാവിക തലത്തിൽ സജീവമാകും. പ്രളയം തുടരുന്ന അസമിൽ മഴ ശക്തി കുറഞ്ഞ് തുടരും. വെള്ളം ഇറങ്ങാൻ സമയമെടുക്കും. ഇവിടെ മരണം 80 ആയി.

കേരളത്തിൽ മഴ കുറവ് തുടരുകയാണെങ്കിലും കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മഴ 100 സെന്റീമീറ്റർ കടന്നു. കാസർഗോഡ് മഴ കുറവ് ഇപ്പോഴും 20 ശതമാനം തുടരുകയാണ്. സംസ്ഥാനത്ത് രണ്ടു ജില്ലകളിലാണ് മഴയുടെ അളവ് 100 സെൻറീമീറ്റർ പിന്നിടുന്നത്. കഴിഞ്ഞവർഷവും ഇതേസമയത്തായിരുന്നു കാസർഗോഡ് ജില്ലയിൽ 100 സെൻറീമീറ്റർ മഴ പിന്നിട്ടത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കൻ കേരളത്തിൽ പെയ്യുന്ന മഴയാണ് ഈ ജില്ലകളെ 100 സെൻറീമീറ്റർ മഴ കടക്കാൻ കാരണമായത്. ഇനിയുള്ള ദിവസങ്ങളിലും കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ ശക്തമായ മഴ ഇടവേളകളോടെ തുടരും. വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ജാഗ്രത പുലർത്തണം.

വാരാന്ത്യ ടൂറുകളും വിനോദസഞ്ചാരങ്ങളും ഈ ജില്ലകളുടെ കിഴക്കൻ മലയോര മേഖലകളിൽ സുരക്ഷിതമല്ല. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. പർവ്വത മേഖലകളിലുള്ള രാത്രികാല യാത്രയും സുരക്ഷിതമല്ല.

കേരളത്തിൻ്റെ തീരത്ത് കടലും വരുന്ന ദിവസങ്ങളിൽ പ്രക്ഷുബ്ധമാകും. കടലിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ടാകും. അതിനാൽ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ പാലിച്ചു മാത്രം കടലിൽ പോകുക.
© Metbeat News

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020