കേരളത്തില്‍ ഭൂചലനങ്ങള്‍ കൂടുന്നു, മധ്യ കേരളം കേന്ദ്രീകരിക്കുന്നു

കേരളത്തില്‍ ഭൂചലനങ്ങള്‍ കൂടുന്നു, മധ്യ കേരളം കേന്ദ്രീകരിക്കുന്നു

തീവ്ര കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കൊപ്പം കേരളത്തില്‍ ഭൂചലനങ്ങളും വര്‍ധിക്കുന്നു. കേരളത്തില്‍ മധ്യ ജില്ലകളിലാണ് ഭൂചലനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലു തവണ ഭൂചലനമുണ്ടായി. ഇതില്‍ ഏറ്റവും ശക്തി കൂടിയത് ഇന്ന് തൃശൂരിലുണ്ടായ ഭൂചലനമാണ്.

മധ്യകേരളം കേന്ദ്രീകരിക്കുന്നു

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം (National Center for Seismology ) യുടെ കണക്കുകള്‍ പ്രകാരം മധ്യ കേരളത്തിലാണ് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 2020 മുതല്‍ മൂന്നു തവണ ഭൂചലനമുണ്ടായതും ഇടനാട് പ്രദേശത്താണ്.

പ്രകമ്പനം മൂന്നു ജില്ലകളില്‍

എന്നാല്‍ ഇന്ന് ഭൂചലനം തീരത്തോട് അടുത്തുള്ള മേഖലയാണ് ഉണ്ടായത്. കൂടാതെ കഴിഞ്ഞ ഭൂചലനങ്ങളെ അപേക്ഷിച്ച് തീവ്രതയും കൂടുതലാണ്. ഇന്ന് രാവിലെ 8.15 നാണ് ഭൗമോപരിതലത്തില്‍ നിന്ന് 7 കി.മി താഴ്ചയില്‍ തൃശൂര്‍ പാവറട്ടിക്ക് സമീപം ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളുടെ അതിര്‍ത്തികളില്‍ വരെ അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റേതാണ് ഇത്രയും പ്രദേശത്തെ പ്രകമ്പനം.

മൂന്നു വര്‍ഷത്തിനിടെ മൂന്നു ഭൂചലനം

2020 ല്‍ പാലക്കാട്, മലപ്പുറം, തൃശൂര്‍ അതിര്‍ത്തി പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഡിസംബര്‍ 11 ന് വൈകിട്ടായിരുന്നു ഇത്. 5 കി.മി താഴ്ചയിലാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്. 2021 ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 2.40 ന് പാലക്കാട് ജില്ലയില്‍ ഭൂചലനം ഉണ്ടായി. 2.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. 2021 നവംബര്‍ 28 ന് എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം 1.7 തീവ്രതയുള്ള ഭൂചലനമുണ്ടായി. 5 കി.മി താഴ്ചയിലുള്ള ഭൂചലനം അന്ന് അനുഭവപ്പെട്ടത് രാവിലെ 8.22 നായിരുന്നു.

2022 ന് ശേഷം 15 ഭൂചലനങ്ങള്‍?

കേരളത്തില്‍ 2022 ന് ശേഷം 15 ഭൂചലനങ്ങളുണ്ടായെന്നാണ് ജര്‍മന്‍ ആസ്ഥാനമായ ഭൂചലന നിരീക്ഷകരായ വോള്‍ക്കാനോ ഡിസ്‌കവറിയുടെ റിപ്പോര്‍ട്ട്. 4.6 തീവ്രതയുള്ള ഭൂചലനങ്ങള്‍ കേരളത്തിലുണ്ടായിരുന്നുവെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. 4 തീവ്രതയുള്ള രണ്ടു ഭൂചലനങ്ങളും 3 നും 4 നും ഇടയില്‍ തീവ്രതയുള്ള രണ്ടു ഭൂചലനങ്ങളും 2 നും 3 നും ഇടയിലുള്ള 10 ഭൂചലനങ്ങളും ഉണ്ടായതായി ഇവര്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 22 ഭൂചലനങ്ങളാണ് കേരളത്തിലുണ്ടായതെന്നും ഇതില്‍ 13 എണ്ണം 2 നേക്കാള്‍ തീവ്രത കൂടിയതായിരുന്നുവെന്നും ിവരുടെ റിപ്പോര്‍ട്ട് പറയുന്നു.

2023 ഒക്ടോബര്‍ 31 ന് പുലര്‍ച്ചെ 3.5 ന് തൃശൂരിന് 38 കി.മി കിഴക്ക് 4.6 തീവ്രതയുള്ള ഭൂചലനം 212 കി.മി താഴ്ചയില്‍ ഉണ്ടായിരുന്നുവെന്നും 2023 ജനുവരി 16 ന് രാത്രി 9.32 ന് കണ്ണൂരിന് വടക്ക്-വടക്കുപടിഞ്ഞാറ് 27 കി.മി അകലെ 10 കി.മി താഴ്ചയില്‍ 4.6 തീവ്രതയുള്ള ഭൂചലനവും ഉണ്ടായെന്നാണ് വോള്‍ക്കാനോ ഡിസ്‌കവറിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിരുന്നില്ല.

കേരളം സോണ്‍ 3 ലെ പ്രദേശം

കേരളം ഭൂചലന സാധ്യതാ പ്രദേശങ്ങളുടെ സോണ്‍ 3 ലാണ് ഉള്‍പ്പെടുന്നത്. സോണ്‍ 1 ഏറ്റവും ഭൂകമ്പ സാധ്യതാ കുറഞ്ഞ പ്രദേശമാണ്. സോണ്‍ 3 ല്‍ കേരളം, ഗോവ, ലക്ഷദ്വീപ്, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് സോണ്‍ 3 ല്‍ ഉള്‍പ്പെടുന്നത്.

ഇടുക്കിയിലെ ഭൂചലനങ്ങള്‍

2020 മാര്‍ച്ച് 13 ന് കേരളത്തില്‍ 6 ഭൂചലനങ്ങള്‍ ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 27 ന് ഇടുക്കിയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 10.15 ന് സമാനമായ മുഴക്കം കേട്ടെങ്കിലും റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് 10 മിനുട്ടിനു ശേഷം 10.25 ന് ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2 രേഖപ്പെടുത്തി. 28 ന് രാത്രി 7.22 ന് ഭൂമിയില്‍ പ്രകമ്പനമുണ്ടായി. 1.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കി ഡാമിനെ ബന്ധിപ്പിച്ച കുറത്തി മല കേന്ദ്രീകരിച്ചായിരുന്നു. പിറ്റേന്ന് രാവിലെ 6.42 ന് 3 തീവ്രതയുള്ള ചലനമുണ്ടായി. അണക്കെട്ടിനു സമീപമാണ് അന്ന് ഭൂചലനങ്ങളുണ്ടായതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

Metbeat News Google App വഴി വായിക്കാൻ 👆 ഈ വിഡിയോ നിർദ്ദേശം പിന്തുടരുക

image credit : National Center for Seismology (NCS)

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment