Uae weather updates 15/06/24: കൊടുംചൂടിൽ നിന്ന് രക്ഷ ; ഇന്നുമുതൽ ഉച്ചവിശ്രമം

Uae weather updates 15/06/24: കൊടുംചൂടിൽ നിന്ന് രക്ഷ ; ഇന്നുമുതൽ ഉച്ചവിശ്രമം

തൊഴിലാളികളെ കൊടുംചൂടിൽനിന്ന് രക്ഷിക്കാൻ യുഎഇയിൽ ഇന്നുമുതൽ ഉച്ചവിശ്രമം ആരംഭിക്കും. ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയത്ത് ഉച്ചവിശ്രമം നിർബന്ധമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം തുടരും. 

മൂന്നുമാസക്കാലം ഈ സമയം തൊഴിലാളികൾ പുറം ജോലി ചെയ്യിക്കാൻ പാടില്ലെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഉത്തരവിറക്കി. സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഉഷ്ണകാല രോഗങ്ങളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. യുഎഇയിൽ ഉച്ചവിശ്രമം ന‍ടപ്പാക്കുന്നത് തുടർച്ചയായി 20–ാംവർഷമാണ്. ചൂടിൽ ജോലി ചെയ്യേണ്ടിവരുന്ന ഡെലിവറി ഡ്രൈവർമാർക്കു വിശ്രമിക്കാൻ 6000 വിശ്രമകേന്ദ്രങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

Uae weather updates 15/06/24: ജോലിസമയ ക്രമീകരണം കമ്പനികൾക്ക്‌ നടപ്പാക്കാം


തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജോലി സമയം അതതു കമ്പനിക്കു ക്രമീകരിക്കാൻ സാധിക്കും. ചൂട് താരതമ്യേന കുറഞ്ഞ രാവിലെയും വൈകിട്ടുമാക്കി 2 ഷിഫ്റ്റോ അല്ലെങ്കിൽ പുലർച്ചെ തുടങ്ങി 12ന് തീരുംവിധം ഒറ്റ ഷിഫ്റ്റോ ആയി ജോലി സമയം ക്രമീകരിക്കാം. ജോലി സമയം 8 മണിക്കൂറിൽ കൂടാൻ പറ്റില്ല. ഓവർടൈം ജോലിക്ക് അധിക വേതനം നൽകുകയും വേണം. ഉച്ചവിശ്രമ കാലത്തെ ജോലി സമയ ക്രമീകരണം മുൻകൂട്ടി തൊഴിലാളികളെ അറിയിക്കുകയും വേണം.

വിശ്രമിക്കാൻ സൗകര്യം ഒരുക്കണം


2 ഷിഫ്റ്റായാണ് ജോലി ക്രമീകരിക്കുന്നതെങ്കിൽ ഇടവേള സമയത്ത് കൊടുംചൂടിൽ നീണ്ട യാത്ര ഒഴിവാക്കി, പകരം ജോലി സ്ഥലത്തുതന്നെ വിശ്രമിക്കാൻ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കി കൊടുക്കണം. ഇവിടെ തണുത്ത ശുദ്ധ ജലം എപ്പോഴും ലഭ്യമാക്കുകയും വേണം.

അടിയന്തര സാഹചര്യങ്ങളിൽ ഇളവ്


അടിയന്തര ഘട്ടങ്ങളിൽ അവശ്യസേവന വിഭാഗം ജീവനക്കാർക്ക് നിരോധിത സമയത്തും ജോലി ചെയ്യാൻ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യസുരക്ഷാ മുൻകരുതലും കമ്പനി ഒരുക്കി നൽകണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനും ശരീരം തണുപ്പിക്കാൻ ആവശ്യമായ നടപടിയും അതത് കമ്പനികൾ സ്വീകരിക്കണം.


നിയമലംഘനത്തിന് കനത്ത പിഴ


നിയമം  ലംഘിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 വീതം പിഴ ഈടാക്കും. പരമാവധി 50,000 ദിർഹമാണ് പിഴയായി നൽകേണ്ടി വരിക. കൂടാതെ കമ്പനിയെ തരം താഴ്ത്തുന്നതിനൊപ്പം ജോലി താൽക്കാലികമായി നിർത്തിവെക്കുകയും വേണ്ടിവരും. നിയമലംഘനം കണ്ടെത്തുന്നതിനുള്ള പരിശോധനയും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെക്കുറിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

ബോധവൽക്കരണം


ചൂടുകാലത്തുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും മുൻകരുതലും സംബന്ധിച്ച് തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തണം. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ തൊഴിലാളികൾക്ക് മനസ്സിലാകുന്ന അവരുടെ ഭാഷയിലും ബോധവൽക്കരണം നടത്താം.

തയാറെടുപ്പുകൾ വിലയിരുത്തി മന്ത്രി


മധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ സ്വകാര്യ മേഖലയുടെ തയാറെടുപ്പുകൾ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ  റഹ്മാൻ അൽ അവാർ വിലയിരുത്തി.  മന്ത്രാലയത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം ദുബായിലെ പ്രധാന നിർമാണ സൈറ്റുകളിലൊന്ന് ഡോ. അൽ അവാർ സന്ദർശിക്കുകയും ചെയ്തു.

തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനായി കൂളിങ് ഉപകരണങ്ങൾ, തണുത്ത വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കി കമ്പനി തൊഴിലാളികൾക്കായി ഒരുക്കിയ വിശ്രമ സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുകയുണ്ടായി. യുഎഇയിലെ സ്വകാര്യമേഖലയിൽ ഉച്ചവിശ്രമം ഒരു സംസ്‌കാരമായി മാറിയിരിക്കുന്നുവെന്ന് അൽ അദ്ദേഹം പറഞ്ഞു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment