kerala weather 01/06/24: 3 ദിവസം കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ കനക്കും, ജാഗ്രത

kerala weather 01/06/24: 3 ദിവസം കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ കനക്കും, ജാഗ്രത

തെക്കൻ കേരളത്തിലും മധ്യ ജില്ലകളിലും ഇന്ന് ശക്തമായ മഴക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കും. ഇടിയോടു കൂടെയുള്ള കനത്ത മഴയാണ് തെക്കൻ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലകളിലും മറ്റും ഇന്ന് പ്രതീക്ഷിക്കേണ്ടത്. ശക്തമായ മിന്നൽ സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിൽ അനാവശ്യ യാത്രകൾ നടത്തുന്നതും മറ്റും ഒഴിവാക്കണമെന്ന് Metbeat ലെ നിരീക്ഷകർ ഉപദേശിക്കുന്നു.

തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ആയി അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുണ്ട്. അന്തരീക്ഷത്തിന്റെ മധ്യ ഉയരങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലുള്ള മേഘങ്ങളെയാണ് ഇവ സ്വാധീനിക്കുന്നത്. ഇതോടൊപ്പം തെക്കൻ തമിഴ്നാടിന് മുകളിലും ശ്രീലങ്കക്കും സമീപത്തായി മറ്റൊരു കാറ്റിന്റെചുഴി (wind circulation ) കൂടി ദൃശ്യമാണ്. ഇവ കിഴക്കൻ കാറ്റിനെ സ്വാധീനിച്ചേക്കും.

തമിഴ്നാടിന്റെ തെക്കൻ മേഖലയിലും കേരളത്തിൻ്റെ തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ഉച്ചക്കുശേഷം മഴ ശക്തിപ്പെടാൻ ഉള്ള സാധ്യതയാണ് ഞങ്ങളുടെ നിരീക്ഷകർ കാണുന്നത്. കാലവർഷ മഴക്ക് വിരുദ്ധമായി ഇടിയോടുകൂടെയും ശക്തമായ മിന്നലോട് കൂടെയുമുള്ള മഴ പ്രതീക്ഷിക്കാം.

കിഴക്കൻ മലയോരമേഖലയിലെ വനങ്ങളിലും മറ്റും ശക്തമായതോ അതിശക്തമായതോ ആയ മഴ സാധ്യത നിലനിൽക്കുന്നു. അതിനാൽ തോടുകളിലും അരുവികളിലും ഇറങ്ങുന്നതോ കുളിക്കുന്നതോ സുരക്ഷിതമല്ല. പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പുഴകളിലെ ജലനിരപ്പ് കൂടിയേക്കും

ഇന്നലെ ശക്തമായ മഴ പെയ്തു ജലനിരപ്പ് കൂടിയ പുഴകളുടെ സമീപത്തുള്ളവരും ജാഗ്രത പാലിക്കണം. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് ഇന്ന് കൂടുതൽ മഴ സാധ്യത. വടക്കൻ കേരളത്തിലെ കിഴക്കൻ മലയോര മേഖലകളിലും മഴ ശക്തിപ്പെടും. വടക്കൻ കേരളത്തിന്റെ തീരദേശത്തും ഇടനാട്ടിലും സാധാരണ തോതിലുള്ള മഴ പ്രതീക്ഷിച്ചാൽ മതിയാകും.

കാലവർഷക്കാറ്റ് ദുർബലം

കേരളത്തിൻറെ മുകളിലെ അന്തരീക്ഷ സ്ഥിതി വിലയിരുത്തുമ്പോൾ കാലവർഷക്കാറ്റ് താഴ്ന്ന ഉയരങ്ങളിൽ ദുർബലമാണ്. എന്നാൽ രണ്ട് കിലോമീറ്റർ മുതൽ മുകളിലോട്ടുള്ള കാറ്റിൻ്റെ സ്വാധീനം ഇന്ന് കേരളത്തിന്റെ മുകളിൽ അല്പം ശക്തമായി കാണുന്നുണ്ട്.

മിഡ് ലെവലിലുള്ള (അന്തരീക്ഷത്തിന്റെ മധ്യ ഉയരങ്ങളിലുള്ള) ചക്രവാത ചുഴിയാണ് ഇതിന് കാരണം. അന്തരീക്ഷത്തിന്റെ രണ്ട് കിലോമീറ്റർ ഉയരം വരെ താഴ്ന്ന ഉയരത്തിൽ ശക്തി കുറഞ്ഞ നിലയിലാണ് പടിഞ്ഞാറൻ കാറ്റ്.
ഇവ കൊണ്ടുവരുന്ന മേഘങ്ങളെ മധ്യ ഉയരങ്ങളിലെ കാറ്റിൻ്റെചുഴി മഴയായി പെയ്യിക്കും.

മൂന്നു ദിവസം മഴ കനക്കും

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇടിയോടു കൂടിയ ശക്തമായ മഴ ഇപ്പോഴത്തെ സിസ്റ്റം നൽകും. നിലവിലെ സാഹചര്യത്തിൽ പകൽ സമയങ്ങളിൽ തന്നെ കൂമ്പാരമേഘങ്ങൾ (ക്യൂമുലോനിംബസ് ) രൂപം കൊള്ളാൻ സാധ്യത ഉള്ളതിനാൽ മഴയുടെ തീവ്രത വർധിച്ചേക്കാം.

ചുരുങ്ങിയ അളവിൽ വലിയ തോതിൽ മഴ ലഭിക്കുകയും, പെയ്യുന്ന മഴ ചില മേഖലകൾ കേന്ദ്രീകരിച്ചു കൂടുതൽ സമയം നിന്നു പെയ്യുകയും ചെയ്യാം. ഇത് നഗര പ്രദേശങ്ങളിൽ പെട്ടന്നുള്ള വെള്ളകെട്ടുകൾക്കും കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ, മലവെള്ളപാച്ചിൽ പോലുള്ളവയ്ക്കും കാരണമായേക്കാമെന്നതിനാൽ ജാഗ്രത പുലർത്തണം.തിരമാലകള്‍ 1 മുതല്‍ 4 അടി വരെ ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Leave a Comment