ബീഹാറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ എട്ട് പേർ സൂര്യാതപമേറ്റ് മരിച്ചു; 48 മണിക്കൂറിൽ 18 മരണം
പട്ന: കടുത്ത ചൂടിൽ പൊള്ളുന്ന ബിഹാറിൽ സൂര്യാതപമേറ്റ് മരിച്ചവരിൽ എട്ട് പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥർ. സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്.
ശനിയാഴ്ച (നാളെ) വോട്ടെടുപ്പ് നടക്കുന്ന ബീഹാറിലെ പാർലമെന്റ് മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് സൂര്യാതപമേറ്റ് മരിച്ചത്.
സ്റ്റേറ്റ് എമർജൻസി ഓപറേഷൻ സെൻ്റർ വിവരം അനുസരിച്ച്, കടുത്ത ചൂടുമായി ബന്ധപ്പെട്ട മരണങ്ങളിൽ 11 എണ്ണം റോഹ്താസ് ജില്ലയിലും ആറ് എണ്ണം ഭോജ്പൂരിലും ഒരെണ്ണം ബക്സറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. റോഹ്താസിൽ മരിച്ചവരിൽ അഞ്ച് പേരും ഭോജ്പൂരിൽ രണ്ട് പേരും ബക്സറിൽ ഒരാളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റോഹ്താസ് ജില്ലയിലെ സസാരം, കാരക്കാട്ട് ലോക്സഭാ മണ്ഡലങ്ങൾ, ഭോജ്പൂർ ജില്ലയിലുള്ള അറാ മണ്ഡലം, ബക്‌സർ മണ്ഡലം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
സമാനതകളില്ലാത്ത രീതിയിൽ ശക്തമാണ് ബിഹാറിലെ അന്തരീക്ഷ താപനില. വ്യാഴാഴ്ച സംസ്ഥാനത്ത് മിക്ക ഭാഗങ്ങളിലും 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബക്സറിലാണ് ഇതിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 47.1 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച ബക്സറിൽ റിപ്പോർട്ട് ചെയ്തത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.