14 മണിക്കൂറിനുള്ളിൽ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളിലും ചെറു ഭൂചലനങ്ങൾ ഐസ്‌ലൻഡിലുണ്ടായി.തുടർ ഭൂചലനങ്ങളിൽ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ആൾനാശമോ സാരമായ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിൻ്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം.
തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് അഗ്നിപർവ്വത സ്ഫോടനം (volcanic eruption) ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഐസ്︋ലാൻഡിലെ (Iceland) ജനങ്ങൾ. ഇതിനെത്തുടർന്ന് ഐസ്︋ലാൻഡിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗ്രിൻഡാവിക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അഗ്നിപർവത സ്ഫോടന സാധ്യതയുള്ളതിനാൽ ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ ലഗൂണും അടച്ചുപൂട്ടിയിരിക്കുകയാണ്. അഗ്നിപർവത സ്ഫോടനമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മുൻകരുതലിൻ്റെ ഭാഗമായി നഗരത്തിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളോട് നഗരം വിട്ടുപോകാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയതായി വാർത്ത ഏജൻസിയായ എഎഫ്പി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.