ഭൂചലനം നടന്ന് മൂന്നു ദിവസത്തിനു ശേഷം 80 കാരിക്ക് പുതുജന്മം
ജനുവരി 1 ന് ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് 80 കാരിയെ പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍. മൂന്നു ദിവസത്തിനു ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്. ജപ്പാന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എന്‍.എച്ച്.കെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാജിമ ടൗണില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോയും രക്ഷാസംഘം പുറത്തുവിട്ടിരുന്നു.
7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 82 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നോട്ടോ ഉപദ്വീപിലാണ് ഭൂചലനം ഏറെ നാശനഷ്ടം വിതച്ചത്. വാജിമ, സുസു ടൗണുകളില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു ആളുകള്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലന സമയത്ത് വീടിന്റെ തറ നിലയില്‍ ആയിരുന്നു 80 കാരി. 72 മണിക്കൂര്‍ വരെ ഭൂചലന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ ആളുകളെ പുറത്തെത്തിക്കാന്‍ കഴിയാറുണ്ട്. സാധാരണ കുട്ടികളെ ഇങ്ങനെ രക്ഷപ്പെടുത്താറുണ്ടെങ്കിലും പ്രായമായ ഒരാളെ രക്ഷപ്പെടുത്തുക പതിവുള്ളതല്ല.
ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനില്‍ പതിനായിരങ്ങള്‍ക്ക് വൈദ്യുതിയോ വെള്ളമോ ഇല്ല. ഭൂചലനത്തിനൊപ്പം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ഇതോടെ റോഡുകളും മറ്റും തകര്‍ന്ന് നിരവധി ടൗണുകള്‍ ഒറ്റപ്പെട്ടു. വ്യാഴാഴ്ച രാവിലെ വരെ 150 പേരെ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിവോ കിഷിദ പറഞ്ഞു. ഇനിയും ആളുകളെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ തെരച്ചില്‍ പുനരാരംഭിക്കുന്നുണ്ട്.