ഉഷ്ണതരംഗത്തില്‍ 30 മടങ്ങ് വര്‍ധന; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റെക്കോർഡ് താപനില

ആഗോള തലത്തില്‍ വരും വര്‍ഷങ്ങളില്‍ താപ നില വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ വര്‍ഷം ഏഷ്യന്‍ രാജ്യങ്ങള്‍ നേരിട്ടത് രൂക്ഷമായ വേനലെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രിലില്‍‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രേഖപ്പെടുത്തിയ താപനിലയിലാണ് വന്‍ വര്‍ധന ഉണ്ടായിട്ടുള്ളത്. ബംഗ്ലാദേശ്, ഇന്ത്യ, ലാവോസ്, തായ്‌ലന്‍ഡ് എന്നിവടങ്ങളില്‍ ചൂട് വന്‍ തോതില്‍ വര്‍ധിച്ചെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നടത്തിയ വിശകലനത്തില്‍ പറയുന്നത്.

ഏഷ്യയിലെ തെക്ക്, തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഏപ്രിലില്‍ തീവ്രമായ ചൂടാണ് അനുഭവപ്പെട്ടത്. ലാവോസില്‍ 42 ഡിഗ്രിയും, തായ്‌ലന്‍ഡില്‍ 45 ഡിഗ്രി ചൂടുമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം ഈ പ്രദേശങ്ങളിലെ ഉഷ്ണ തരംഗത്തില്‍ കുറഞ്ഞത് 30 മടങ്ങ് വര്‍ധനയുണ്ടാക്കിയതാണ് കണ്ടെത്തലുകള്‍
2027 നുള്ളില്‍ ആഗോള താപനനില 1.5 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് പുറുപ്പെടുവിച്ച മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മനുഷ്യരുടെ ഇടപെടലുകളും എല്‍ നിനോ പ്രതിഭാസവുമാണ് അന്തരീക്ഷ താപനില വര്‍ധിക്കാന്‍ ഇടയാക്കുന്നത്. 2023-2027 കാലയളവില്‍ ഇത് വരെ രേഖപ്പെടുത്തുന്നതിനേക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയേക്കും.

2023- 27 നും ഇടയില്‍ ശരാശരി താപനില വ്യാവസായിക വിപ്ലവത്തിന് മുന്‍പുള്ള താപനിലയായ 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരാനാണ് സാധ്യത. 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് അന്തരീക്ഷ താപനില ഉയരുമ്പോള്‍ നീണ്ട ഉഷ്ണ തരംഗങ്ങള്‍, കൊടുങ്കാറ്റുകള്‍, കാട്ടുതീ എന്നിവ സംഭവിക്കാനുള്ള സാധ്യതയും ഏറെക്കൂടുതലാണ്. എന്നാല്‍ 2027 ന് മുന്‍പ് മലീനീകരണത്തിന്റെ തോത് വെട്ടിക്കുറയ്ക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ശ്രമം നടത്തിയാല്‍ പരിധി നിലനിര്‍ത്താമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
2020 ല്‍ ലോക കാലാവസ്ഥാ സംഘടന 1.5 ഡിഗ്രി സെല്‍ഷ്യസ് മറികടക്കാനുള്ള ഒരു സാധ്യതയെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ഡിഗ്രി മറികടക്കാനുള്ള സാധ്യത 20 ശതമാനത്തില്‍ താഴെയാണെന്നാണ് പ്രവചിച്ചത്. കഴിഞ്ഞ വര്‍ഷം സാധ്യത 50 ശതമാനമായി വര്‍ധിച്ചു. ഇപ്പോള്‍ അത് 66 ശതമാനമായാണ് വര്‍ധിച്ചത്.

എല്‍ നിനോ മുന്നറിയിപ്പ്

ലോക കാലാവസ്ഥ സംഘടന കഴിഞ്ഞ ദിവസം എല്‍ നിനോ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്‍ നിനോ കാലാവസ്ഥ വ്യതിയാനം ആരോഗ്യം, ജല ലഭ്യത, ഭക്ഷ്യസുരക്ഷ, പരിസ്ഥിതി എന്നിവയെ ദോഷമായി ബാധിക്കാനുള്ള സാധ്യത ഏറെക്കൂടുതലാണ്. ഐക്യരാഷ്ട്ര സഭയുടെ പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെ ലോകാരോഗ്യ സംഘടന ജനറല്‍ സെക്രട്ടറി പെറ്റേരി താലസ് പറഞ്ഞു എല്‍ നിനോ പ്രതിഭാസത്തിന്റെ മുന്നറിയിപ്പ് നല്‍കിയത്. 2023-27ന നും ഇടയില്‍ ആഗോള താപനില 1850-1900 വര്‍ഷത്തെ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്നും സംഘടന പ്രവചിക്കുന്നുണ്ട്.

പതിറ്റാണ്ടുകളായി 2 ഡിഗ്രി സെല്‍ഷ്യസ് ആണ് അപകടകരമായ പരിധിയായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 2018 ലാണ് ഈ കണക്ക് പരിഷ്‌കരിക്കുന്നത്. 1.5 ഡിഗ്രി കഴിഞ്ഞാല്‍ തന്നെ ഇത് അപകടകരമാണ് എന്ന് കണ്ടെത്തുകയായിരുന്നു. താപനില വര്‍ധിക്കാനുള്ള രണ്ട് പ്രധാന ഘടകമെന്ന് പറയുന്നത് കാര്‍ബണ്‍ ബഹിര്‍ഗമനമാണ്. കോവിഡ് കാലത്ത് ഈ നിരക്ക് കുറഞ്ഞുവെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് വര്‍ധിച്ചിരുന്നു.

Leave a Comment