ഫുക്കുഷിമ ദുരന്തം @12 ; മഹാ ദുരന്തത്തെ ഓർമിപ്പിച്ചുകൊണ്ട് ജപ്പാനിൽ ഭൂചലനം

ഫുക്കുഷിമ ദുരന്തം @12 ; മഹാ ദുരന്തത്തെ ഓർമിപ്പിച്ചുകൊണ്ട് ജപ്പാനിൽ ഭൂചലനം

2011 ൽ , തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, സെൻഡായി ഇതിന് ഏറ്റവും അടുത്തുള്ള നഗരവും. ജാപ്പനീസ് തലസ്ഥാനമായടോക്യോവിൽ നിന്ന് 372 കിലോമീറ്റർ അകലെയായിരുന്നു ഈ സംഭവ വികാസങ്ങൾ, ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകുന്ന ജപ്പാൻ. എന്നാൽ ഈ ഭൂചലനം വ്യത്യസ്തമായിരുന്നു. രാജ്യത്തു സംഭവിച്ചതിൽ ഏറ്റവും ശക്തമായ ഭൂചലനം, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനം.

2011ൽ പസഫിക് സമുദ്രത്തിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് ജപ്പാന്റെ വടക്കു കിഴക്കൻ ഭാഗത്ത് ആഞ്ഞടിച്ച സുനാമി 2100 കിലോമീറ്റർ ദൈർഘ്യമുള്ള തീരത്തെ ഗ്രാമങ്ങളെയും നഗരങ്ങളെയും തുടച്ചുനീക്കുകയായിരുന്നു. അനൗദ്യോഗിക കണക്ക് പ്രകാരം 19000 ത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഈ വലിയ ദുരന്തത്തിന് ശേഷവും നിരവധി ഭൂകമ്പങ്ങൾക്ക് ജപ്പാൻ സാക്ഷ്യം വഹിച്ചു. ഈ ദുരന്തത്തെ ഓർമ്മപ്പെടുത്തുവാൻ എന്നോണം ജപ്പാനിൽ ഇതാ ഇന്നലെ 7.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം റിപ്പോർട്ട് ചെയ്തു. ഈ ഭൂചലനത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.ഭൂകമ്പത്തിന് പിന്നാലെ സുനാമി സാധ്യതയും മുന്നിൽക്കണ്ട് ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇഷികാവ, നിഗട്ട, തൊയാമോ എന്നീ തീരദേശ മേഖലയിൽ ജപ്പാൻ കാലാവസ്ഥാ ഏജൻസി സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഭൂകമ്പ പ്രഭവ കേന്ദ്രത്തിൽനിന്ന് 300 കിലോമീറ്റര്‍ വരെ സുനാമിത്തിരൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് പസഫിക് ആസ്ഥാനമായ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അതേസമയം, റഷ്യയിലെ വ്‌ലാഡിവോസ്തോക്, നഗോഡ്ക എന്നീ കിഴക്കൻ സിറ്റികളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഭൂകമ്പത്തെ തുടർന്ന് ഭയന്ന് വിറച്ച് റസ്റ്റോറന്റിലെ ടേബിളിന് താഴെ ഒളിക്കുന്ന ആളുകളുടെ ദൃശ്യങ്ങൾ എക്സിലുടെ പ്രചരിക്കുന്നു. പ്രകമ്പനത്തിൽ മെട്രോ സ്റ്റേഷനിലെ ബോർഡുകൾ തകർന്നതും സൂപ്പർമാർക്കറ്റിലെ വസ്തുക്കൾ നിലത്ത് വീണതു ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം
കടലിൽ ഇന്നലെ വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ശേഷമാണ് ഭൂചലനമുണ്ടായത്. പത്തിലധികം തുടർച്ചകൾ ഉണ്ടായി. നിരവധി കെട്ടിടങ്ങൾ തകർന്നു, ഇതിൽ പെട്ട് ഒരാൾ മരിച്ചു.വാജിമാ പട്ടണത്തിൽ തീപിടുത്തം ഉണ്ടാവുകയും മുപ്പത്താറായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങുകയും ചെയ്തു.

ഫുക്കുഷിമ ദുരന്തം@12

യുക്രെയിനിലെ ചേണോബിൽ ആണവ ദുരന്തത്തിനു ശേഷം നടന്ന ഏറ്റവും വലിയ ആണവദുരന്തം, ജപ്പാനെ അടിപതറിച്ചു കളഞ്ഞ ശക്തമായ ഭൂചലനം, തുടർന്ന് മരണത്തിന്‌റെ ദൂതുമായി അലറിപ്പാഞ്ഞെത്തിയ വമ്പൻ തിരകൾ. ഇവയെല്ലാം ചേർന്നതായിരുന്നു ഫുക്കുഷിമ ദുരന്തം. ഭൂചലനത്തിന്റെ ഫലമായി കൂറ്റൻ സുനാമി തിരകൾ ഉണ്ടായി. ഇവ മണിക്കൂറിൽ 800 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു. ഇതേതുടർന്ന് സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. കരയുടെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് തിരകൾ എത്തി. വിമാനത്താവളം കടൽ വെള്ളത്തിൽ മുങ്ങി. വെള്ളം തിരികെ കടലിലേക്ക് വലിഞ്ഞപ്പോൾ ആയിരക്കണക്കിനാളുകൾ തിരയോടൊപ്പം കടലിലേക്ക് ഒഴുകി.

സുനാമി തിരകളിൽ പെട്ട പലരെയും ഇപ്പോഴും കണ്ടെത്താൻ ആയിട്ടില്ല. ടൊഹോക്കു മേഖലയിൽ നിരവധി ആണവനിലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ജപ്പാന്റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. സുനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ആണവ ഇന്ധനത്തെ ശീതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി. ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി.

ഇത് റിയാക്ടറിന്‌റെ കണ്ടെയ്ൻമെന്‌റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാവുകയും സ്ഫോടനം നടക്കുകയും ചെയ്തു. ഇതേ തുടർന്ന് വികിരണ പ്രവാഹം ഉടലെടുത്തു. അതിനാൽ പ്ലാന്റിന് കിലോമീറ്റർ അകലെ തന്നെ ജപ്പാൻ സർക്കാർ പ്രവേശനം നിരോധിച്ചു. ആൾനാശം ഉണ്ടായില്ല എങ്കിലും ഏറ്റവും വലിയ ആണവ ദുരന്തം ആയിരുന്നു ഇത്. ലക്ഷക്കണക്കിന് ആളുകളെ ഈ മേഖലയിൽ നിന്നൊഴുപ്പിച്ചു. ഫുക്കുഷിമയ്ക്ക് ശേഷം റിയാക്ടറിൽ നിന്നു ശേഖരിച്ച വെള്ളം എന്തുചെയ്യുമെന്നത് വലിയ വിവാദമായിരുന്നു. പിന്നീട് ഈ വെള്ളം സംസ്കരിച്ച ശേഷം കടലിലേക്ക് ഒഴിക്കുവിടാൻ തീരുമാനിച്ചു.

സുനാമിക്ക്കാരണം

കടലിലെയും മറ്റും ജലത്തിനും വൻതോതിൽ സ്ഥാനചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളെയാണ് സുനാമി എന്നു വിളിയ്ക്കുന്നത്. ഭൂമികുലുക്കം, വൻതോതിലുള്ള സമുദ്രാന്തർ ചലനങ്ങൾ, അഗ്നിപർവ്വതസ്ഫോടനം, ഉൽക്കാപതനം, മറ്റു സമുദ്രാന്തരസ്ഫോടനങ്ങൾ തുടങ്ങിയവ ഒരു സുനാമി സൃഷ്ടിക്കാൻ കഴിവുള്ള കാരണങ്ങളാണ്. സുനാമികൾ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്നത്ര വലുതും ആകാം. ഗ്രീക്ക് ചരിത്രകാരനായ തുസിഡൈഡാണ് ആദ്യമായി സുനാമിയെ സമുദ്രാന്തർ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയത്. ഇരുപതാം നൂറ്റാണ്ടുവരെ സുനാമിയെപ്പറ്റി വളരെ ചെറിയതോതിൽ മാത്രമേ അറിവുണ്ടായിരുന്നുള്ളൂ.സുനാമി എന്ന വാക്ക്, ജപ്പാൻ ഭാഷയിൽ നിന്നും ഉടലെടുത്തതാണ്. ജപ്പാൻ ഭാഷയിലെ “സു” എന്നും (തുറമുഖം) “നാമി” എന്നും (തിര) രണ്ടു വാക്കുകൾ കൂടിച്ചേർന്നതാണ്സുനാമി. ഏകദേശം 195 ഓളം സുനാമികൾ ജപ്പാനിൽ രേഖപ്പെടുത്തിയിട്ടുണ്ട് .

ഉൾക്കടലിൽ ഒരു സുനാമിയുടെ തരംഗദൈർഘ്യം നൂറുകണക്കിനു കിലോമീറ്ററുകൾ വരും, ഉയരം തുലോം P തുച്ഛവുമായിരിക്കും. അതിനാൽ തന്നെ ഒരു സുനാമി കടന്നുപോകുന്നത് ഉൾക്കടലിൽ കപ്പലിൽ ഉള്ളവർക്ക് തിരിച്ചറിയാൻ സാധിക്കില്ല. ചെറിയൊരു ഉയർച്ചയും താഴ്ചയും കടന്നുപോയതായി മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. എന്നാൽ കരയോടടുക്കുന്തോറും തരംഗദൈർഘ്യം, വേഗത എന്നിവ കുറയുകയും ഉയരം അനേകം മടങ്ങ് കൂടുകയും ചെയ്യുന്നു.

ഭൂകമ്പത്തിന്റെ തീവ്രത

ഭൂകമ്പം അളക്കുന്നതിനുള്ള പ്രാഥമിക ഉപകരണമാണ് സീസ്മോഗ്രാഫ്. ഭൂകമ്പ തരംഗങ്ങൾ മൂലമുണ്ടാകുന്ന ഭൂചലനത്തിന്റെ ഡിജിറ്റൽ ഗ്രാഫിക് റെക്കോർഡിംഗ് സീസ്മോഗ്രാഫ് നിർമ്മിക്കുന്നു. ഡിജിറ്റൽ റെക്കോർഡിംഗിനെ സീസ്മോഗ്രാം എന്ന് വിളിക്കുന്നു. ലോകമെമ്പാടുമുള്ള സീസ്മോഗ്രാഫുകളുടെ ഒരു ശൃംഖല ഭൂകമ്പത്തിന്റെ തിരമാലകളുടെ ശക്തിയും ദൈർഘ്യവും കണ്ടെത്തുകയും അളക്കുകയും ചെയ്യുന്നു.

1930-കളിൽ ചാൾസ് റിക്ടർ ആണ് ലോഗരിതമിക് ഭൂകമ്പ മാഗ്നിറ്റ്യൂഡ് സ്കെയിൽ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്തത്, അടുത്തുള്ള ഭൂകമ്പ ഗ്രാഫ് സ്റ്റേഷനുകളിൽ നിന്നുള്ള താരതമ്യേന ഉയർന്ന ഫ്രീക്വൻസി ഡാറ്റ ഉപയോഗിച്ച് തെക്കൻ കാലിഫോർണിയയിൽ സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ വലുപ്പം അളക്കാൻ.

അതേസമയം സൂനാമിത്തിരകളുടെ പൊക്കം കണക്കാക്കിയാണ് തീവ്രത അളക്കുന്നത്. ‘റൺഅപ് ഹൈറ്റ്’എന്നാണ് ഇതറിയപ്പെടുന്നത്. ഇമാമുറ-ഐഡാ സുനാമി മാഗ്നിറ്റ്യൂഡ് സ്‌കെയിൽ’ ആണ് ആദ്യകാലത്ത് ഇതിനായി ഉപയോഗിച്ചത്. പിൽക്കാലത്ത്, സൊളോവീവ് -ഇമാമുറ സൂനാമി ഇന്റൻസിറ്റി സ്‌കെയിൽ’ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനെ ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്ന റിക്‌ടർ സ്‌കെയിലു’മായി ബന്ധിപ്പിച്ച് പുതിയ സൂത്രവാക്യം നിർമിക്കാനും ശാസ്‌ത്രജ്‌ഞർക്കു കഴിഞ്ഞിട്ടുണ്ട്.ഇതനുസരിച്ച്, റിക്‌ടർ സ്‌കെയിലിൽ എട്ടിനു മുകളിലേക്കു രേഖപ്പെടുത്തുന്ന ഭൂമികുലുക്കമാണ് സുനാമിക്ക് കാരണമാവുന്നത്.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment