തെക്കൻ കേരളത്തിൽ തീവ്രമഴ സാധ്യത ഇല്ല; നാളെ രാവിലെ വരെ മഴ തുടരും

തെക്കൻ കേരളത്തിൽ തീവ്രമഴ സാധ്യത ഇല്ല; നാളെ രാവിലെ വരെ മഴ തുടരും

കഴിഞ്ഞ ദിവസം ശ്രീലങ്കക്ക് സമീപം രൂപം കൊണ്ട ചക്രവാതചുഴി (cyclonic circulation) ഇന്ന് ഉച്ചയോടെ കന്യാകുമാരി കടലിന് മുകളിൽ എത്തി. ഇന്നലെ രാത്രി മുതൽ തെക്കൻ ജില്ലകളിൽ മഴ തുടരുകയാണ്. ചക്രവാത ചുഴി കേരളത്തിന് സമീപം എത്തിയതാണ് തെക്കൻ ജില്ലകളിലും തെക്കൻ തമിഴ്നാട്ടിലും മഴ തുടരാൻ കാരണം. ശ്രീലങ്കക്ക് സമീപം ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും മഴ നൽകുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു.

തീവ്ര മഴ സാധ്യത ഇല്ല

ചില കാലാവസ്ഥ പ്രവചന മാതൃകകളിൽ (numerical weather prediction – NWP) കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഇന്ന് തീവ്രമഴ ഉണ്ടാകുമെന്ന് പ്രവചിക്കുന്നുണ്ടെങ്കിലും അത്രത്തോളം മഴക്ക് സാധ്യതയില്ലെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. എന്നാൽ ശക്തമായ മഴയോ അതിശക്തമായ മഴയോ പ്രതീക്ഷിക്കാം. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്ന് രാത്രി വരെ തുടരാനാണ് സാധ്യത. ഇതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പ്രാദേശിക വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ ശക്തമല്ലെങ്കിലും കാലവർഷത്തിന്റെ പ്രതീതിയോടെയുള്ള മഴ തുടരുന്നതാണ് കാരണം.

കേരള തീരത്ത് കടലിൽ പോകരുത്

ഇന്ന് കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധന വിലക്കില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം പറയുന്നു.

തമിഴ്നാട്ടിൽ ജാഗ്രത വേണം

തമിഴ്നാട്ടിലെ തിരുനൽവേലി ,തെങ്കാശി ജില്ലകളിൽ നാളെ രാവിലെ വരെ അതിശക്തമായ മഴ തുടരുമെന്ന് Metbeat Weather ലെ സീനിയർ ഫോർകാസ്റ്റ് കൺസൽട്ടന്റ് അഭിലാഷ് ജോസഫ് പറഞ്ഞു. ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, കുത്തൊഴുക്കുകൾ ഉണ്ടാകും.
ഈ പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഇംപാക്റ്റ് കൂടുതൽ പശ്ചിമഘട്ടത്തിൻ്റെ തമിഴ്നാട് ഭാഗത്തേക്കായിരിക്കുമെന്നും
കോന്നി, അഗസ്ത്യ റിസർവുകൾക്കുള്ളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യത ഉള്ളതിനാൽ ഈ വനാതിർത്തികളിലേക്കുള്ള യാത്രയും ഒഴിവാക്കുകയാണ് സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു.

ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കോട്ടയം മുതൽ തിരുവനന്തപുരം പലയിടങ്ങളിലും വരെ നാളെ രാവിലെ വരെ സാധാരണ മഴ ഇടവിട്ട് തുടരും. മറ്റ് ജില്ലകൾ മേഘാവൃതമായ അന്തരീക്ഷം തുടരും.

© Metbeat News


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment