അസം പ്രളയം: ദേശീയോദ്യാനത്തിലെ 130 വന്യമൃഗങ്ങള്‍ ചത്തു
ഉത്തരേന്ത്യയിലെ പ്രളയത്തില്‍ ദേശീയ ഉദ്യാനങ്ങളിലെ 130 വന്യജീവികള്‍ കൊല്ലപ്പെട്ടു. ഇതില്‍ അപൂര്‍വ ഇനത്തില്‍പ്പെടുന്ന ആറു കണ്ടാമൃഗങ്ങളും ചത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ അസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രളയം തുടരുകയാണ്. ഈ ആഴ്ച അവസാനം വരെ കനത്ത മഴ ഈ പ്രദേശങ്ങളില്‍ തുടരുമെന്നാണ് പ്രവചനം.
117 അപൂര്‍വ ഇനം മാനുകള്‍ രണ്ടു മ്ലാവുകള്‍, ഉത്തരേന്ത്യയില്‍ കണ്ടുവരുന്ന പ്രത്യേക തരം സിംഹവാലന്‍ കുരങ്ങുകള്‍ എന്നിവയാണ് പ്രളയത്തില്‍ ചത്തത്. ഇതിനു മുന്‍പ് 2017 ലായിരുന്നു കൂടുതല്‍ മൃഗങ്ങള്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടത്. അന്ന് 350 മൃഗങ്ങളാണ് പ്രളയത്തിലും വാഹനം ഇടിച്ചും ചത്തത്.
97 മൃഗങ്ങളെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ 25 എണ്ണത്തിന് വൈദ്യസഹായം നല്‍കി. 52 മൃഗങ്ങളെ വൈദ്യചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങളുള്ള കാശിരംഗ ദേശീയ ഉദ്യാനത്തിലാണ് കണ്ടാമൃഗങ്ങള്‍ ചത്തത്. 2,400 കണ്ടാമൃഗങ്ങളാണ് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ഇവിടെയുള്ളത്.
ഇവിടെ ആനകളും വെള്ളത്തില്‍ ജീവിക്കുന്ന കാട്ടുപോത്തുകള്‍, പലതരം പക്ഷികള്‍, ഡോള്‍ഫിനുകള്‍ എന്നിവയുണ്ട്. കഴിഞ്ഞ മാസം 18 മാസം പ്രായമായ കണ്ടാമൃഗത്തിന്റെ കുഞ്ഞിനെയും ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.
അസമിലെ കനത്ത മഴയെ തുടര്‍ന്ന് പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. നദികളെല്ലാം അപകടനിരപ്പിന് മുകളിലാണ്. ആയിരത്തോളം ഗ്രാമങ്ങളില്‍ ഇത്തവണത്തെ മഴയില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതുവരെ 60 മരണമാണ് അസമിലെ പ്രളയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. റോഡുകളും അടിസ്ഥാന സൗകര്യ വികസനങ്ങളും തകര്‍ന്നു. കന്നുകാലികള്‍ ചത്തൊടുങ്ങുകയും വലിയ തോതില്‍ കൃഷി നാശം സംഭവിക്കുകയും ചെയ്തു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.