മേഘവിസ്ഫോടനത്തിൽ 11 മരണം ; 50 പേരെ കാണാതായി
ഹിമാചൽ പ്രദേശിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 11 പേരുടെ മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം. 50 പേരെ കാണാതായെന്നാണ് വിവരം. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നുണ്ട്. കരസേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. കനത്ത നാശനഷ്ടമുണ്ടായ ഷിംല, മാണ്ഡി, കുളു ജില്ലകളിൽ ദുരന്തനിവാരണ സേനയെയടക്കം വിന്യസിച്ചു. ഈ പ്രദേശത്ത് മഴ സാധ്യത കണക്കിൽ എടുത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുന്നു.
ജൂലൈ 31നാണ് ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനം ഉണ്ടായത്. ജൂൺ 27നും ഓഗസ്റ്റ് 3നും ഇടയിലായി കുറഞ്ഞത് 663 കോടി രൂപയുടെ നഷ്ടമാണ് മേഖലയിൽ ഉണ്ടായത്. 41 ട്രാൻസ്ഫോമറുകളും 66 കുടിവെള്ള പദ്ധതികളും അപകടത്തിൽ നശിച്ചുപോയി. ഇടവിട്ടുള്ള മഴയാണ് നിലവിൽ ഹിമാചലിൽ പെയ്തുകൊണ്ടിരിക്കുന്നത്. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. കരസേനയിലെ സൈനികർക്കൊപ്പം ദുരന്തനിവാരണ സേനയും പൊലിസും സംയുക്തമായാണ് തിരച്ചിൽ നടത്തിവരുന്നത് .
അതേസമയം, കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ കരസേന ഊർജിതമായി തുടരുകയാണ് . മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ആകെ 15 പേരാണ് മരണപ്പെട്ടത്. രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോൻപ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലിസ് പറഞ്ഞു.
ജമ്മുകശ്മീരിലെ ഗന്ദർബാലിലും മേഘ വിസ്ഫോടനമുണ്ടായിരുന്നു. ശ്രീനഗർ-ലേഹ് ദേശീയപാത അടച്ചു. 87 റോഡുകളാണ് ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിന് പിന്നാലെ അടച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag