മിന്നൽ പ്രളയത്തിൽ സിക്കിം മുങ്ങുമ്പോൾ പത്തുവർഷം മുമ്പ് താൻ പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കുകയാണ് മലയാളിയായ രമ്യ എന്ന കാലാവസ്ഥ ശാസ്ത്രജ്ഞ. രമ്യയുടെ വാക്കുകൾ ഇങ്ങനെ
‘ഏതുനിമിഷവും പൊട്ടാവുന്നൊരു അണക്കെട്ടുപോലെയാണ് ഈ തടാകം.’ലൊനാക് തടാകം പൊട്ടാനുണ്ടായ സാധ്യത 2013-ൽ തന്നെ മൂവാറ്റുപുഴ സ്വദേശിനിയും ഇപ്പോൾ അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഫോർ സസ്റ്റയിനബിൾ ഫ്യൂചേഴ്സ് അസി. പ്രൊഫസറുമായ ഡോ. എസ്.എൻ. രമ്യയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയിരുന്നു.
സർവേ ഓഫ് ഇന്ത്യയിൽ പി.ജി. ചെയ്യവേ ഐ.എസ്.ആർ.ഒ.യിലെ രണ്ടുപേരുമായി ചേർന്നാണ് രമ്യ ആദ്യം സിക്കിമിലെ സൗത്ത് ലൊനാക് കേന്ദ്രീകരിച്ച് ഗവേഷണം നടത്തിയത്.1962 മുതൽ 2008 വരെ ഇവിടത്തെ മഞ്ഞുപാളികൾക്കുണ്ടായ പരിണാമങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമായിരുന്നു വിഷയം.
ആദ്യകാലത്ത് വെറുമൊരു ഗർത്തം മാത്രമുണ്ടായിരുന്ന ലൊനാകിൽ കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് മഞ്ഞുപാളികളുരുകി 100 ഹെക്ടർ വിസ്തൃതിയിൽ തടാകം രൂപപ്പെടുകയായിരുന്നു. മഞ്ഞുപാളികളിലെ സമ്മർദംമൂലം തടാകം പൊട്ടിയൊഴുകാനുള്ള സാധ്യത 42 ശതമാനമാണെന്ന് സാറ്റ്ലൈറ്റ് ഡേറ്റകളുപയോഗിച്ച് നടത്തിയ പഠനത്തിൽ രമ്യയും സംഘവും കണ്ടെത്തി.
ഈ വിവരം അറിയിച്ചതിനെത്തുടർന്ന് സർക്കാർ നിരീക്ഷണസംവിധാനങ്ങളൊരുക്കുകയും ചെയ്തു. പക്ഷേ, സമുദ്രനിരപ്പിൽനിന്ന് 3000 അടിയിലധികം ഉയരമുള്ളയിടത്ത് ഇവ കൃത്യമായി പരിപാലിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.
ആറുവർഷത്തിനുശേഷം ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ ശാസ്ത്രജ്ഞയായിരിക്കെ സഹപ്രവർത്തകരുടെ സംഘത്തെ നയിച്ച് വീണ്ടും ഇവിടെയെത്തിയ രമ്യ കൂടുതൽവിശദമായി ലൊനാക് തടാകത്തെ പഠിച്ചു. തടാകം പൊട്ടിയാൽ ഏതാണ്ട് 90 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുകുമെന്ന ഞെട്ടിക്കുന്ന സത്യവും രമ്യ അന്ന് പങ്കുവെച്ചു.
രണ്ടു പഠനങ്ങളും കറന്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു. മിന്നൽപ്രളയത്തിനിടയാക്കിയ മറ്റു കാരണങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് രമ്യ ഇപ്പോൾ. ഒരാഴ്ചയ്ക്കകം ഇതിന്റെ ഫലം അറിയാനാകും.
മൂവാറ്റുപുഴ കല്ലേലിമന നീലകണ്ഠൻ നമ്പൂതിരിയുടെയും പ്രഭ എസ്. നമ്പൂതിരിയുടെയും മകളാണ്. ഡോ. ബാബു ഗോവിന്ദരാജാണ് ഭർത്താവ്,ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. ആസ്ഥാനത്ത് ശാസ്ത്രജ്ഞനാണ്.