ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 മരണം
ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇന്തോനേഷ്യയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലവോതോബി ലാകി ലാകി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. കിഴക്കന്‍ നുസ തെന്‍ഗാര പ്രവിശ്യയിലെ ഫ്‌ളോറസ് ദ്വീപിലാണ് ഈ അഗ്നിപര്‍വതമുള്ളത്.
പ്രാദേശിക സമയം രാത്രി 11.57 നാണ് സ്‌ഫോടനമുണ്ടായതെന്ന് Indonesian Center for Volcanology and Geological Disaster Mitigation (PVMG) അറിയിച്ചു. നാലു കിലോമീറ്ററോളം ലാവയും ചുട്ടുപഴുത്ത പാറകളും ഒഴുകിയെന്ന് പി.വി.എം.ജി വക്താവ് ഹാദി വിജായ പറഞ്ഞു. വീടുകള്‍ ലാവയില്‍ കത്തിപ്പോയി. ഏഴു ഗ്രാമങ്ങളെ ബാധിച്ചു.
അഗ്നിപര്‍വതത്തിന്റെ കേന്ദ്രത്തില്‍ നിന്ന് 20 കി.മി അകലെവരെയുള്ളവരെ ഒഴിപ്പിച്ചിരുന്നു. 7 കി.മി പരിധിയിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത ദിവസം തണുത്ത ലാവയെ തുടര്‍ന്ന് പ്രളയമുണ്ടാകാമെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 58 ദിവസത്തേക്ക് ഈ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.