ലോക സുനാമി ബോധവത്ക്കരണ ദിനം ഇന്ന്: സുനാമിയ്ക്ക് കാരണമാകുന്നത് എന്ത്

ലോക സുനാമി ബോധവത്ക്കരണ ദിനം ഇന്ന്: സുനാമിയ്ക്ക് കാരണമാകുന്നത് എന്ത്

ലോക സുനാമി ബോധവത്ക്കരണ ദിനം (World Tsunami Awareness Day) ഇന്ന്. നവംബര്‍ 5 ലോക സുനാമി ബോധവല്‍ക്കരണ ദിനമായി ആചരിക്കാന്‍ യുഎന്‍ (UN) ജനറല്‍ അസംബ്ലി തീരുമാനിച്ചത് 2015 ഡിസംബറിലാണ്. ഈ ദിനം ആചരിക്കുന്നത് സുനാമി (Tsunami) ബോധവത്ക്കരണം നടത്താനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങള്‍ പങ്കുവയ്ക്കാനും രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്തുകൊണ്ടാണ്.

ജപ്പാന്റെ ആശയമാണ് ലോക സുനാമി ബോധവത്ക്കരണ ദിനം. ആവര്‍ത്തിച്ചുള്ള ഇത്തരം കയ്‌പേറിയ അനുഭവങ്ങള്‍ കാരണം ജപ്പാന്‍ സുനാമിയെ നേരിടാന്‍ കൂടുതല്‍ വൈദഗ്ദ്ധ്യം നേടിയിട്ടുമുണ്ട്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതിനും, ഭാവിയിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ദുരന്തത്തിന് ശേഷം മെച്ചപ്പെട്ട രീതിയിലുള്ള വീണ്ടെടുക്കല്‍ നടത്തുന്നതിനും ഏറെ മുന്നിലാണ് ജപ്പാന്‍. ലോക സുനാമി ബോധവത്ക്കരണ ദിനം ആചരിക്കുന്നത് നിലവില്‍ യുഎന്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ (UNDRR) യുഎന്നിന്റെ മറ്റ് സംവിധാനങ്ങളുമായി സഹകരിച്ചാണ്.

വികസ്വര രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നത് വഴി സുനാമി അപകടസാധ്യതയുള്ള 100% വിഭാഗങ്ങളും 2030 ഓടെ സുനാമിയെ നേരിടാന്‍ തയ്യാറാകുമെന്നും പ്രതിരോധശേഷിയുള്ളവരായി തീരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഒരു ജാപ്പനീസ് പദമാണ് ‘സുനാമി’ എന്ന വാക്ക്. ‘സു’ എന്നാല്‍ തുറമുഖം, ‘നാമി’ എന്നാല്‍ തിരമാല എന്നും അർത്ഥമുള്ള ഈ വാക്കുകൾ ചേര്‍ന്നാണ് സുനാമി എന്ന വാക്കുണ്ടായത്. സുനാമി സമുദ്രത്തിനടിയിലോ സമീപത്തോ സംഭവിക്കുന്ന ഭൂകമ്പങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വലിയ തിരമാലകളുടെ ഒരു പരമ്പരയാണ് . അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, മണ്ണിടിച്ചിലുകള്‍, തീരപ്രദേശത്തെ പാറമടകള്‍ എന്നിവയും സുനാമിയ്ക്ക് കാരണമായേക്കാം. ഇവ ഉത്ഭവിക്കുന്നത് കടലിന്റെ അടിത്തട്ടിലെ ലംബമായ ചലനത്തില്‍ നിന്നാണ് .

സുനാമി തിരമാലകള്‍ കാണപ്പെടുന്നത് ജലത്തിന്റെ വലിയ മതിലുകള്‍ പോലെയാണ് . ഇവ തീരപ്രദേശത്തെ ആക്രമിക്കുകയും മണിക്കൂറുകളോളം അപകടമുണ്ടാക്കുകയും ആണ് ചെയ്യുക. ഓരോ 5 മുതല്‍ 60 മിനിറ്റിലും തിരമാലകള്‍ അടിച്ചു കൊണ്ടേയിരിക്കും. ഏറ്റവും വലുത് സുനാമിയുടെ ആദ്യ തിരമാലകളായിരിക്കില്ല. ഏറ്റവും വലിയ തിരമാലകള്‍ പലപ്പോഴും രണ്ടാമത്തെയോ മൂന്നാമത്തെയോ അതിന് ശേഷമുള്ളതോ ആയിരിക്കാം. ഒരു തിരമാലയ്ക്ക് ശേഷം കടല്‍ പിന്നോട്ട് വലിയും ഒരാള്‍ക്ക് വെള്ളം കാണാന്‍ കഴിയാത്ത തരത്തില്‍ ആണ് കടല്‍ പിന്നോട്ട് നീങ്ങുക. അടുത്ത തിരമാല മിനിറ്റുകള്‍ക്കുള്ളില്‍ കരയിലേക്ക് ആഞ്ഞടിക്കുകയും ചെയ്യും.

സുനാമിയ്ക്ക് എന്തൊക്കെയാണ് കാരണമാകുന്നത് ?

സുനാമിയ്ക്ക് ഭൂകമ്പങ്ങള്‍ കാരണമാകാറുണ്ട്. എന്നാല്‍ എല്ലാ ഭൂകമ്പങ്ങളും സുനാമിക്ക് കാരണമാകാറില്ല. സുനാമിയുണ്ടാകുന്നത് ഭൂകമ്പം സമുദ്രത്തിനടിയില്‍ സംഭവിക്കുമ്പോഴാണ്. അത് ശക്തമായ ഭൂകമ്പമായിരിക്കണം. സുനാമിയ്ക്ക് കാരണമാകുന്നത് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയെങ്കിലുമുള്ള ഭൂകമ്പമാണ്. തീരപ്രദേശത്ത് ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍ വലിയ അളവില്‍ വെള്ളം കടലിലേക്ക് ഒഴുകാന്‍ കാരണമാകുകയും ഇത് കടലിനെ അസ്വസ്ഥമാക്കുകയും സുനാമിയ്ക്ക് കാരണമാകുകയും ചെയ്യും. വെള്ളത്തിനടിയിലെ മണ്ണിടിച്ചിലുകളും സുനാമിക്ക് കാരണമാകാറുണ്ട്.

2004 ഡിസംബര്‍ 26 ന് ക്രിസ്മസിന് പിറ്റേന്നാണ് കേരളത്തിന് പരിചയമില്ലാത്ത സുനാമി പ്രതിഭാസം ഉണ്ടായത്. ഇന്തോനേഷ്യയിലെ സുമാത്രക്ക് സമീപം കടലിലുണ്ടായ 9.1 തീവ്രതയുള്ള മെഗാത്രസ്റ്റ് ഭൂകമ്പമാണ് കാരണം. 2004 ലെ ഇന്ത്യന്‍മഹാസമുദ്ര ഭൂകമ്പം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഭൂചലനമുണ്ടായി ആദ്യ 30 മിനുട്ടില്‍ തന്നെ ഇന്തോനേഷ്യയുടെ സമാന രേഖാംശം (longitude) ല്‍ വരുന്ന ഏറെ അകലെയല്ലാത്ത ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുന്നത്. ഇതാണ് ഇന്ത്യയിലെ ആദ്യ പ്രതിഫലനം. ഇന്തോനേഷ്യയിലെ ആച്ചെയില്‍ 30 മീറ്റര്‍ വരെ സുനാമി തിരമാലകള്‍ ഉയര്‍ന്നിരുന്നു. 14 രാജ്യങ്ങളിലായി 2.3 ലക്ഷം പേര്‍ സുനാമിയില്‍ മരിച്ചു. ഇന്തോനേഷ്യയില്‍ പ്രാദേശിക സമയം രാവിലെ 7.59 നാണ് ഭൂചലനമുണ്ടായത്.

തെക്കേ ഇന്ത്യയുടെ കരകളില്ലെല്ലാം സുനാമി തിരമാലകള്‍ അടിച്ചു. കിഴക്കന്‍ തീരമായ തമിഴ്‌നാട്ടില്‍ വന്‍ നാശനഷ്ടമുണ്ടാക്കി. പടിഞ്ഞാറന്‍ തീരമായ കേരളത്തിന്റെ തെക്കന്‍ മേഖലയിലും നിരവധി പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളെ കാണാതായി. 171 പേരാണ് കേരളത്തില്‍ മരിച്ചത്. 190 ഗ്രാമങ്ങള്‍ തകര്‍ന്നു. ആറു ജില്ലകളിലായി നാലു ലക്ഷം പേരെ ബാധിച്ചു. പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് കേരളത്തില്‍ സുനാമിയുടെ ഭാഗമായി വലിയ തിരമാലകളുണ്ടായത്. ഇന്തോനേഷ്യയുടെ സമയവും ഇന്ത്യന്‍ സമയവും തമ്മില്‍ ഒന്നര മണിക്കൂറാണ് വ്യത്യാസം.

സുനാമി ഉണ്ടായി ഒന്നര മണിക്കൂറിലധികം സമയം കേരളത്തിന് ലഭിച്ചെങ്കിലും മുന്നറിയിപ്പ് സംവിധാനങ്ങളോ ദുരന്ത ലഘൂകരണമോ നടന്നില്ല എന്നത് ദുരന്തവ്യാപ്തി വര്‍ധിപ്പിച്ചു. അത്തരമൊരു നയവും സംവിധാനവും അന്നുണ്ടായിരുന്നില്ല എന്നു വേണം മനസിലാക്കാന്‍. ഇന്ത്യന്‍ ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിക്കാനും വൈകി. ആഗോള ഏജന്‍സികളെ മാനദണ്ഡമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങളും വിദഗ്ധരും അന്നുണ്ടായിരുന്നില്ല. അതിനാല്‍ സുനാമി തിരമാല തീരം തൊടുന്നതുവരെ ആരും അറിഞ്ഞില്ല.

കേരളത്തില്‍ വീണ്ടും സുനാമി ഉണ്ടാകുമോ?

തീര്‍ച്ചയായും സുനാമി സാധ്യത പ്രതീക്ഷിക്കണം. കാരണം പസഫിക് റിംഗ് ഓഫ് ഫയര്‍ എന്ന പ്രദേശത്തിന് സമീപമാണ് കേരളവും ഇന്ത്യന്‍ തീരങ്ങളും. ലോകത്ത് 90 ശതമാനവും അഗ്നിപര്‍വതങ്ങള്‍ ഉണ്ടാകുന്ന, ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പ്രദേശമാണിത്. ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, തുടങ്ങിയ പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളും മധ്യ അമേരിക്കന്‍ തീരങ്ങളും തെക്കേ അമേരിക്കയിലെ പെറു, ചിലി തുടങ്ങിയ മേഖലകളും ചേരുന്നതാണ് ഈ പസഫിക് റിംഗ് ഓഫ് ഫയര്‍. പസഫിക് സമുദ്രത്തിന്റെ വലിയ ഭാഗം ഈ വലയത്തില്‍പ്പെടും.

2004 ലെ ഇന്തോനേഷ്യന്‍ സുനാമിയും 2011 ലെ ജപ്പാന്‍ ഭൂചലനവും സുനാമിയും ഉണ്ടായത് ഈ മേഖലയിലാണ്. ടെക്ടോണിക് പ്ലേറ്റുകള്‍ തമ്മില്‍ ഉരസുന്ന മേഖലയതിനാല്‍ ജപ്പാനിലും ഇന്തോനേഷ്യയിലും ഭൂചലനങ്ങള്‍ പതിവാണ്. അതിശക്തമായ ഭൂചലനം കടലിലുണ്ടായാല്‍ പ്രത്യേകിച്ച് ഇന്തോനേഷ്യ, മലേഷ്യ മേഖലകളിലോ ബംഗാള്‍ ഉള്‍ക്കടലിലോ, ശ്രീലങ്കയക്ക് സമീപമോ, കന്യാകുമാരി, തെക്കുപടിഞ്ഞാറന്‍ അറബിക്കടലിലോ ഉണ്ടായാല്‍ കേരളത്തില്‍ സുനാമി സാധ്യത പ്രതീക്ഷിക്കണം. ബംഗാള്‍ ഉള്‍ക്കടല്‍, പസഫിക് സമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലെ വന്‍ ഭൂചലനങ്ങള്‍ മൂലം സുനാമി ഉണ്ടായാല്‍ കൊച്ചി മുതല്‍ തെക്കോട്ടുള്ള തീരങ്ങളെ കൂടുതല്‍ ബാധിച്ചേക്കും. അറബിക്കടലിലുണ്ടായ ഭൂചലനങ്ങള്‍ കേരള തീരം മുഴുക്കെയും ബാധിച്ചേക്കും. കടലാക്രമണം, തീരശേഷണം കൂടുതലുള്ള ജില്ലകളിലാണ് കൂടുതല്‍ ദുരന്തസാധ്യത.

സുനാമിക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണ്ട്. അമേരിക്കയുടെ സമുദ്ര,അന്തരീക്ഷ ഗവേഷണ ഏജന്‍സിയായ (National Oceanic and Atmospheric Administration) ആണ് ഇത് നിയന്ത്രിക്കുന്നത്. ഇന്ത്യക്കും രണ്ട് സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. ലോകവ്യാപകമായി വിവിധ സമുദ്രങ്ങളില്‍ ബോയകള്‍ (കടല്‍കാലാവസ്ഥാ നിരീക്ഷിക്കുന്ന ഉപകരണം) സ്ഥാപിച്ചിട്ടുണ്ട്. സുനാമി മുന്നറിയിപ്പിന് പ്രത്യേകമായി ബോയകള്‍ ഉണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്തോനേഷ്യക്ക് സമീപവും അറബിക്കടലില്‍ ഗുജറാത്തിനും പാകിസ്താനും സമീപവുമാണ് സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍. ഇതിലൊന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ തൊട്ടടുത്തുള്ള മറ്റൊരു രാജ്യത്തിന്റെ ഉപകരണത്തില്‍ നിന്ന് ഡാറ്റ ലഭിക്കും.

ഇത് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാണ്. ഇന്ത്യക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം, ഇന്തോനേഷ്യക്ക് സമീപം, മിനികോയ് ദ്വീപിന് സമീപം, കൊച്ചിക്ക് സമീപം, ഗോവക്ക് സമീപം, ഗുജറാത്തിലെ വരാവലിന് സമീപം, ഗുജറാത്ത് ഉള്‍ക്കടലില്‍, കുറച്ചുകൂടി പടിഞ്ഞാറായി അറബിക്കടലില്‍ എല്ലാം sea level monitoring stations ഉണ്ട്. ഇതില്‍ ഗുജറാത്തിനു സമീപത്തെ രണ്ടെണ്ണം ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യയുടെ രണ്ടും തായ്‌ലന്റിന്റെ ഒരു സ്‌റ്റേഷനും വര്‍ക്ക് ചെയ്യുന്നില്ല. ഇവിടങ്ങളിലെ ജലനിരപ്പ് മനസിലാക്കി സുനാമി മുന്നറിയിപ്പ് നല്‍കാന്‍ നിലവില്‍ സംവിധാനമുണ്ട്. സ്വകാര്യ ഏജന്‍സികളും മുന്നറിയിപ്പ് നേരത്തെ മനസിലാക്കാറുണ്ട്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment