മരുഭൂമിയിലെ കൊടുംചൂടിലും കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശമുണ്ട് സൗദിയിൽ. സൗദി അറേബ്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അബഹ. അൽഗറ, അൽ സുദ,ഹബ്ല , റിജാൽ, അൽമ , പച്ചമല തുടങ്ങിയ പ്രകൃതിരമണീയമായ പ്രദേശങ്ങൾ അടങ്ങിയതാണ് അബഹ.
സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം ഗൾഫ് രാജ്യങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്തും ഇവിടെ ഇടയ്ക്കിടെ പെയ്യുന്ന മഴയും മഞ്ഞു വീഴ്ചയുമാണ്. പോകുന്ന വഴിയിൽ ഉടനീളം കോടമഞ്ഞിൻ മനോഹര കാഴ്ച ആസ്വദിക്കാം. അതുകൊണ്ടുതന്നെ സീസണിൽ ഗൾഫ് മേഖലകളിൽ നിന്നെല്ലാം ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്. മഴയും കോടമഞ്ഞും ആലിപ്പഴ വർഷവും ഇവിടെ സർവ്വസാധാരണമാണ്.
കൂടാതെ മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ കാർ സർവീസ് കടന്നുപോകുന്നത് അബഹ നഗരത്തിന്റെ കാഴ്ചകൾ ഒപ്പിയെടുക്കാൻ പറ്റുന്ന രീതിയിലാണ്. അബഹയിൽ നിന്ന് ദർബിയിലേക്കുള്ള ചുരം കയറിയുള്ള യാത്ര അതിമനോഹരമാണ്. കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സുദാ അബഹയിലെ ഒരു പ്രധാന പർവതമാണ്. സമുദ്രനിരപ്പിൽ നിന്നും 2200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം ആണ് അബഹ .