കേരളം ചുട്ടുപൊള്ളുമ്പോൾ മഞ്ഞിൽ മുങ്ങി ഊട്ടി
കേരളത്തിൽ ചൂടുകൂടുമ്പോള്‍ തണുത്തു വിറക്കുകയാണ് ഊട്ടി. ഇതോടെ ചൂടില്‍ നിന്നും രക്ഷപ്പെടാനായി മലയാളികള്‍ അടക്കം നിരവധി സഞ്ചാരികളാണ് കൂട്ടായും കുടുംബമായും ഊട്ടിലേക്ക് വച്ചുപിടിക്കുന്നത്. മസിനഗുഡി വഴി ഊട്ടിയിലേക്കു മാത്രമല്ല മോയാറിലേക്കും സഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നു. മഞ്ഞുവീഴ്ച തുടങ്ങിയതോടെ ഊട്ടിയിലെ പുല്‍മൈതാനങ്ങളിലും രാത്രിയില്‍ തുറസായ ഇടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളിലും മഞ്ഞ് ഉറഞ്ഞ നിലയില്‍ കാണപ്പെടുന്നുണ്ട്. ജനുവരി മൂന്നിന് പൂജ്യം ഡിഗ്രിയും നാലിന് -1 ഡിഗ്രിയും ഊട്ടിയില്‍ താപനില രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച്ച തലൈക്കുന്തയില്‍ ഒരു ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്.
മോയാര്‍
ഊട്ടിയുടേതിന് തുല്യമായ മനോഹര കാഴ്ചകള്‍ ആണ് മോയാറിലും. എന്നാല്‍ ഗതാഗത തിരക്കില്ലാത്ത പ്രശാന്ത സുന്ദരമായ സ്ഥലം ആണിതെന്ന പ്രത്യേകതയും ഉണ്ട്. ഗൂഡല്ലൂര്‍- മുതുമല- മസിനഗുഡി വഴിയാണ് മോയാറിലേക്ക് എത്തുക. തേയിലതോട്ടങ്ങളും സിംഹവാലന്‍ കുരങ്ങുകളും മാനുകളും തുടങ്ങി കടുവ വരെ നീളും ഇവിടുത്തെ വന്യജീവി കാഴ്ചകൾ.
സഫാരി ജീപ്പുകളുടെ താവളം കൂടിയാണ് മസിനഗുഡി . ഇവിടെയുള്ളത് അമ്പതിലേറെ സ്വകാര്യ ജീപ്പുകളാണ്. മസിനഗുഡിയില്‍ നിന്നും രണ്ടു രീതിയില്‍ മോയാറിലേക്കു പോവാകാൻ കഴിയും. ആദ്യത്തേത് എട്ടുകിലോമീറ്റര്‍ കാട്ടിലൂടെ മോയാര്‍ അണക്കെട്ടു വരെ നീളുന്നത്. രണ്ടാമത്തേത് വ്യൂ പോയിന്റിലൂടെയുള്ള രണ്ടു മണിക്കൂര്‍ നീളുന്ന ചുറ്റിയടിക്കല്‍. സ്വന്തം വാഹനത്തിലെത്തുന്നവര്‍ക്ക് ഇവരെ ആശ്രയിക്കാതെ മോയാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയും. എന്നാല്‍ യാത്രയിലൊരിടത്തും വാഹനം നിര്‍ത്തുകയോ വാഹനത്തില്‍ നിന്നിറങ്ങുകയോ ചെയ്യാൻ കഴിയില്ല. നിരീക്ഷണ ക്യാമറകളും വനപാലകരും പിഴ വിധിക്കാൻ സാധ്യത ഉണ്ട്.
വെന്‍ലോക്ക് ഡൗണ്‍സ്
ഇന്ന് വെന്‍ലോക്ക് ഡൗണ്‍സ് അറിയപ്പെടുന്നത് ഷൂട്ടിങ് പോയിന്റ് എന്ന പേരിലാണ്. മനോഹരമായ പച്ചപ്പുല്‍മേടുകളും പ്രകൃതി മനോഹാരിതയ്ക്കും പേരുകേട്ട സ്ഥലം ആണിത്. ഇവിടം സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. പ്രകൃതിയെ ആസ്വദിച്ചുകൊണ്ട് നടക്കാനും ഫൊട്ടോഗ്രഫിക്കും പിക്‌നിക്കിനുമെല്ലാം യോജിച്ച ഇടമാണിത. ഊട്ടിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് വെന്‍ലോക്ക് ഡൗണ്‍സ് സ്ഥിതിചെയ്യുന്നത്. പ്രവേശന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് 6:45 വരെയാണ്.