ദോഹ : മഴ ലഭിക്കുന്നതിനായി നടത്തിയ ഇസ്തിസ്ഖ (മഴ തേടല്‍) പ്രാർഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു മഴ പ്രാർഥന. പൗരന്മാര്‍ക്കൊപ്പമാണ് അല്‍ വജ്ബ പാലസിലെ പ്രാർഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാർഥനയില്‍ അമീര്‍ പങ്കെടുത്തത്.
അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ഷെയ്ഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനി, ഷെയ്ഖുമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും പ്രാര്‍ത്ഥനയില്‍ പങ്കു ചേര്‍ന്നു.
സുപ്രീം കോടതി ജഡ്ജിയും ജുഡീഷ്യല്‍ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ്. ഡോ.തഖീല്‍ സയര്‍ അല്‍ ഷമ്മാരിയാണ് പ്രാർഥനയ്ക്കു നേതൃത്വം നല്‍കിയത്. പ്രവാചകചര്യ പിന്തുടര്‍ന്നാണു മഴ പ്രാർഥന നടത്തുന്നത്. രാജ്യത്തെ വിവിധ പള്ളികളില്‍ നടന്ന മഴ പ്രാർഥനയിലും നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.