57,000 ദിര്‍ഹം അബദ്ധത്തില്‍ അക്കൗണ്ടിലെത്തി, തിരികെ നല്‍കാതെ യുവാവ്; ഇടപെട്ട് കോടതി
യു.എ.ഇയില്‍ തെറ്റായ ബാങ്ക് ട്രാന്‍സ്ഫർ. അബദ്ധത്തില്‍ യുവാവിന്റെ അക്കൗണ്ടിലേക്കെത്തിയത് 57,000 ദിര്‍ഹം. ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ തെറ്റ് പറ്റി പോയതാണന്ന് എന്നറിയിച്ചിട്ടും പണത്തിന്റെ യാഥാര്‍ത്ഥ അവകാശിക്ക് തുക തിരികെ നല്‍കാന്‍ യുവാവ് തയാറായിരുന്നില്ല. തുടര്‍ന്ന് പണം തിരികെ നല്‍കാനും അധിക നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സംഭവം യു.എ.ഇയിലെ അല്‍ ഐന്‍ നിലാണ്.
തന്റെ അക്കൗണ്ടില്‍ 57,000 ദിര്‍ഹം ക്രഡിറ്റായതായി യുവാവിന് ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചിരുന്നു. ഉടന്‍ തന്നെ ഇയാള്‍ക്ക് പണം ട്രാന്‍സ്ഫര്‍ നടത്തിയ വ്യക്തിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുകയും അബദ്ധത്തിലാണ് പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ നടത്തിയതെന്ന് അറിയിക്കുകയും ചെയ്തെങ്കിലും യുവാവ് 20,000 ദിര്‍ഹം മാത്രമാണ് തിരികെ നല്‍കിയത്. ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ പിശക് പറ്റിയാണ് പണം അക്കൗണ്ട് മാറി പോയതെന്ന് പറഞ്ഞിട്ടും ബാക്കി തുക തിരികെ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബാക്കിതുകയായ 37,000 ദിര്‍ഹം തിരികെ നല്‍കണമെന്നും മാനസിക സമ്മര്‍ദം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10,000ദിര്‍ഹം അധികം നല്‍കണമെന്നും ആവശ്യപ്പെട്ട് പണത്തിന്റെ അവകാശി ഒരു സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കൂടാതെ എല്ലാ നിയമപരമായ ചെലവുകളും കോടതി ചെലവുകളും പ്രതി വഹിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
യുവാവ് നിയമവിരുദ്ധമായി അവകാശിയുടെ പണംകൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. തുടർന്ന് നിയമപരമായി അറിയിച്ചിട്ടും പ്രതി കോടതിയില്‍ ഹാജരാകുകയോ തന്റെ പ്രതിനിധിയായി ഒരു അഭിഭാഷകനെ നിയമിക്കുകയോ ചെയ്തില്ല. തല്‍ഫലമായി പ്രതിയോട് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിര്‍ഹം തിരിച്ചടയ്ക്കാനും 3000 ദിര്‍ഹം കൂടി അധിക നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും അല്‍ ഐന്‍ സിവില്‍, കൊമേഴ്സ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിമുകള്‍ക്കായുള്ള കോടതി ഉത്തരവിട്ടു.
Tag:Young man accidentally deposits 57,000 dirhams into his account, fails to return it; court intervenes