കടുത്ത ചൂടിൽ എവിടേക്ക് യാത്ര പോകുമെന്ന് ആലോചിച്ചിരിക്കുകയാണോ? എങ്കിൽ വേനലിലും മഞ്ഞു കാണാൻ പോകാം
പുറത്തിറങ്ങാൻ പോലും പറ്റാത്ത ചൂടാണ് ഓരോ ദിവസവും വർദ്ധിച്ചു വരുന്നത്. വർദ്ധിച്ചുവരുന്ന ചൂടുകാരണം യാത്ര പോകാൻ മടിച്ചിരിക്കുകയാണോ? എങ്കിൽ ഈ കടുത്ത വേനലിലും മഞ്ഞുമൂടുന്ന കാഴ്ചകളുമായി സഞ്ചാരികളെ വിളിക്കുകയാണ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലാണ് ഉറിതൂക്കിമല. സാഹസികയാത്ര ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആകർഷണീയമായ കാഴ്ചകൾ ഇവിടെയുണ്ട്.സമുദ്രനിരപ്പിൽ നിന്നും 2000ത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഇടയ്ക്കിടെ വന്ന് മറഞ്ഞ് പോകുന്ന കോടമഞ്ഞും ഉയരംകൂടിയ കുന്നുകളും പാറക്കൂട്ടങ്ങളും നീർച്ചാലുകളും അരുവികളും പുൽമേടുകളുമെല്ലാമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അതു മാത്രമല്ല ഉറി തൂക്കി മലക്ക് പറയാൻ ഒരു ചരിത്രവും ഉണ്ട്.ശത്രുവിൽ നിന്നും ഒളിവിൽ കഴിയാൻ പഴശിരാജാവ് പണ്ട് ഇവിടെ എത്തിയെന്ന് വിശ്വസിക്കപ്പെടുന്നു.
ഇവിടെ മലയിൽ ഒരുപാട് പാമ്പുകൾ ഉണ്ടായിരുന്നതിനാൽ ഭക്ഷണം ഉറിയിൽ തൂക്കിയിട്ടിരുന്നുവെന്നും അങ്ങനെ ഉറിതൂക്കിയിട്ട മല ഉറിതൂക്കിമല ആയെന്നും മറ്റൊരു കഥ.വിചാരിക്കുന്ന അത്ര എളുപ്പമല്ല ഇവിടേക്കുള്ള ട്രക്കിങ്. കയറ്റത്തിലെ പാറകളുടെ അടിവശത്ത് അഗാധമായ ഗർത്തമാണ്. അതുകൊണ്ട് തന്നെ കാൽ ഒന്ന് തെറ്റിയാൽ ആ ഗർത്തിലേക്ക് പോകും.
പക്ഷേ കയറി മുകളിൽ ചെന്നാൽ ഒരിക്കലും നിരാശരാകില്ല കേട്ടോ. കോഴിക്കോടിന്റെയും കണ്ണൂരിന്റേയുമെല്ലാം രസകരമായ ആകാശക്കാഴ്ചകൾ നിങ്ങൾക്ക് ഉറിതൂക്കിമലയിൽ നിന്ന് ആസ്വദിക്കാനാകും. ദിവസം മുഴുവൻ മലയിൽ ഇരുന്നാൽ പോലും യാതൊരു മുഷിപ്പും അനുഭവിപ്പിക്കാതെ കുളിരുള്ള കാറ്റ് നിങ്ങളെ തഴുകിക്കൊണ്ടേയിരിക്കും. രാത്രികാലങ്ങളിൽ ഇവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരണമാണെന്നും സഞ്ചാരികൾ പറയുന്നു.
ആദ്യമൊക്കെ യുവാക്കളായിരുന്നു പതിവായി ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കൂടുംബമായും കൂട്ടമായുമെല്ലാം സഞ്ചാരികൾ ഉറിതൂക്കിമലയിലേക്ക് ഒഴുകി തുടങ്ങി.