മരമില്ലെങ്കില്‍ വനമില്ല; വനമില്ലെങ്കില്‍ കൊടും ചൂടും വരള്‍ച്ചയും ; ഇന്ന് ലോക വന ദിനം
മരമില്ലെങ്കില്‍ വനമില്ല,വനമില്ലെങ്കില്‍ കൊടും ചൂടും വരള്‍ച്ചയും. ഈ കൊടും ചൂടിനെയും വരൾച്ചയും അതിജീവിക്കുകയാണ് ഓരോ മനുഷ്യജീവനും. കടുത്ത ചൂടും വരൾച്ചയും വരുമ്പോൾ നമ്മളെല്ലാവരും സൂര്യനെ പഴിക്കാറുണ്ട്.ഈ കാലാവസ്ഥ മാറ്റത്തിനു കാരണം ഉണ്ടാക്കിയത് നാം തന്നെയല്ലേ? ഇന്ന് ലോക വനദിനം. കാലാവസ്ഥാ മാറ്റത്തിന്റെ ഒരു കാരണം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന വനസമ്പത്താണ്. ഇത് പെട്ടന്ന് സംഭവിച്ചതല്ല,
കാലങ്ങളായുള്ള വനനശീകരണവും വന ചൂഷണവും വരുത്തിവെച്ചതാണ്. ലോകത്തിന്റെ മൂന്നിലൊരു ഭാഗമായ നഗരങ്ങളിലേക്ക് ശുദ്ധ ജലം ലഭ്യമാക്കുന്നതും സംരക്ഷിക്കപ്പെട്ട വനമേഖലകളില്‍ നിന്നാണ്.
ജൈവവൈവിധ്യത്തിന്റെ കലവറയായ വനങ്ങളാണ് മനുഷ്യവാസ യോഗ്യമാക്കുന്നതിലെ മുഖ്യ ഘടകം. മണ്ണിനെ ജൈവ സമ്പുഷ്ടവും ഭൂമിയെ ജല സമ്പന്നവുമാക്കുന്നതില്‍ വനത്തിന്റെ പങ്ക് ഇന്നത്തെ വരണ്ടുണങ്ങിയ മണ്ണ് തന്നെ കാണിച്ചു തരുന്നുണ്ട്.
ഭൗമോപരിതലത്തിലെ 80% ജീവി വര്‍ഗ്ഗങ്ങളുടെയും സസ്യങ്ങളുടേയും ആവാസ കേന്ദ്രമാണ് വനം. അനേകം മനുഷ്യ ഗോത്രങ്ങളും ജീവനും ഉപജീവനത്തിനുമായി കാടിനെ ആശ്രയിക്കുന്നു. ഒരോ വര്‍ഷവും 13 മില്യണ്‍ ഹെക്ടര്‍ വനങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
വന നശീകരണമാണ് 12 മുതല്‍ 20 ശതമാനം വരെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. ഇതോടെ നശിക്കുന്നത് വനം മാത്രമല്ല ജലസംഭരണികള്‍ കൂടിയാണ്. വനം നശിക്കുന്നതോടെ ഭൂഗര്‍ഭ ജല സംഭണരവും നിലക്കും. സംരക്ഷിക്കാം വനവും അതുവഴി ജലവും.
വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ വന ജൈവവ്യവസ്ഥയെ അപകടകരമായി ബാധിക്കുന്നു. അതോടൊപ്പം ഇക്കോടൂറിസം പോലുള്ള പദ്ധതികൾ ഉണ്ടാക്കുന്ന ദുരന്തഫലങ്ങൾ ലോകത്തിലെ എല്ലാ വനങ്ങളുടെയും നിലനിൽപ്പിനെ അപകടകരമാക്കുന്നു.
ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഇത്തരം മാനുഷിക ഇടപെടലുകളിൽ നിന്നും വനങ്ങളെ രക്ഷിക്കുക എന്നതാണ് വർഷം തോറും ആചരിക്കുന്ന ഈ ദിനത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം. ഇന്ന് പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഒരു മനുഷ്യന്റെയും ആവശ്യം ആണ്. മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കായി വനമേഖലകൾ എല്ലാം നശിപ്പിച്ചു കൊണ്ടിരുന്നു . ഇന്ന് അതിന്റെ ഫലമായി മനുഷ്യർ പല പ്രകൃതിദുരിതങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നു.