NEM withdrawal 2025 : വിടവാങ്ങാൻ മടിച്ച് തുലാവർഷം, കാരണങ്ങൾ ഇതാണ്

NEM withdrawal 2025 : വിടവാങ്ങാൻ മടിച്ച് തുലാവർഷം, കാരണങ്ങൾ ഇതാണ്

ജനുവരി പകുതി പിന്നിട്ടെങ്കിലും വടക്കു കിഴക്കൻ മൺസൂൺ (North East Monsoon – NEM) (തുലാവർഷം) അവസാനിച്ചില്ല. ഡിസംബർ 30 വരെയാണ് തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. എന്നാൽ തുലാവർഷക്കാറ്റ് ദക്ഷിണേന്ത്യയിൽ നിന്ന് ഇപ്പോഴും വിടവാങ്ങിയിട്ടില്ല. സാധാരണ ജനുവരി പകുതിക്ക് മുമ്പ് തുലാവർഷം വിടവാങ്ങാറുണ്ട്.

തുലാവർഷം വിടവാങ്ങൽ ഉടൻ

തുലാവർഷം കേരളം ഉൾപ്പെടെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഈ മാസം 24ന് (വെള്ളി) പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department – IMD) അറിയിച്ചു. 2024 ഒക്ടോബർ 15നാണ് തുലാവർഷം എത്തിയതായി സ്ഥിരീകരിച്ചത്. എന്നാൽ ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ പെയ്യുന്ന മഴയാണ് ഔദ്യോഗികമായി തുലാവർഷത്തിന്റെ കണക്കിൽ ഉൾപ്പെടുത്തുക.

കഴിഞ്ഞ വർഷം നേരത്തെ വിടവാങ്ങി

2024 ൽ തുലാവർഷം ജനുവരി പകുതിക്ക് മുമ്പ് തന്നെ വിടവാങ്ങിയിരുന്നു. 2023 ഒക്ടോബർ രണ്ടാം വരത്തിലാണ് തുലാവർഷം എത്തിയത്. 2024 ജനുവരി 14ന് തുലാവർഷം വിടവാങ്ങി. 2022 ജനുവരി 12 നും തുലാവർഷം വിടവാങ്ങിയിരുന്നു. എന്നാൽ 2021 ൽ ഏറെ വൈകിയാണ് തുലാമഴ കേരളത്തിൽ നിന്ന് വിട പറഞ്ഞത്. ആ വർഷം ജനുവരി 22 നാണ് വടക്കു കിഴക്കൻ മൺസൂൺ അവസാനിച്ചത്. എന്നാൽ ഇത്തവണ രണ്ടുദിവസം കൂടി വൈകിയാണ് തുലാമഴ അവസാനിക്കുന്നത്.

വിടവാങ്ങൽ വൈകാൻ കാരണം

കടൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട El Niño Southern Oscillation (Enso), Madden Julian Oscillation – MJO തുടങ്ങിയവയാണ് ഇത്തവണ തുലാവർഷം വിടവാങ്ങുന്നത് വൈകാൻ കാരണം. കഴിഞ്ഞ ആഴ്ചകളിൽ ലാ നീന പ്രതിഭാസം പസഫിക് സമുദ്രത്തിൽ രൂപപ്പെട്ടതും തുലാമഴയെ ശക്തിപ്പെടുത്തി. ഇപ്പോൾ എം.ജെ.ഒ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഉള്ളത്. ഇതു കാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ കുറച്ചു മഴ ലഭിച്ചത്.

MJO സ്വാധീനം 10 ദിവസം കൂടി, വീണ്ടും മഴ സാധ്യത

എം.ജെ.ഒ കിഴക്കോട്ട് സഞ്ചരിക്കുന്ന കാറ്റിൻ്റെ ആന്ദോളനമാണ്. അടുത്ത പത്ത് ദിവസം കൂടി MJO സ്വാധീനം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രത്യേകിച്ച് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകും. അതിനാൽ തന്നെ ഈ മാസം അവസാനം വീണ്ടും തമിഴ്നാട്ടിലും കേരളത്തിലും മഴ സാധ്യതയുണ്ട്.

തമിഴ്നാട്ടിൽ കൂടുതൽ മഴ

സാധാരണ തുലാവർഷം ഏറ്റവും കൂടുതൽ മഴ നൽകുന്നത് തമിഴ്നാട്ടിലാണ്. തമിഴ്നാട്ടുകാരുടെ പ്രധാന മൺസൂൺ സീസൺ ആണ് നമ്മുടെ തുലാവർഷം. ഇത്തവണയും മുകളിൽ പറഞ്ഞ കാരണങ്ങളാൽ തമിഴ്നാട്ടിൽ മഴ കുറഞ്ഞില്ല. 2025 ജനുവരിയിൽ ചെന്നൈ നഗരത്തിൽ 16.2 എം.എം മഴ ലഭിച്ചു. നുങ്കമ്പാക്കത്ത് 46 എം.എം, മീനമ്പാക്കത്ത് 65.2 എം.എം മഴ ഈ തുലാവർഷ സീസണിൽ ഇതുവരെ ലഭിച്ചു.

ജനുവരി ഒന്നിനും ഇരുപതിനും ഇടയ്ക്ക് ഉള്ള കണക്കനുസരിച്ച് 127 ശതമാനം മഴ കൂടുതലാണ് ചെന്നൈയിൽ ലഭിച്ചത്. തമിഴ്നാട്ടിൽ സംസ്ഥാന ശരാശരി പ്രകാരം തുലാവർഷകാലത്ത് ലഭിക്കേണ്ടത് 10.3 എം.എം മഴയാണ്. എന്നാൽ ഇത്തവണ 23.4 എം.എം മഴ ലഭിച്ചു. തുലാവർഷം വിടവാങ്ങുന്ന 24 വരെ തമിഴ്നാട്ടിൽ തീരദേശത്ത് ചാറ്റൽ മഴ തുടരും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020