weather updates 07/12/24: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി (Low Pressure Area) ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തുടർന്ന് ഡിസംബർ പതിനൊന്നോടെ (11/12/2024) തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 11 ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതായും ഇത് ന്യൂനമര്‍ദമാകുമെന്നും ഡിസംബർ 5ന് മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഇന്നലെയാണ് കാലാവസ്ഥാ വകുപ്പും ന്യൂനമര്‍ദ സാധ്യത സ്ഥിരീകരിക്കുന്നത്.
ശ്രീലങ്ക വരെ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന് മുന്നോടിയായി രൂപപ്പെട്ട ന്യൂനമര്‍ദം സഞ്ചരിച്ച അതേ പാതയില്‍ പുതിയ ന്യൂനമര്‍ദവും സഞ്ചരിക്കുമെന്നാണ് മെറ്റ്ബീറ്റ് പ്രവചനം. കഴിഞ്ഞ ആഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പുതുച്ചേരിക്ക് സമീപം ഫിന്‍ജാല്‍ ചുഴലിക്കാറ്റാകുകയും തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തീവ്രമഴ നല്‍കുകയും ചെയ്തിരുന്നു. മഴയെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും വെള്ളക്കെട്ടുകള്‍ തുടരുന്നതിനിടെയാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത് .
കേരളത്തിലും ഫിന്‍ജാന്‍ തീവ്ര മഴ നല്‍കിയിരുന്നു. പുതിയ ന്യൂനമര്‍ദം കേരളത്തില്‍ 16 മുതല്‍ മഴ നല്‍കുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നത്. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന വിവരം അനുസരിച്ച് ഡിസംബര്‍ 9 ഓടെ ശ്രീലങ്കക്ക് സമീപം ന്യൂനമര്‍ദമെത്തും. ഡിസംബര്‍ 12 ന് തമിഴ്‌നാട് തീരത്തും ന്യൂനമര്‍ദം എത്തും. ശ്രീലങ്കയിലും തമിഴ്‌നാട്ടിലും ന്യൂനമര്‍ദം കനത്ത മഴ നല്‍കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം.
ഡിസംബര്‍ 12 നും 13 നും കാലാവസ്ഥാ വകുപ്പും തമിഴ്‌നാട്ടില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിന്‍ജാല്‍ കനത്ത മഴ നല്‍കിയ മയിലാടു തുറൈ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, രാമനാഥപുരം ജില്ലകളില്‍ ഡിസംബര്‍ 11 ന് കനത്ത മഴക്കും ചെങ്കല്‍പേട്ട്, വിഴുപുറം, കടലൂര്‍ ജില്ലകളിലും പുതുച്ചേരിയിലും ഡിസംബര്‍ 12 നുമാണ് കനത്ത മഴ സാധ്യത.